പക്ഷിപ്പനി ആദ്യമായി വിക്ടോറിയയിലും; പോർട്ട്‌ലാൻഡിൽ വൈറസ് സ്ഥിരീകരിച്ചു

സംസ്ഥാനത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലെ പോർട്ട്‌ലാൻഡിൽ കണ്ടെത്തിയ ഗ്രേറ്റർ ക്രെസ്റ്റഡ് ടെൺ എന്ന കടൽപ്പക്ഷിയിലാണ് H5 പക്ഷിപ്പനി കണ്ടെത്തിയത്.
പക്ഷിപ്പനി ആദ്യമായി വിക്ടോറിയയിലും
(Neil Bowman)
Published on

മെൽബൺ: മാരകമായ H5 പക്ഷിപ്പനി വൈറസ് ആദ്യമായി വിക്ടോറിയയിലും കണ്ടെത്തി. വെസ്റ്റേൺ ഓസ്ട്രേലിയയിൽ കഴിഞ്ഞ മാസം രോഗബാധിതമായ ദേശാടന കടൽപ്പക്ഷിയിൽ വൈറസ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് വിവിധ സംസ്ഥാനങ്ങളിലേക്ക് വൈറസ് വ്യാപിക്കുന്നതിനിടെ വിക്ടോറിയയിലും കേസ് റിപ്പോർട്ട് ചെയ്യുന്നത്. സംസ്ഥാനത്തിന്റെ തെക്കുപടിഞ്ഞാറൻ മേഖലയിലെ പോർട്ട്‌ലാൻഡിൽ കണ്ടെത്തിയ ഗ്രേറ്റർ ക്രെസ്റ്റഡ് ടെൺ എന്ന കടൽപ്പക്ഷിയിലാണ് H5 പക്ഷിപ്പനി കണ്ടെത്തിയത്. ഫലം സ്ഥിരീകരിക്കുന്നതിനായി ജീലോങ്ങിലെ CSIROയുടെ Australian Centre for Disease Preparedness-ൽ ജനിതക പരിശോധന നടത്തിവരികയാണ്. ചൊവ്വാഴ്ച അസുഖബാധിതമായ പക്ഷിയെ ശ്രദ്ധയിൽപ്പെട്ട ഒരു പൊതുജനമാണ് അധികൃതരെ വിവരം അറിയിച്ചത്. തുടർന്ന് Wildlife Victoria പക്ഷിയെ നിരീക്ഷിക്കുകയും Agriculture Victoria അധികൃതർ സ്ഥലത്തെത്തി പക്ഷിയെ നിയന്ത്രണത്തിലാക്കി പരിശോധന നടത്തുകയും ചെയ്തു. പിന്നാലെയാണ് H5 പക്ഷിപ്പനി സ്ഥിരീകരിച്ചത്.

വിക്ടോറിയയിൽ H5 പക്ഷിപ്പനി കണ്ടെത്തിയത് ഏറെ ആശങ്കാജനകമാണെന്ന് Wildlife Victoria വക്താവ് പറഞ്ഞു. സംസ്ഥാനത്തെ അടിയന്തര പ്രതികരണ സേവനം, വെറ്ററിനറി ജീവനക്കാർ, സന്നദ്ധപ്രവർത്തകർ എന്നിവരിൽ ഇതിന്റെ പ്രത്യാഘാതം മനസ്സിലാക്കാൻ ബന്ധപ്പെട്ട വകുപ്പുകളുമായി ചേർന്ന് പ്രവർത്തിക്കുകയാണെന്നും അവർ വ്യക്തമാക്കി. എന്നാൽ വൈറസ് കണ്ടെത്തിയത് കാട്ടുപക്ഷിയിലായതിനാൽ നിലവിൽ വാണിജ്യാടിസ്ഥാനത്തിലുള്ള കോഴിവളർത്തൽ കേന്ദ്രങ്ങളെ ബാധിച്ചിട്ടില്ലെന്ന് Victorian Farmers Federation പ്രസിഡന്റ് റയാൻ മിൽഗേറ്റ് പറഞ്ഞു. ഇത്തരം സാഹചര്യം പ്രതീക്ഷിച്ചിരുന്നതായും കഴിഞ്ഞ ഏതാനും മാസങ്ങളായി കാർഷിക മേഖല വലിയ തോതിൽ മുന്നൊരുക്കങ്ങൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.

അതേസമയം, സൗത്ത് ഓസ്ട്രേലിയയിൽ പക്ഷികൾക്കിടയിൽ H5 പക്ഷിപ്പനി പകരുന്നതായി കരുതുന്നത് ആശങ്ക വർധിപ്പിച്ചിട്ടുണ്ട്. സംസ്ഥാനത്ത് ഗ്രേറ്റർ ക്രെസ്റ്റഡ് ടെണുകളിൽ H5 വൈറസിന്റെ 11 സംശയാസ്പദ കേസുകൾ കണ്ടെത്തിയതായി പ്രൈമറി ഇൻഡസ്ട്രീസ് മന്ത്രി ക്ലെയർ സ്‌ക്രിവൻ അറിയിച്ചു. ഇവയിൽ ഏഴ് കേസുകൾ സൗത്ത് ഓസ്ട്രേലിയയുടെ തെക്കുകിഴക്കൻ മേഖലയിലും നാല് കേസുകൾ കംഗാരു ദ്വീപിലുമാണ് കണ്ടെത്തിയത്. ജനങ്ങൾ ചത്തതോ അസുഖബാധിതമായതോ ആയ പക്ഷികളെ കണ്ടാൽ അധികൃതരെ അറിയിക്കണമെന്നും ചത്ത പക്ഷികളെ നേരിട്ട് സ്പർശിക്കരുതെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

വൈറസ് ബാധയെ തുടർന്ന് വംശനാശ ഭീഷണി നേരിടുന്ന കടൽസിംഹങ്ങളുടെ കോളനിക്കും ഭീഷണിയുണ്ടാകുമെന്ന ആശങ്ക ഉയർന്നിട്ടുണ്ട്. വിക്ടോറിയയിലെ പുതിയ കണ്ടെത്തലിന് മുമ്പ് ഓസ്ട്രേലിയയിൽ 27 H5 പക്ഷിപ്പനി കേസുകൾ സ്ഥിരീകരിച്ചിരുന്നു. സൗത്ത് ഓസ്ട്രേലിയയിൽ 14, വെസ്റ്റേൺ ഓസ്ട്രേലിയയിൽ 10, ന്യൂ സൗത്ത് വെയിൽസിൽ രണ്ട്, ക്വീൻസ്ലാൻഡിൽ ഒന്ന് എന്നിങ്ങനെയാണ് കേസുകൾ റിപ്പോർട്ട് ചെയ്തിരുന്നത്.

Metro Australia
maustralia.com.au