

മെൽബൺ: ഓസ്‌ട്രേലിയയിലെ മെൽബണിലുള്ള പ്രമുഖ ഐജിഎ ലിക്വർ സ്റ്റോറിൽ വിറ്റ വോഡ്കയിൽ പെയിന്റ് സ്ട്രിപ്പറുകളിലും വ്യാവസായിക ക്ലീനറുകളിലും ഉപയോഗിക്കുന്ന മാരകമായ കെമിക്കൽ കണ്ടെത്തി. പ്രശസ്ത മാധ്യമമായ '7.30' നടത്തിയ സ്വതന്ത്ര ലാബ് പരിശോധനയിലാണ് 'ഡേർട്ടി ജോർജ്ജ്' (Dirty George) എന്ന ബ്രാൻഡ് വോഡ്കയിൽ 'ടേർട്ട്-ബ്യൂട്ടൈൽ ആൽക്കഹോൾ' (tert-butyl alcohol) എന്ന പെട്രോകെമിക്കലിന്റെ സാന്നിധ്യം കണ്ടെത്തിയത്. ഒരു ലിറ്ററിന് 500 മില്ലിഗ്രാം എന്ന തോതിലാണ് ഈ മാരക രാസവസ്തു അടങ്ങിയിരിക്കുന്നത്. മനുഷ്യൻ കഴിക്കാൻ പാടില്ലാത്ത വ്യാവസായിക ആൽക്കഹോൾ റീപാക്ക് ചെയ്ത് വിപണിയിലെത്തിച്ചതാകാം ഇതെന്നാണ് വിലയിരുത്തൽ. ഇതിന് പുറമെ കടുത്ത ദഹനസംബന്ധമായ പ്രശ്നങ്ങളും വയറിളക്കവും ഉണ്ടാക്കുന്ന ഗ്ലിസറിൻ മൂന്ന് ശതമാനത്തോളം ഇതിൽ മധുരത്തിനായി ചേർത്തിട്ടുണ്ടെന്നും ലീഡർ അനലിറ്റിക്കൽ ലബോറട്ടറി വ്യക്തമാക്കുന്നു.
ലഹരിമുക്തി വിദഗ്ദ്ധനായ ഡോ. എറിക് ഹാഡിനാറ്റയുടെ അഭിപ്രായത്തിൽ, മൃഗങ്ങളിൽ നടത്തിയ പഠനങ്ങളിൽ ഈ കെമിക്കൽ ഉയർന്ന അളവിൽ ഉള്ളിൽച്ചെന്നാൽ വൃക്ക, മൂത്രാശയം, തൈറോയ്ഡ് ക്യാൻസറുകൾക്ക് കാരണമാകുന്നതായും മരണത്തിലേക്ക് വരെ നയിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്. ഓസ്‌ട്രേലിയയിൽ മദ്യത്തിന് ഉയർന്ന നികുതിയുള്ളതിനാൽ 700 മില്ലി ലിറ്റർ വോഡ്ക കുപ്പിക്ക് കുറഞ്ഞത് 30 ഡോളറോളം നികുതി വരും. അതുകൊണ്ട് തന്നെ വിലകുറച്ച് (ഉദാഹരണത്തിന് ഒരു ലിറ്ററിന് 59 ഡോളർ) വിൽക്കുന്ന വോഡ്കകൾ നികുതി വെട്ടിച്ചെത്തുന്ന വ്യാജമദ്യമാകാൻ വലിയ സാധ്യതയുണ്ടെന്ന് നാഷണൽ ഡ്രഗ് ആൻഡ് ആൽക്കഹോൾ റിസർച്ച് സെന്ററിലെ ഡോ. മിഖാല കോവാൽസ്കി മുന്നറിയിപ്പ് നൽകുന്നു. ഇവർ നടത്തിയ പരിശോധനയിൽ കിഴക്കൻ ഓസ്‌ട്രേലിയയിലെ 30 ശതമാനം മദ്യശാലകളിലും ഇത്തരം വ്യാജ ഉൽപ്പന്നങ്ങൾ വിൽക്കുന്നതായി കണ്ടെത്തിയിട്ടുണ്ട്. അതേസമയം, തങ്ങളുടെ ബ്രാൻഡ് വ്യാജമായി നിർമ്മിച്ച് ആരോ വിപണിയിലിറക്കിയതാണെന്നാണ് ഡേർട്ടി ജോർജ്ജ് വോഡ്കയുടെ നിർമ്മാതാക്കളായ ടുസ്കാനി ബിവറേജസ് ഡയറക്ടർ സ്റ്റീവ് ജെയിംസ് ആരോപിക്കുന്നത്. സംഭവത്തിൽ പുതുതായി രൂപീകരിച്ച 'സേഫ് ഫുഡ് വിക്ടോറിയ' ഉൾപ്പെടെയുള്ള സർക്കാർ ഏജൻസികൾ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.