മെൽബൺ വിമാനത്താവളത്തിൽ ക്ലേശം; മിഡിൽ ഈസ്റ്റ് സർവീസുകൾ കുറഞ്ഞതോടെ യാത്രക്കാരിൽ 7.1% ഇടിവ്

ആഭ്യന്തര യാത്രികരുടെ എണ്ണത്തിലും 1.4 ശതമാനത്തിന്റെ കുറവുണ്ടായതോടെ മൊത്തം യാത്രക്കാരുടെ എണ്ണം 3.3 ശതമാനം ഇടിഞ്ഞ് മൂന്ന് മില്യണിലെത്തി.
Flights
മെൽബൺ വിമാനത്താവളത്തിൽ യാത്രാക്ലേശം;Johnny Williams/ Unsplash
Published on

മെൽബൺ: തൊട്ടുമുൻപത്തെ മാർച്ചിൽ എക്കാലത്തെയും റെക്കോർഡ് നേട്ടം കൈവരിച്ച മെൽബൺ എയർപോർട്ടിന് ഏപ്രിൽ മാസത്തിൽ വലിയ തിരിച്ചടി. മിഡിൽ ഈസ്റ്റിൽ നിന്നുള്ള വിമാന സർവീസുകളുടെ സീറ്റ് ശേഷിയിൽ (Seat Capacity) 67.6 ശതമാനത്തിന്റെ വൻ കുറവുണ്ടായതിനെത്തുടർന്ന് ഏപ്രിലിലെ അന്താരാഷ്ട്ര യാത്രികരുടെ എണ്ണം 7.1 ശതമാനം ഇടിഞ്ഞു. കഴിഞ്ഞ വർഷം ഏപ്രിലിൽ 1.026 മില്യൺ രാജ്യാന്തര യാത്രക്കാർ ഈ വിമാനത്താവളം ഉപയോഗിച്ചിരുന്നെങ്കിൽ ഇത്തവണ അത് 9,53,595 ആയി കുറഞ്ഞു. ഇതിനൊപ്പം ആഭ്യന്തര യാത്രികരുടെ എണ്ണത്തിലും 1.4 ശതമാനത്തിന്റെ കുറവുണ്ടായതോടെ മൊത്തം യാത്രക്കാരുടെ എണ്ണം 3.3 ശതമാനം ഇടിഞ്ഞ് മൂന്ന് മില്യണിലെത്തി.

മിഡിൽ ഈസ്റ്റിലുണ്ടായ സംഘർഷങ്ങളും ആഗോള അനിശ്ചിതത്വങ്ങളുമാണ് സർവീസുകൾ വെട്ടിക്കുറയ്ക്കാൻ വിമാനക്കമ്പനികളെ പ്രേരിപ്പിച്ചത്. എന്നാൽ ഈ പ്രതിസന്ധി വരും മാസങ്ങളിൽ പരിഹരിക്കപ്പെടുമെന്ന് മെൽബൺ എയർപോർട്ട് സി.ഇ.ഒ ലോറി ആർഗസ് (Lorie Argus) പ്രത്യാശ പ്രകടിപ്പിച്ചു. എമിറേറ്റ്സ് നിലവിൽ ദുബായിലേക്ക് ദിവസേന രണ്ട് സർവീസുകൾ നടത്തുന്നുണ്ട്. ജൂൺ മുതൽ ഖത്തർ എയർവേസ് ദോഹയിലേക്കുള്ള സർവീസുകൾ ഇരട്ടിയാക്കുന്നതോടെ മിഡിൽ ഈസ്റ്റ് ഹബ്ബുകൾ വഴിയുള്ള യാത്ര കൂടുതൽ സുഗമമാകും. നിലവിലെ പ്രതിസന്ധിക്കിടയിലും സൌത്ത് ഈസ്റ്റ് ഏഷ്യൻ രാജ്യങ്ങൾ, ചൈന, വടക്കേ അമേരിക്ക എന്നിവിടങ്ങളിൽ നിന്നുള്ള യാത്രക്കാരുടെ എണ്ണത്തിൽ വർദ്ധനവുണ്ടായിട്ടുണ്ട്.

യാത്രക്കാരുടെ എണ്ണം വർദ്ധിക്കുന്നതിനനുസരിച്ച് വിമാനത്താവളത്തിലെ ഇമിഗ്രേഷൻ, ബോർഡർ പ്രൊസസിംഗ് സംവിധാനങ്ങൾ നവീകരിക്കാൻ ഫെഡറൽ സർക്കാർ തയ്യാറാകണമെന്ന് ലോറി ആർഗസ് ആവശ്യപ്പെട്ടു. കഴിഞ്ഞ 10 വർഷത്തിനിടയിൽ രാജ്യാന്തര യാത്രക്കാരുടെ എണ്ണം ഇരട്ടിയായെങ്കിലും ബോർഡർ ഫോഴ്സ് കിഓസ്കുകളുടെ എണ്ണം പഴയപടി തന്നെയാണ്. ഇത് യാത്രക്കാർക്ക് വലിയ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. എയർപോർട്ട് നവീകരണത്തിനായി 7.5 ബില്യൺ ഡോളറിന്റെ സ്വകാര്യ നിക്ഷേപത്തിലൂടെ മൂന്നാമതൊരു റൺവേയും പുതിയ അന്താരാഷ്ട്ര ടെർമിനലും അത്യാധുനിക ബാഗേജ് സംവിധാനവും ഈ വർഷം അവസാനത്തോടെ സജ്ജമാക്കുമെന്നും അധികൃതർ അറിയിച്ചു.

Metro Australia
maustralia.com.au