വിക്ടോറിയൻ എംപിയെ കാറിടിച്ച് അപായപ്പെടുത്തിയ കേസ്: പ്രതിയെ തിരിച്ചറിഞ്ഞു

ഗുരുതരമായി പരിക്കേറ്റ ഹെയ്‌ൻസിന് രാത്രി ശസ്ത്രക്രിയ നടത്തി. നിലവിൽ മെൽബണിലെ ആശുപത്രിയിൽ ചികിത്സയിലാണ്.
വിക്ടോറിയൻ എംപിയെ കാറിടിച്ച് അപായപ്പെടുത്തി: പ്രതിയെ തിരിച്ചറിഞ്ഞു
Helen Haines (Alex Ellinghausen)
Published on: 

വിക്ടോറിയൻ എംപി ഹെലൻ ഹെയ്‌ൻസിനെ കാറിടിച്ച് അപായപ്പെടുത്തിയ സംഭവത്തിലെ പ്രതി, ബ്രെൻഡൻ ന്യൂജന്റ് (43) എന്ന് തിരിച്ചറിഞ്ഞു. തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് വടക്കുകിഴക്കൻ വിക്ടോറിയയിലെ വാംഗരട്ടയിലുള്ള എംപിയുടെ മണ്ഡലം ഓഫീസിന് പുറത്താണ് സംഭവം. സംഭവത്തിൽ ഗുരുതരമായി പരിക്കേറ്റ ഹെയ്‌ൻസ് ആശുപത്രിയിൽ ചികിത്സയിലാണ്. പ്രതി പൊലീസ് കസ്റ്റഡിയിൽ തുടരുകയാണ്. ഇയാൾക്കെതിരെ ഇതുവരെ കുറ്റം ചുമത്തിയിട്ടില്ല.

ന്യൂജന്റിന്റെ സമൂഹമാധ്യമ അക്കൗണ്ടുകൾ പരിശോധിച്ചതിൽ കാലാവസ്ഥാ വ്യതിയാനം, പരിസ്ഥിതി സംരക്ഷണം തുടങ്ങിയ വിഷയങ്ങളിലുള്ള താൽപര്യം വ്യക്തമായതായി റിപ്പോർട്ടുകൾ പറയുന്നു. ഇസ്രയേൽ, കാലാവസ്ഥാ വ്യതിയാനം, ജെഫ്രി എപ്‌സ്റ്റീൻ തുടങ്ങിയ വിഷയങ്ങളെക്കുറിച്ചുള്ള പോസ്റ്റുകൾ ഇയാളുടെ പേരിലുള്ള സജീവ എക്സ് അക്കൗണ്ടിലുണ്ട്.

ആക്രമണം നടന്നതിന് തൊട്ടുമുമ്പുള്ള ദിവസം വരെ ഇയാൾ സമൂഹമാധ്യമങ്ങളിൽ സജീവമായിരുന്നുവെന്നാണ് വിവരം. പ്രധാനമന്ത്രി ആന്തണി ആൽബനീസും വിദേശകാര്യ മന്ത്രി പെന്നി വോങ്ങും എക്സിൽ പങ്കുവച്ച പ്രസ്താവനയ്ക്ക് മറുപടിയായി ഇരുവരെയും “അമേരിക്കയുടെ വളർത്തുനായ്ക്കൾ” എന്ന് വിശേഷിപ്പിക്കുന്ന പോസ്റ്റും അക്കൗണ്ടിലുണ്ട്. ഇസ്രയേലിന്റെ ആക്രമണങ്ങളെക്കുറിച്ച് മുന്നറിയിപ്പ് നൽകിയിരുന്നെങ്കിൽ ലോകം ഇന്നത്തെ അവസ്ഥയിലെത്തില്ലായിരുന്നുവെന്നും പോസ്റ്റിൽ പറയുന്നു. മെൽബൺ സർവകലാശാലയിൽ പഠിച്ച ന്യൂജന്റിന് ഫോറസ്റ്റ് ഇക്കോസിസ്റ്റം സയൻസിൽ ബിരുദാനന്തര ബിരുദമുണ്ട്. സ്ട്രാത്ത്ബോഗി സ്റ്റേറ്റ് ഫോറസ്റ്റിലെ വ്യാവസായിക മരംമുറിക്കലിനെതിരെ പ്രവർത്തിക്കുന്ന വിക്ടോറിയയിലെ പരിസ്ഥിതി കൂട്ടായ്മയായ സേവ് ഔർ സ്ട്രാത്ത്ബോഗി ഫോറസ്റ്റിന്റെ കമ്മിറ്റി അംഗവുമാണ് ഇയാൾ. കസ്റ്റഡിയിൽ രാത്രി ചെലവഴിച്ച ന്യൂജന്റിനെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. ഇയാൾക്ക് മാനസികാരോഗ്യ പരിശോധനയും നടത്തും. സമീപത്തെ ടാറവിഞ്ചി പട്ടണത്തിൽ നിന്നുള്ളയാളാണ് പ്രതിയെന്ന് പൊലീസ് നേരത്തേ സ്ഥിരീകരിച്ചിരുന്നു. 416 പേർ മാത്രം താമസിക്കുന്ന ചെറിയ പട്ടണമാണിത്. ചൊവ്വാഴ്ച ടാറവിഞ്ചിയിലെ ഒരു വീടിന് പുറത്ത് പൊലീസ് ഉദ്യോഗസ്ഥരെ കണ്ടതായും റിപ്പോർട്ടുണ്ട്.

വിക്ടോറിയൻ എംപിയെ കാറിടിച്ച് അപായപ്പെടുത്തി: പ്രതിയെ തിരിച്ചറിഞ്ഞു
(Wangaratta Chronicle/ Bailey Zimmermann.)

സംഭവം നടന്നത് ഇങ്ങനെ

ഇന്ത്യെ ഫെഡറൽ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന 65-കാരിയായ ഹെലൻ ഹെയ്‌ൻസിനെ തിങ്കളാഴ്ച വൈകിട്ട് 3.35ഓടെയാണ് വാംഗരട്ടയിലെ ഓഫീസിന് പുറത്ത് കാറിടിച്ചത്. കാറിൽനിന്ന് സാധനങ്ങൾ എടുക്കുന്നതിനിടെയാണ് അപകടമുണ്ടായതെന്നാണ് വിവരം. ഗുരുതരമായി പരിക്കേറ്റ ഹെയ്‌ൻസിനെ മെൽബണിലെ ആൽഫ്രഡ് ആശുപത്രിയിലേക്ക് വിമാനമാർഗം എത്തിച്ചിരുന്നു. ഹെയ്‌ൻസിന് രാത്രി ശസ്ത്രക്രിയ നടത്തി. ശസ്ത്രക്രിയ വിജയകരമായി പൂർത്തിയായെങ്കിലും ഇവരുടെ നില ഇപ്പോഴും ഗുരുതരമാണ്. ചൊവ്വാഴ്ച ഹെയ്‌ൻസിന്റെ ഒരു കാൽ നഷ്ടപ്പെട്ടതായി 9ന്യൂസ് റിപ്പോർട്ട് ചെയ്തു. നിലവിൽ മെൽബണിലെ ആശുപത്രിയിൽ ചികിത്സയിലാണ്.

കാർ ഹെയ്‌ൻസിനെ കുറഞ്ഞത് നാല് തവണ ഇടിച്ചതായി സംഭവത്തിന് സാക്ഷിയായ ഒരാൾ പറഞ്ഞു. ആദ്യ ഇടിക്കുശേഷവും ഡ്രൈവർ വീണ്ടും കാറിടിച്ചെന്ന് ആഭ്യന്തരകാര്യ മന്ത്രി ടോണി ബർക്ക് നേരത്തേ വ്യക്തമാക്കിയിരുന്നു.

സംഭവത്തിനുശേഷം വാഹനത്തിൽനിന്ന് ഇറങ്ങി രക്ഷപ്പെടാൻ ശ്രമിച്ച പ്രതിയെ ഒരു ബാർബർ തടഞ്ഞുവയ്ക്കുകയായിരുന്നു. പൗരന്റെ ഇടപെടലിലൂടെ നടന്ന ഈ അറസ്റ്റ് ശ്രദ്ധേയമായി. പ്രതിയെ തടയാൻ ഇടപെട്ട നാട്ടുകാരെയും രക്ഷാപ്രവർത്തകരെയും വിക്ടോറിയ പൊലീസ് ചീഫ് കമ്മീഷണർ മൈക്ക് ബുഷ് അഭിനന്ദിച്ചു. ആക്രമണത്തിന് മുമ്പ് ന്യൂജന്റിനെക്കുറിച്ച് പൊലീസിന് മുന്നറിയിപ്പ് നൽകുന്ന തരത്തിലുള്ള സമീപകാല രഹസ്യവിവരങ്ങളൊന്നും ലഭിച്ചിരുന്നില്ലെന്ന് ആക്ടിങ് സൂപ്രണ്ട് ആഷ്‌ലി മേസൺ പറഞ്ഞു. ആക്രമണത്തിന് പിന്നിലെ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം തുടരുകയാണ്. രാഷ്ട്രീയപ്രേരിതമായ ആക്രമണമാണോയെന്നും പരിശോധിക്കുന്നുണ്ട്.

വിക്ടോറിയൻ എംപിയെ കാറിടിച്ച് അപായപ്പെടുത്തി: പ്രതിയെ തിരിച്ചറിഞ്ഞു
(Today)

രാഷ്ട്രീയ വിദ്വേഷവും അക്രമവും സംബന്ധിച്ച് ആശങ്ക

ആക്രമണത്തിനുശേഷം ഓസ്‌ട്രേലിയൻ സുരക്ഷാ രഹസ്യാന്വേഷണ സംഘടനയായ എഎസ്ഐഒയുടെ ഡയറക്ടർ ജനറൽ മൈക്ക് ബർഗസ് പ്രസ്താവന പുറത്തിറക്കി. സമൂഹത്തിൽ വർധിച്ചുവരുന്ന അതൃപ്തിയും അസഹിഷ്ണുതയും ധ്രുവീകരണവും അക്രമത്തിന് അനുകൂലമായ സാഹചര്യം സൃഷ്ടിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു. “വാക്കുകൾക്ക് പ്രാധാന്യമുണ്ട്” എന്ന് ചൂണ്ടിക്കാട്ടിയ ബർഗസ്, പ്രകോപനപരമായ ഭാഷയും അക്രമപ്രവർത്തനങ്ങളും തമ്മിൽ ബന്ധമുണ്ടെന്ന് എഎസ്ഐഒ നിരീക്ഷിച്ചിട്ടുണ്ടെന്നും വ്യക്തമാക്കി. മുൻവർഷങ്ങളെ അപേക്ഷിച്ച് രാഷ്ട്രീയപ്രേരിത അക്രമത്തിനുള്ള സാധ്യത കൂടുതലുള്ള സാഹചര്യത്തിലാണ് ഈ സംഭവം നടന്നതെന്നും അദ്ദേഹം പറഞ്ഞു. “മര്യാദയോടെ സംസാരിക്കാനും പരസ്പര ബഹുമാനത്തോടെ സംവദിക്കാനും വിയോജിപ്പുകൾ നിയന്ത്രണത്തോടെ പ്രകടിപ്പിക്കാനും നാം വീണ്ടും പ്രതിജ്ഞാബദ്ധരായാൽ രാജ്യത്തെ സുരക്ഷാ സാഹചര്യം കൂടുതൽ മെച്ചപ്പെടുമെന്ന് ഞാൻ ആത്മാർഥമായി വിശ്വസിക്കുന്നു,” ബർഗസ് പറഞ്ഞു.

Metro Australia
maustralia.com.au