

ഓസ്ട്രേലിയൻ റിയാലിറ്റി ഷോയായ 'ലവ് ഐലൻഡ് ഓസ്ട്രേലിയ'യിലൂടെ ശ്രദ്ധേയനായ ട്രെന്റ് വൂൾമാൻ തീപിടിത്തത്തിൽ ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിൽ. ആശുപത്രിയിൽ കഴിയുന്ന തന്റെ ആദ്യ ചിത്രങ്ങൾ സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ച 28കാരൻ കുടുംബത്തിനും സുഹൃത്തുക്കൾക്കും ചികിത്സാ സംഘത്തിനും നന്ദി അറിയിച്ചു. വിക്ടോറിയയിലെ മെൽബണിലുള്ള ആൽഫ്രഡ് ആശുപത്രിയിലാണ് വൂൾമാൻ ചികിത്സയിൽ കഴിയുന്നത്. സഹോദരിയുടെ ഗ്രാമപ്രദേശത്തുള്ള വസ്തുവിലെ തീക്കൂനയിലേക്ക് വീണതിനെത്തുടർന്നാണ് അപകടമുണ്ടായത്. കൈകൾ, വായ, ശ്വാസനാളം എന്നിവിടങ്ങളിൽ ഗുരുതരമായി പൊള്ളലേറ്റ താരത്തിന് മസ്തിഷ്കത്തിൽ രക്തസ്രാവവും കണ്ടെത്തിയിരുന്നു. പൊള്ളലേറ്റ ഭാഗങ്ങളിൽ ത്വക്ക് മാറ്റിവയ്ക്കൽ ശസ്ത്രക്രിയയും നടത്തി.
ജീവിതത്തിൽ ചില സമയങ്ങൾ ഏറെ ബുദ്ധിമുട്ടേറിയതാണെങ്കിലും അത്ഭുതകരമായ കുടുംബത്തെയും സുഹൃത്തുക്കളെയും ഒപ്പം ലഭിച്ചതിൽ താൻ ഭാഗ്യവാനാണെന്ന് വൂൾമാൻ ഇൻസ്റ്റഗ്രാമിൽ കുറിച്ചു. ആൽഫ്രഡ് ആശുപത്രിയിലെ നഴ്സുമാർ, സർജന്മാർ, ആംബുലൻസ് ജീവനക്കാർ തുടങ്ങി സഹായിച്ച എല്ലാവർക്കും അദ്ദേഹം നന്ദി അറിയിച്ചു. ചികിത്സയ്ക്കിടെ അമ്മയും സുഹൃത്ത് സാക് നൺസും നൽകിയ പരിചരണത്തെക്കുറിച്ച് തമാശരൂപേണയും കുറിപ്പിൽ പരാമർശിച്ചു.
മെൽബണിന് പടിഞ്ഞാറുള്ള ഇൻവർലെയിൽ സഹോദരിയുടെ വസ്തുവിലെ ശുചീകരണ ജോലികൾക്കിടെയായിരുന്നു അപകടം. ഒരു പാടത്ത് തനിച്ച് ജോലി ചെയ്യുന്നതിനിടെ തീക്കൂനയിലേക്ക് വീണതായും അപകടസമയത്ത് മദ്യപിച്ചിരുന്നില്ലെന്നും അദ്ദേഹം ഡെയിലി മെയിലിനോട് പറഞ്ഞിരുന്നു. തീയിൽനിന്ന് പുറത്തുകടന്ന് ഇഴഞ്ഞാണ് വീട്ടിലേക്ക് എത്തിയതെന്നും തുടർന്ന് സഹോദരി ആംബുലൻസിനെ വിളിക്കുകയായിരുന്നെന്നും റിപ്പോർട്ടിൽ പറയുന്നു. പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി അദ്ദേഹത്തെ വിമാനമാർഗം മെൽബണിലെ ആശുപത്രിയിലെത്തിച്ചു. ആശുപത്രിയിലെത്തിച്ചപ്പോഴാണ് മസ്തിഷ്കത്തിൽ രക്തസ്രാവവും സിസ്റ്റും കണ്ടെത്തിയത്. ഇതേത്തുടർന്ന് കൈകളിലെ പൊള്ളലിന് നടത്താനിരുന്ന ത്വക്ക് മാറ്റിവയ്ക്കൽ ശസ്ത്രക്രിയ ഏതാനും ദിവസത്തേക്ക് മാറ്റിവയ്ക്കേണ്ടിവന്നു. ശസ്ത്രക്രിയ പൂർത്തിയായെങ്കിലും രണ്ടാഴ്ച കൂടി ആശുപത്രിയിൽ കഴിയേണ്ടിവരുമെന്നാണ് ഒക്ടോബർ 19ന് അദ്ദേഹം അറിയിച്ചത്. തന്റെ ജീവിതത്തിലെ ഏറ്റവും മോശം അനുഭവമായിരുന്നു ഇതെന്നും താരം പറഞ്ഞിരുന്നു.
2023ൽ സംപ്രേഷണം ചെയ്ത ലവ് ഐലൻഡ് ഓസ്ട്രേലിയയുടെ അഞ്ചാം സീസണിലൂടെയാണ് വൂൾമാൻ ശ്രദ്ധ നേടിയത്. വരാനിരിക്കുന്ന മാരീഡ് അറ്റ് ഫസ്റ്റ് സൈറ്റ് എന്ന റിയാലിറ്റി ഷോയിലും അദ്ദേഹം അതിഥി വേഷത്തിൽ പ്രത്യക്ഷപ്പെടുമെന്നാണ് റിപ്പോർട്ടുകൾ. സഹതാരം സാക് നൺസിന്റെ വിവാഹച്ചടങ്ങിൽ വൂൾമാൻ പങ്കെടുത്ത ദൃശ്യങ്ങൾ ചിത്രീകരിച്ചിട്ടുണ്ടെന്നും റിപ്പോർട്ടിൽ പറയുന്നു.