

മെൽബൺ: പാർട്ടി അംഗങ്ങളുടെ പിന്തുണ നഷ്ടപ്പെട്ടതിനെ തുടർന്ന് വിക്ടോറിയൻ പ്രീമിയർ ജസീന്ത അലൻ രാജിവച്ചു. ചൊവ്വാഴ്ച രാവിലെ നടത്തിയ വാർത്താസമ്മേളനത്തിലാണ് അലൻ രാജി പ്രഖ്യാപിച്ചത്. നേതൃമാറ്റത്തിനായി പാർട്ടി യോഗം ചേരാനിരിക്കെയാണ് പ്രഖ്യാപനം. "രാത്രിയിലുടനീളം സഹപ്രവർത്തകരുമായി നടത്തിയ ചർച്ചകൾക്ക് ശേഷം, വിക്ടോറിയൻ സ്റ്റേറ്റ് പാർലമെന്ററി ലേബർ പാർട്ടി നേതാവ്, വിക്ടോറിയ പ്രീമിയർ എന്നീ സ്ഥാനങ്ങളിൽ നിന്ന് ഒഴിയാനുള്ള ബുദ്ധിമുട്ടേറിയ തീരുമാനം ഞാൻ എടുത്തു," അലൻ മാധ്യമങ്ങളോട് പറഞ്ഞു.
നേതൃമാറ്റത്തിനായുള്ള വോട്ടെടുപ്പിൽ മത്സരിക്കാൻ തനിക്ക് ആത്മവിശ്വാസമുണ്ടായിരുന്നുവെന്നും വിജയിക്കാനാകുമെന്ന് വിശ്വസിച്ചിരുന്നുവെന്നും അലൻ പറഞ്ഞു. എന്നാൽ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പ് നടക്കുന്ന നേതൃമത്സരം പാർട്ടിക്ക് ദോഷകരമാകുമെന്നും അവർ വ്യക്തമാക്കി. "ഇത് ലേബർ പാർട്ടിക്കും വിക്ടോറിയൻ ജനങ്ങൾക്കും ശരിയായ തീരുമാനമാണെന്ന് കരുതുന്നതിനാലാണ് ഞാൻ സ്ഥാനമൊഴിയുന്നത്," ജസീന്ത അലൻ പറഞ്ഞു.
സംസ്ഥാനത്തെ Big Build പദ്ധതിയുമായി ബന്ധപ്പെട്ട യൂണിയൻ അഴിമതി ആരോപണങ്ങളും തുടർച്ചയായ ഫയർബോംബിങ്, തീവെപ്പ്, കുത്തേറ്റ സംഭവങ്ങളും ഉൾപ്പെടെ നിരവധി വിവാദങ്ങളെത്തുടർന്ന് മാസങ്ങളായി ജസീന്ത അലൻ സമ്മർദത്തിലായിരുന്നു. എന്നാൽ തന്റെ മൂന്ന് വർഷത്തെ ഭരണത്തിൽ അഭിമാനമുണ്ടെന്ന് അലൻ പറഞ്ഞു. കുറ്റകൃത്യങ്ങൾ വർധിച്ചിരുന്ന സാഹചര്യമാണ് താൻ ഏറ്റെടുത്തതെന്നും ജാമ്യ നിയമങ്ങൾ ശക്തമാക്കുകയും കുറ്റകൃത്യങ്ങൾ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കുകയും ചെയ്തതോടെ കോവിഡ് കാലത്തിന് ശേഷം ആദ്യമായി കുറ്റകൃത്യങ്ങൾ കുറഞ്ഞുവെന്നും അവർ അവകാശപ്പെട്ടു. മുൻ സർക്കാർ വിട്ടുപോയ ബജറ്റ് കമ്മി മിച്ചമാക്കി മാറ്റിയതിലും അഭിമാനമുണ്ടെന്ന് അലൻ പറഞ്ഞു.
വിക്ടോറിയയുടെ രണ്ടാമത്തെ വനിതാ പ്രീമിയറായതിൽ അഭിമാനമുണ്ടെന്നും നവംബറിലെ തെരഞ്ഞെടുപ്പിൽ കോയലിഷനും വൺ നേഷനും എതിരായ പോരാട്ടത്തിന് താൻ തയ്യാറായിരുന്നുവെന്നും അവർ പറഞ്ഞു. "നവംബറിലെ പോരാട്ടത്തെ ഞാൻ തീർച്ചയായും ആവേശത്തോടെ കാത്തിരിക്കുകയായിരുന്നു. ഞാൻ അതിന് പൂർണമായും തയ്യാറായിരുന്നു," അലൻ പറഞ്ഞു. തുടർന്ന് പുതിയ ലേബർ നേതാവിനെ തിരഞ്ഞെടുക്കാൻ പാർട്ടി യോഗം ചേരുമെന്ന് അറിയിച്ച അലൻ, തന്റെ ഡെപ്യൂട്ടിയും വിദ്യാഭ്യാസ മന്ത്രിയുമായ ബെൻ കരോളിന് പിന്തുണ പ്രഖ്യാപിക്കുന്ന സൂചന നൽകി. "ബെൻ കരോൾ അടുത്ത ലേബർ നേതാവും ലേബർ പ്രീമിയറുമായി തിരഞ്ഞെടുക്കപ്പെടുകയാണെങ്കിൽ, അദ്ദേഹത്തിന് എന്റെ അഭിനന്ദനങ്ങളും പൂർണ പിന്തുണയും ഉണ്ടായിരിക്കും," അലൻ പറഞ്ഞു.
തിങ്കളാഴ്ച തന്നെ നേതൃമാറ്റം ഉണ്ടായാൽ താൻ മത്സരിക്കുമെന്ന് കരോൾ പ്രഖ്യാപിച്ചിരുന്നു. ജസീന്ത അലനെ പിൻഗാമിയാകാൻ ഏറ്റവും സാധ്യതയുള്ള നേതാവായാണ് അദ്ദേഹത്തെ കണക്കാക്കുന്നത്. ജസീന്ത അലന്റെ രാജിക്ക് തൊട്ടുമുമ്പ് 9News-നോട് സംസാരിച്ച കരോൾ, നിലവിലെ സാഹചര്യത്തെക്കുറിച്ച് പ്രതികരിക്കാൻ തയ്യാറായില്ല. സഹപ്രവർത്തകരുമായി സംസാരിക്കുന്നതിലാണ് ശ്രദ്ധയെന്നും അലന് അർഹിക്കുന്ന ബഹുമാനം നൽകണമെന്നും അദ്ദേഹം പറഞ്ഞു. തുടർന്ന് ലേബർ എംപിമാരുടെ പാർട്ടി യോഗത്തിൽ കരോൾ പങ്കെടുത്തു. അലൻ ഏറ്റവും ഒടുവിലാണ് യോഗത്തിനെത്തിയത്. സഹപ്രവർത്തകർ കൈയടിയോടെയാണ് അവരെ സ്വീകരിച്ചത്. അതേസമയം, നവംബറിൽ നടക്കുന്ന തെരഞ്ഞെടുപ്പിൽ ബെൻഡിഗോ ഈസ്റ്റ് മണ്ഡലത്തിൽ നിന്ന് വീണ്ടും മത്സരിക്കുമോ എന്ന കാര്യത്തിൽ ജസീന്ത അലൻ വ്യക്തമായ മറുപടി നൽകിയിട്ടില്ല.