

മെൽബൺ: ജീവിതസമ്പാദ്യമായ ഒരു ലക്ഷത്തോളം ഡോളർ (ഏകദേശം 94 ലക്ഷം രൂപ) മുതൽമുടക്കി ഓസ്ട്രേലിയയിലെ മെൽബണിൽ ആരംഭിച്ച സ്വപ്ന കഫേ തീപിടിത്തത്തിൽ തകർന്നടിഞ്ഞതിന്റെ ഞെട്ടലിലും തീരാവേദനയിലുമാണ് ഇന്ത്യൻ വംശജരായ ദമ്പതികൾ. ആശിഷ് ശർമ്മയും മുംബൈ സ്വദേശിനിയായ പാസ്ട്രി ഷെഫ് മനാലി പുരോഹിതും ചേർന്ന് ഫിറ്റ്സ്റോയ് നോർത്തിൽ ആരംഭിച്ച 'ആൻഡ് ബൊഡേഗ' (And Bodega) എന്ന വീഗൻ കഫേയാണ് തൊട്ടടുത്തുള്ള പുകയിലക്കടയ്ക്കുണ്ടായ തീവെപ്പ് ആക്രമണത്തിൽ പൂർണ്ണമായി ചാമ്പലായത്. അഞ്ചുമാസത്തോളം സ്വന്തം കൈകൊണ്ട് പെയിന്റടിച്ചും ഫർണിച്ചറുകൾ ഒരുക്കിയും രൂപകൽപ്പന ചെയ്ത കഫേ പ്രവർത്തനം തുടങ്ങി വെറും മൂന്ന് മാസത്തിനുള്ളിലാണ് ഈ ദുരന്തം.
ഒക്ടോബർ 12-ന് പുലർച്ചെ 3:45-ഓടെ സെന്റ് ജോർജ്ജ് റോഡിലെ പുകയിലക്കടയിൽ അതിക്രമിച്ചുകയറിയ അക്രമികൾ പെട്രോൾ ബോംബെറിഞ്ഞ് തീവെക്കുകയായിരുന്നുവെന്നാണ് വിക്ടോറിയ പോലീസിന്റെ പ്രാഥമിക നിഗമനം. സ്ഫോടനത്തോടെ പടർന്നുപിടിച്ച തീയിൽ പുകയിലക്കട പൂർണ്ണമായി നശിക്കുകയും കഫേയുടെ മേൽക്കൂര ഉരുകി വീണ് വ്യാപക നാശനഷ്ടം സംഭവിക്കുകയും ചെയ്തു. മെൽബണിൽ കഴിഞ്ഞ ഏതാനും വർഷങ്ങളായി നടക്കുന്ന പുകയിലക്കട ആക്രമണങ്ങളുടെ ഭാഗമായാണ് ഇതും കണക്കാക്കുന്നത്. തീപിടിത്തമുണ്ടായതിന്റെ തൊട്ടടുത്ത ദിവസം തന്നെ കഫേയിൽ നിന്ന് 5,000 ഡോളർ വിലമതിക്കുന്ന ഇലക്ട്രോണിക് ഉപകരണങ്ങളും മോഷണം പോയത് ദമ്പതികൾക്ക് ഇരട്ടപ്രഹരമായി.
കഫേ പുനർനിർമ്മിക്കാൻ ഒരു ലക്ഷത്തിലധികം ഡോളർ ചെലവ് വരുമെന്നിരിക്കെ, ഇൻഷുറൻസ് വഴി ഏകദേശം 25,000 ഡോളർ മാത്രമാണ് ലഭിക്കാൻ സാധ്യതയുള്ളത്. ഇതോടെ തൊഴിലാളികളുടെ വേതനം നൽകാനും കടകൾ പുനരാരംഭിക്കാനുമായി ദമ്പതികൾ ക്രൗഡ് ഫണ്ടിംഗ് ആരംഭിച്ചിട്ടുണ്ട്. അപ്രതീക്ഷിത ദുരന്തത്തിൽ തകർന്ന ഇന്ത്യൻ ദമ്പതികൾക്ക് പിന്തുണയുമായി പ്രാദേശിക സമൂഹവും മറ്റ് വ്യാപാരികളും രംഗത്തെത്തിയിട്ടുണ്ട്. തങ്ങളുടെ വരുമാനത്തിന്റെ ഒരു വിഹിതം നൽകിയും ഫണ്ട് ശേഖരണം നടത്തിയും പ്രദേശവാസികൾ നൽകുന്ന സ്നേഹം വാക്കുകൾക്ക് അതീതമാണെന്ന് മനാലി പുരോഹിത് പ്രതികരിച്ചു.