76,000-ലേറെ കുപ്പികൾ റോഡായി; ഓസ്‌ട്രേലിയയിൽ പുനരുപയോഗ ഗ്ലാസ് ഉപയോഗിച്ച് റോഡ് നിർമ്മാണം

സാധാരണയായി അസ്ഫാൽറ്റ് മിശ്രിതത്തിൽ ഉപയോഗിക്കുന്ന പുതിയ മണലിന് പകരമായാണ് പൊടിച്ച ഗ്ലാസ് ചേർത്തത്.
76,000-ലേറെ കുപ്പികൾ റോഡായി
റോഡ് നിർമാണത്തിനായി 25 ടൺ പുനരുപയോഗ ഗ്ലാസാണ് ഉപയോഗിച്ചത്. (Photo: AI/Gemini)
Published on

വിക്ടോറിയ: ഉപയോഗശൂന്യമായ ഗ്ലാസ് കുപ്പികൾ റോഡ് നിർമ്മാണത്തിനായി പുനരുപയോഗിച്ച് വിക്ടോറിയയിൽ പുതിയ മാതൃക. ട്രറാൽഗോണിൽ 2023ൽ നടത്തിയ റോഡ് നവീകരണ പദ്ധതിയിൽ 76,000ലേറെ ഗ്ലാസ് കുപ്പികളും ജാറുകളും ഉപയോഗിച്ചു. ലാട്രോബ് സിറ്റി കൗൺസിലിന്റെ നേതൃത്വത്തിലായിരുന്നു പദ്ധതി. റോഡ് നിർമാണത്തിനായി 25 ടൺ പുനരുപയോഗ ഗ്ലാസാണ് ഉപയോഗിച്ചത്. സാധാരണയായി അസ്ഫാൽറ്റ് മിശ്രിതത്തിൽ ഉപയോഗിക്കുന്ന പുതിയ മണലിന് പകരമായാണ് പൊടിച്ച ഗ്ലാസ് ചേർത്തത്.

ലാട്രോബ് സിറ്റി കൗൺസിലിന്റെ റോഡ് നവീകരണ പദ്ധതിയിൽ പുനരുപയോഗ ഗ്ലാസ് ഉപയോഗിച്ചുള്ള ആദ്യ വലിയ തോതിലുള്ള പരീക്ഷണമായിരുന്നു ഇത്. ട്രറാൽഗോണിലെ സെയ്മർ സ്ട്രീറ്റും ഫ്രാങ്ക്ലിൻ സ്ട്രീറ്റും ചേരുന്ന ഭാഗത്താണ് പരീക്ഷണം നടത്തിയത്. ഗതാഗതത്തിരക്ക് കൂടുതലുള്ള പ്രദേശമായതിനാലാണ് ഈ സ്ഥലം തിരഞ്ഞെടുത്തത്. അസ്ഫാൽറ്റിന്റെ മുകളിലെ ‘വെയറിങ് കോഴ്‌സിൽ’ 12.5 ശതമാനം പുനരുപയോഗ ഗ്ലാസും താഴത്തെ പേവ്മെന്റ് ഭാഗത്ത് 10 ശതമാനം റിക്ലെയിംഡ് അസ്ഫാൽറ്റ് പേവ്മെന്റും (RAP) ഉൾപ്പെടുത്തി. 25 ടൺ പുനരുപയോഗ ഗ്ലാസിനൊപ്പം 47 ടൺ RAPയും പദ്ധതിയിൽ ഉപയോഗിച്ചു. ലാട്രോബ് സിറ്റിയിലെ വീടുകളിൽനിന്ന് ശേഖരിച്ച റീസൈക്ലിങ് വസ്തുക്കളിൽനിന്നാണ് ഗ്ലാസ് ലഭിച്ചത്. മിശ്ര റീസൈക്ലിങ് സംസ്കരിക്കുന്ന കരാറുകാരായ DASMA ഗ്ലാസ് സംസ്കരിക്കുകയും Gippsland Asphalt-ുമായി ചേർന്ന് ആവശ്യമായ നിലവാരത്തിലുള്ള അസ്ഫാൽറ്റ് മിശ്രിതം തയ്യാറാക്കുകയും ചെയ്തു.

വിക്ടോറിയൻ സർക്കാരിന്റെ പേരിൽ Sustainability Victoriaയുടെ Sustainable Infrastructure Fund പദ്ധതിക്ക് സാമ്പത്തിക പിന്തുണ നൽകി. റോഡിൽ ഉപയോഗിക്കുന്നതിന് മുമ്പ് പുനരുപയോഗ വസ്തുക്കൾ ഉൾപ്പെടുത്തിയ അസ്ഫാൽറ്റ് മിശ്രിതം ലബോറട്ടറിയിൽ പരിശോധിക്കുകയും ചെയ്തു. നിലവിലെ റോഡ് ഉപരിതലവും അതിന് താഴെയുള്ള 100 മില്ലിമീറ്റർ പേവ്മെന്റും നീക്കം ചെയ്ത ശേഷമാണ് പുതിയ പേവ്മെന്റും വെയറിങ് കോഴ്‌സും സ്ഥാപിച്ചത്. ഉപയോഗിച്ച അസ്ഫാൽറ്റ് മിശ്രിതം VicRoads സ്റ്റാൻഡേർഡ് 407 പാലിച്ചതായും അധികൃതർ അറിയിച്ചു.

പരമ്പരാഗത അസ്ഫാൽറ്റ് വിരിക്കുന്നതിൽനിന്ന് വലിയ വ്യത്യാസമൊന്നും പദ്ധതിക്കിടെ നേരിട്ടിട്ടില്ല. എന്നാൽ റോളർ ഉപയോഗിച്ച് അസ്ഫാൽറ്റ് കംപാക്ട് ചെയ്യുമ്പോൾ ചെറിയ വ്യത്യാസം അനുഭവപ്പെട്ടതായി റിപ്പോർട്ടിൽ പറയുന്നു. പദ്ധതിക്കായി ആവശ്യമായ അസ്ഫാൽറ്റിന്റെ അളവ് കണക്കാക്കുന്നതിൽ പിഴവ് സംഭവിച്ചതിനെ തുടർന്ന് ഗ്ലാസിന്റെ അനുപാതം ആദ്യം നിശ്ചയിച്ച 15 ശതമാനത്തിൽനിന്ന് 12.5 ശതമാനമായി കുറയ്ക്കേണ്ടിവന്നു. എന്നാൽ ഉപയോഗിച്ച പുനരുപയോഗ ഗ്ലാസിന്റെ ആകെ അളവായ 25 ടണ്ണിൽ മാറ്റമുണ്ടായില്ല. റോഡ് നവീകരണത്തിന് ശേഷം വിള്ളൽ, ഉപരിതലത്തിലെ മാറ്റങ്ങൾ, മറ്റ് തകരാറുകൾ എന്നിവ കണ്ടെത്തുന്നതിനായി മൂന്ന് മാസത്തിലൊരിക്കൽ പരിശോധന നടത്താനും പദ്ധതിയിട്ടിരുന്നു.

പരിശോധന സമയത്ത് ഇത്തരം പ്രശ്നങ്ങളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് Sustainability Victoria അറിയിച്ചു. സൂര്യപ്രകാശത്തിൽ റോഡ് ഉപരിതലത്തിന് ചെറിയ തിളക്കവും രാത്രിയിൽ വാഹനങ്ങളുടെ ഹെഡ്‌ലൈറ്റിൽ പ്രത്യേക തിളക്കവും കാണപ്പെട്ടതായും റിപ്പോർട്ടിൽ പറയുന്നു. പദ്ധതിയുടെ വിജയത്തോടെ പുനരുപയോഗ വസ്തുക്കൾ റോഡ് നിർമാണത്തിൽ ഉപയോഗിക്കുന്നതിലുള്ള ആത്മവിശ്വാസം ലാട്രോബ് സിറ്റി കൗൺസിലിന് വർധിച്ചു. തുടർന്ന് സമാനമായ പുനരുപയോഗ വസ്തുക്കൾ ഉപയോഗിച്ചുള്ള മറ്റ് പദ്ധതികളും കൗൺസിൽ നടപ്പാക്കി. ഭാവിയിലെ അസ്ഫാൽറ്റ് പദ്ധതികളിൽ സുസ്ഥിരമായ വസ്തുക്കൾ നിർദേശിക്കാൻ വിതരണക്കാർക്ക് അവസരം നൽകാനും കൗൺസിൽ തീരുമാനിച്ചു.

Metro Australia
maustralia.com.au