

വിക്ടോറിയയിൽ തോക്ക് കൈവശം വയ്ക്കുന്നതിനും ഉപയോഗിക്കുന്നതിനും കർശന നിയന്ത്രണങ്ങൾ ഏർപ്പെടുത്താനുള്ള സർക്കാർ നീക്കം വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ തിരിച്ചടിയാകുമെന്ന് ഷൂട്ടർമാരുടെ സംഘടനകൾ മുന്നറിയിപ്പ് നൽകി. ബോണ്ടി ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ മുൻ പോലീസ് കമ്മീഷണർ കെൻ ലേ നടത്തിയ അവലോകന റിപ്പോർട്ട് പുറത്തുവരാനിരിക്കെയാണ് ഈ മുന്നറിയിപ്പ്. തോക്കുകളുടെ എണ്ണത്തിൽ പരിധി നിശ്ചയിക്കാനുള്ള നീക്കം കായികതാരങ്ങളെയും കർഷകരെയും ഒരുപോലെ ബാധിക്കുമെന്ന് സ്പോർട്ടിംഗ് ഷൂട്ടേഴ്സ് അസോസിയേഷൻ (SSAA) വ്യക്തമാക്കി.
നിലവിൽ വിക്ടോറിയയിൽ 2,44,000 പേർക്കായി ഏകദേശം 9.74 ലക്ഷം തോക്കുകളുണ്ട്. ന്യൂ സൗത്ത് വെയ്ൽസിലേതുപോലെ ഒരാൾക്ക് കൈവശം വെക്കാവുന്ന തോക്കുകളുടെ എണ്ണം നാലോ പത്തോ ആയി പരിമിതപ്പെടുത്തിയാൽ അത് വലിയ പ്രതിഷേധത്തിന് കാരണമാകും. ഈ നിയന്ത്രണം നടപ്പിലായാൽ പലർക്കും തങ്ങളുടെ പക്കലുള്ള തോക്കുകൾ സർക്കാരിന് കൈമാറേണ്ടി വരും. ഇത് വോട്ടെടുപ്പിൽ പ്രതിഫലിക്കുമെന്നും പ്രധാന പാർട്ടികളിൽ നിന്ന് വോട്ടർമാർ അകലാൻ ഇത് കാരണമാകുമെന്നും ഫീൽഡ് ആൻഡ് ഗെയിം ഓസ്‌ട്രേലിയയുടെ ചീഫ് എക്സിക്യൂട്ടീവ് ലൂക്കാസ് കുക്ക് പറഞ്ഞു.
അതേസമയം, പൊതുജന സുരക്ഷ കണക്കിലെടുത്ത് തോക്കുകളുടെ എണ്ണം കുറയ്ക്കുന്നത് നല്ലതാണെന്ന് അലന്ന ആൻഡ് മാഡ്‌ലൈൻ ഫൗണ്ടേഷൻ പോലുള്ള സംഘടനകൾ വാദിക്കുന്നു. വെസ്റ്റേൺ ഓസ്‌ട്രേലിയയിലേതിന് സമാനമായ ഒരു 'ഗൺ ബൈബാക്ക്' (Gun Buyback) പദ്ധതി വിക്ടോറിയയിലും നടപ്പിലാക്കാൻ സർക്കാർ ആലോചിക്കുന്നുണ്ട്. ഏകദേശം 180 ദശലക്ഷം ഡോളർ ചിലവ് വരുന്ന ഈ പദ്ധതിയിലൂടെ തോക്കുകൾ തിരികെ വാങ്ങാനാണ് ലക്ഷ്യമിടുന്നത്. മാർച്ച് അവസാനത്തോടെ കെൻ ലേ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കുമെന്നാണ് കരുതുന്നത്.