

ഓസ്‌ട്രേലിയയുടെ ചരിത്രപ്രസിദ്ധമായ സൈനിക കേന്ദ്രമായ സിഡ്‌നിയിലെ വിക്ടോറിയ ബാരക്‌സ് വിൽക്കാനുള്ള നീക്കത്തിനെതിരെ മുൻ പ്രധാനമന്ത്രി ജോൺ ഹോവാർഡ്. രാജ്യത്തിന്റെ അഭിമാനകരമായ സൈനിക ചരിത്രത്തോട് ഫെഡറൽ സർക്കാർ നിസ്സംഗത പുലർത്തുകയാണെന്ന് അദ്ദേഹം ആരോപിച്ചു. വിൽപ്പനയ്‌ക്കെതിരായ പൊതുപ്രതിഷേധ റാലിയിൽ പങ്കെടുക്കുമെന്നും അദ്ദേഹം അറിയിച്ചു. ഞായറാഴ്ച ഉച്ചയ്ക്ക് 12.45ന് മൂർ പാർക്ക് റോഡ് പ്രവേശന കവാടത്തിന് സമീപം കിപ്പാക്‌സ് തടാകത്തിനടുത്താണ് റാലി സംഘടിപ്പിക്കുന്നത്. വിൽപ്പനയോടുള്ള ജനങ്ങളുടെ അതൃപ്തി വ്യക്തമാക്കുന്നതിനായി റാലിയിൽ പ്രസംഗിക്കാനുള്ള ക്ഷണം സ്വീകരിച്ചതായി ഹോവാർഡ് പറഞ്ഞു.
രാജ്യത്തുടനീളമുള്ള 67 പ്രതിരോധ വകുപ്പിന്റെ കേന്ദ്രങ്ങൾ വിൽക്കാനാണ് സർക്കാരിന്റെ പദ്ധതി. സിഡ്‌നി, മെൽബൺ, ബ്രിസ്‌ബെയ്ൻ എന്നിവിടങ്ങളിലെ സൈനിക ബാരക്കുകളും ഇതിൽ ഉൾപ്പെടുന്നു. ഏകദേശം മൂന്ന് ബില്യൺ ഓസ്‌ട്രേലിയൻ ഡോളർ മൂല്യമുള്ള കേന്ദ്രങ്ങളുടെ വിൽപ്പന പ്രതിരോധ ചെലവ് കുറയ്ക്കുന്നതിന്റെ ഭാഗമാണ്. പ്രതിരോധ അടിസ്ഥാന സൗകര്യങ്ങൾ രാജ്യത്തിന്റെ വടക്കൻ മേഖലകളിലേക്ക് കേന്ദ്രീകരിക്കാനും പദ്ധതിയിലൂടെ ലക്ഷ്യമിടുന്നു.
വിൽപ്പന നീക്കത്തിനെതിരെ വിമുക്തഭടന്മാരും വിവിധ രാഷ്ട്രീയ കക്ഷികളിലെ നേതാക്കളും രംഗത്തെത്തിയിട്ടുണ്ട്. ലിബറൽ സെനറ്റർ ജെസ് കോളിൻസും ലേബർ പാർട്ടിയുടെ കൂഗീ എംപി മാർജറി ഒനീലും സംഘടിപ്പിക്കുന്ന റാലിയിൽ നൂറുകണക്കിന് വിമുക്തഭടന്മാരും നാട്ടുകാരും പങ്കെടുക്കുമെന്നാണ് പ്രതീക്ഷ. വിക്ടോറിയ ബാരക്‌സിന്റെ ഭാവിയെച്ചൊല്ലി കഴിഞ്ഞ മാസം പ്രതിരോധ മന്ത്രി റിച്ചാർഡ് മാർൾസും ന്യൂ സൗത്ത് വെയിൽസ് പ്രീമിയർ ക്രിസ് മിൻസും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടായിരുന്നു. ഓസ്‌ട്രേലിയൻ സൈന്യത്തിന്റെ ആത്മീയ കേന്ദ്രമാണ് വിക്ടോറിയ ബാരക്‌സ് എന്ന് വിശേഷിപ്പിച്ച മിൻസ്, വിൽപ്പനയ്‌ക്കെതിരായ വിമുക്തഭടന്മാരുടെ നിലപാടിന് പിന്തുണ പ്രഖ്യാപിച്ചു.
എന്നാൽ, ചരിത്രപൈതൃക കേന്ദ്രത്തിന്റെ സംരക്ഷണ ചുമതല പ്രതിരോധ വകുപ്പിനേക്കാൾ അനുയോജ്യമായ മറ്റൊരു സംവിധാനത്തിനായിരിക്കണമെന്ന് മാർൾസ് പ്രതികരിച്ചു. ഓസ്‌ട്രേലിയൻ സൈന്യത്തിലെ ഭൂരിഭാഗം അംഗങ്ങളും വിക്ടോറിയ ബാരക്‌സ് സന്ദർശിച്ചിട്ടില്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. കേന്ദ്രം സിഡ്‌നിയിലെയും ഓസ്‌ട്രേലിയയിലെയും ജനങ്ങൾക്ക് തുറന്നുകൊടുക്കുന്നതിലൂടെ സൈന്യത്തിന്റെ ചരിത്രം കൂടുതൽ വിപുലമായി ആഘോഷിക്കാൻ കഴിയുമെന്നും മാർൾസ് പറഞ്ഞു. എന്നാൽ, വിൽപ്പനയിലൂടെ രാജ്യത്തിന്റെ സൈനിക പൈതൃകത്തിന് തിരിച്ചടിയുണ്ടാകുമെന്ന ആശങ്കയിലാണ് വിമുക്തഭടന്മാരും പ്രതിഷേധക്കാരും.