

മെൽബണിൽ നടന്ന ഓസ്ട്രേലിയൻ റൂൾസ് ഫുട്ബോൾ മത്സരത്തിനിടെ ഉണ്ടായ അപൂർവ അപകടത്തിൽ 27 വയസ്സുള്ള താരം ഗുരുതരമായി പരിക്കേറ്റ് ആശുപത്രിയിൽ ചികിത്സയിലാണ്. ശനിയാഴ്ച ഉച്ചയ്ക്ക് ലാലോർ റിസർവിൽ നടന്ന എപ്പിംഗ്-ലാലോർ നോർതേൺ ഫുട്ബോൾ നെറ്റ്‌ബോൾ ലീഗ് റിസർവ്‌സ് മത്സരത്തിനിടെയാണ് സംഭവം. എതിർ ടീമിലെ താരത്തെ ടാക്കിൾ ചെയ്യുന്നതിനിടെ എപ്പിംഗ് ടീമിലെ രണ്ട് താരങ്ങൾ തമ്മിൽ തലകൾ കൂട്ടിയിടിക്കുകയും, തുടർന്ന് 27കാരൻ സിന്തറ്റിക് ടർഫ് വിരിച്ചിരുന്ന ക്രിക്കറ്റ് പിച്ചിൽ തല ഇടിച്ച് വീഴുകയുമായിരുന്നു.
മസ്തിഷ്കത്തിൽ രക്തസ്രാവമുണ്ടായ താരത്തെ അതീവ ഗുരുതരാവസ്ഥയിൽ റോയൽ മെൽബൺ ആശുപത്രിയിലേക്ക് മാറ്റി. ശനിയാഴ്ച തന്നെ ശസ്ത്രക്രിയ നടത്തിയതായി ക്ലബ് പ്രസിഡന്റ് ലൂക്ക് ഡി വിൻസെന്റിസ് അറിയിച്ചു. എപ്പിംഗിന്റെയും ലാലോറിന്റെയും മെഡിക്കൽ സംഘങ്ങൾ നൽകിയ സമയോചിതമായ പ്രഥമശുശ്രൂഷയാണ് താരത്തിന്റെ ജീവൻ രക്ഷിക്കാൻ നിർണായകമായതെന്ന് അടിയന്തരസേവന വിഭാഗം അറിയിച്ചതായും അദ്ദേഹം പറഞ്ഞു.
സംഭവത്തെ തുടർന്ന് റിസർവ്‌സ് മത്സരവും തുടർന്ന് നടക്കാനിരുന്ന സീനിയർ ടീമുകളുടെ മത്സരവും ഉപേക്ഷിച്ചു. "മൈതാനത്ത് അത്യന്തം ധീരനായ പോരാളിയും, മൈതാനത്തിന് പുറത്ത് എല്ലാവരുടെയും പ്രിയപ്പെട്ട സൗമ്യസ്വഭാവക്കാരനുമാണ് അദ്ദേഹം," എന്ന് ക്ലബ് പ്രസിഡന്റ് പറഞ്ഞു. സംഭവത്തിൽ ക്രിമിനൽ കുറ്റകൃത്യത്തിന്റെ തെളിവുകളൊന്നും കണ്ടെത്തിയിട്ടില്ലെന്ന് വിക്ടോറിയ പൊലീസ് അറിയിച്ചു. താരത്തിന്റെ ആരോഗ്യനില മെച്ചപ്പെടാൻ ക്ലബ്ബംഗങ്ങളും ആരാധകരും സമൂഹമാധ്യമങ്ങളിലൂടെ പ്രാർഥനകളും ആശംസകളും അറിയിക്കുകയാണ്.