

ഓസ്ട്രേലിയയിൽ തുടർച്ചയായ കേസ് പോരാട്ടങ്ങളും യുദ്ധക്കുറ്റ ആരോപണങ്ങളും നേരിടുന്ന മുൻ എസ്.എ.എസ് (SAS) കോർപ്പറലും വിക്ടോറിയ ക്രോസ് പുരസ്കാര വിജയിയുമായ ബെൻ റോബർട്ട്സ്-സ്മിത്ത് (47) സ്വന്തമായി ക്ലോത്തിംഗ് ബ്രാൻഡ് ആരംഭിച്ചു. സൈനിക സേവനത്തിനിടയിലെ തന്റെ റേഡിയോ കോൾ സൈനായ "എപിക് 1 ടു" (Epic 1 Two) എന്ന പേരിലാണ് അദ്ദേഹം പുതിയ വെബ്സൈറ്റും ബ്രാൻഡും ഔദ്യോഗികമായി പുറത്തിറക്കിയത്. ഓൺലൈൻ സ്റ്റോർ വഴി ടി-ഷർട്ടുകൾ, ഹൂഡികൾ, ട്രക്കർ ഹാറ്റുകൾ എന്നിവയാണ് വിൽപ്പനയ്ക്കെത്തിച്ചിരിക്കുന്നത്. ബ്രാൻഡിന്റെ പരസ്യ മോഡലായി റോബർട്ട്സ്-സ്മിത്ത് തന്നെ നേരിട്ട് എത്തുന്നുണ്ട്. അദ്ദേഹം സൈനിക വേഷത്തിൽ നിൽക്കുന്ന ചിത്രവും, ഈ വർഷം ആദ്യം അറസ്റ്റിലായ സമയത്ത് എടുത്ത ചിത്രവും പതിപ്പിച്ച ഗ്രാഫിക് ടി-ഷർട്ടുകൾ ഇതിൽ ഉൾപ്പെടുന്നു. "അറസ്റ്റിലായി വിമാനത്തിലേക്ക് നയിക്കപ്പെടുമ്പോൾ തൊട്ടുപിന്നിൽ 'സ്പിരിറ്റ് ഓഫ് ഓസ്ട്രേലിയ' എന്ന് കുറിച്ചിട്ടുണ്ടെന്ന് ഞാൻ അറിഞ്ഞിരുന്നില്ല," എന്ന് റോബർട്ട്സ്-സ്മിത്ത് സബ്സ്ക്രൈബർമാർക്ക് അയച്ച സന്ദേശത്തിൽ വ്യക്തമാക്കി.
കടുത്ത പ്രതിസന്ധികൾക്കിടയിലും പരാജയം സമ്മതിക്കാത്ത മനസ്സോടെയാണ് ഈ ബ്രാൻഡ് നിർമ്മിച്ചിരിക്കുന്നതെന്ന് വെബ്സൈറ്റ് വിശേഷിപ്പിക്കുന്നു. 49 ഡോളർ മുതൽ 85 ഡോളർ വരെയാണ് ഉൽപ്പന്നങ്ങളുടെ വില. കൂടാതെ സൈനികർക്ക് 10 ശതമാനം ഡിസ്കൗണ്ടും നൽകുന്നുണ്ട്. കേസ് ചെലവുകൾ വർദ്ധിച്ചുവരുന്ന സാഹചര്യത്തിൽ കുടുംബത്തിന് തണലാകാനും വരുമാനം കണ്ടെത്താനുമാണ് ഈ സംരംഭമെന്ന് അദ്ദേഹം മുൻപ് വ്യക്തമാക്കിയിരുന്നു.
അഫ്ഗാനിസ്ഥാനിൽ 2009-നും 2012-നും ഇടയിൽ നടന്ന അഞ്ച് യുദ്ധക്കുറ്റ കൊലപാതക കേസുകളിൽ ആരോപണവിധേയനായ റോബർട്ട്സ്-സ്മിത്തിനെ കഴിഞ്ഞ ഏപ്രിലിൽ സിഡ്നി വിമാനത്താവളത്തിൽ വെച്ചാണ് പോലീസ് അറസ്റ്റ് ചെയ്തത്. പിന്നീട് ഒൻപത് ദിവസത്തെ റിമാൻഡിന് ശേഷം ഇയാൾക്ക് ജാമ്യം ലഭിക്കുകയായിരുന്നു. ഓസ്ട്രേലിയൻ ചരിത്രത്തിലെ ഏറ്റവും വലിയ യുദ്ധക്കുറ്റ വിചാരണയ്ക്കാണ് ഈ കേസ് വഴിതുറന്നിരിക്കുന്നത്.
മാധ്യമങ്ങൾ ഉന്നയിച്ച യുദ്ധക്കുറ്റ ആരോപണങ്ങൾക്കെതിരെ റോബർട്ട്സ്-സ്മിത്ത് നൽകിയ മാനനഷ്ടക്കേസ് മുൻപ് ഫെഡറൽ കോടതി തള്ളിയിരുന്നു. വിചാരണ വേളയിൽ ആയുധധാരികളല്ലാത്ത നാല് അഫ്ഗാൻ പൗരന്മാരെ കൊല്ലുകയും സൈനിക നിയമങ്ങൾ ലംഘിക്കുകയും ചെയ്തെന്ന ആരോപണം കോടതി ശരിവെക്കുകയായിരുന്നു. എന്നാൽ തനിക്കെതിരെയുള്ള മുഴുവൻ ആരോപണങ്ങളും റോബർട്ട്സ്-സ്മിത്ത് ഇപ്പോഴും നിഷേധിക്കുകയാണ്.