ഭവനരഹിതരുടെ ആരോഗ്യത്തിനായി 3.8 മില്യൺ ഡോളർ ഗവേഷണ നിക്ഷേപം

നാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ റിസർച്ച് കൗൺസിലിന്റെ (NHMRC) ‘ഹോംലെസ്‌നെസ് ആൻഡ് ഹെൽത്ത് 2025’ ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് രണ്ട് മൾട്ടി ഡിസിപ്ലിനറി ഗവേഷക സംഘങ്ങൾക്ക് ധനസഹായം നൽകുന്നത്.
ഭവനരഹിതരുടെ ആരോഗ്യത്തിനായി 3.8 മില്യൺ ഡോളർ ഗവേഷണ നിക്ഷേപം
Published on

സ്ഥിരതയില്ലാത്ത താമസ സാഹചര്യങ്ങളിൽ കഴിയുന്നവരുടെ ആരോഗ്യപ്രശ്നങ്ങൾ കൂടുതൽ വ്യക്തമായി മനസ്സിലാക്കുന്നതിനും ആരോഗ്യനില മെച്ചപ്പെടുത്തുന്നതിനുമായി ഓസ്‌ട്രേലിയൻ സർക്കാർ 3.8 മില്യൺ ഡോളർ ഗവേഷണത്തിനായി നിക്ഷേപിക്കുന്നു. നാഷണൽ ഹെൽത്ത് ആൻഡ് മെഡിക്കൽ റിസർച്ച് കൗൺസിലിന്റെ (NHMRC) ‘ഹോംലെസ്‌നെസ് ആൻഡ് ഹെൽത്ത് 2025’ ഗവേഷണ പദ്ധതിയുടെ ഭാഗമായാണ് രണ്ട് മൾട്ടി ഡിസിപ്ലിനറി ഗവേഷക സംഘങ്ങൾക്ക് ധനസഹായം നൽകുന്നത്. ഓസ്‌ട്രേലിയയിലെ ഭവനരഹിതരുടെ ആരോഗ്യനില മെച്ചപ്പെടുത്തുകയും ആരോഗ്യരംഗത്തെ അസമത്വങ്ങൾ കുറയ്ക്കുകയുമാണ് പദ്ധതിയുടെ ലക്ഷ്യം.

സ്ഥിരതയില്ലാത്ത താമസ സാഹചര്യങ്ങളും സമയബന്ധിതമായ ആരോഗ്യപരിചരണം ലഭിക്കുന്നതിലെ ബുദ്ധിമുട്ടുകളും ഭവനരഹിതരിൽ ശാരീരിക, മാനസിക ആരോഗ്യപ്രശ്നങ്ങൾ വർധിക്കാൻ കാരണമാകുന്നതായി സർക്കാർ വ്യക്തമാക്കി. ആരോഗ്യ, ഭവനം, സാമൂഹിക സേവന മേഖലകൾ തമ്മിലുള്ള ഏകോപിതമായ പ്രവർത്തനത്തിലൂടെ ഈ പ്രശ്നങ്ങൾ പരിഹരിക്കുകയാണ് ലക്ഷ്യം. മൊനാഷ് സർവകലാശാലയിലെ പ്രൊഫസർ സുസെയ്ൻ നീൽസന്റെ നേതൃത്വത്തിലുള്ള സംഘം വിക്ടോറിയ, ക്വീൻസ്‌ലാൻഡ്, ACT എന്നിവിടങ്ങളിലെ മൊബൈൽ ക്ലിനിക്കുകളുടെ പ്രവർത്തനം പഠിക്കും. ഭവനരഹിതർക്ക് ആരോഗ്യപരിചരണം കൂടുതൽ ഫലപ്രദമായി ലഭ്യമാക്കുന്നതിനുള്ള സേവനരീതികളിൽ ആവശ്യമായ മാറ്റങ്ങൾ നിർദേശിക്കുകയാണ് പദ്ധതിയുടെ ലക്ഷ്യം.

അതേസമയം, മെൻസീസ് സ്കൂൾ ഓഫ് ഹെൽത്ത് റിസർച്ചിലെ ഡോ. ലിയാം ഗ്രേലിയുടെ നേതൃത്വത്തിലുള്ള മറ്റൊരു ഗവേഷക സംഘം നോർത്തേൺ ടെറിട്ടറിയിലെ ഭവനരഹിതരായ ആദിവാസി സമൂഹത്തിലെ മാനസികാരോഗ്യവും ഭവന പരിപാലനവുമായി ബന്ധപ്പെട്ട പ്രശ്നങ്ങളും പഠിക്കും. ആദിവാസി സമൂഹത്തിന്റെ നേതൃത്വവും അവരുടെ ജീവിതാനുഭവങ്ങളും ഗവേഷണത്തിന്റെ കേന്ദ്രമാക്കി സാംസ്കാരികമായി അനുയോജ്യമായ ആരോഗ്യ, ഭവന സേവനങ്ങൾ രൂപപ്പെടുത്താനാണ് പദ്ധതിയിലൂടെ ലക്ഷ്യമിടുന്നത്.

“ഓരോ ഓസ്‌ട്രേലിയക്കാരനും അവരുടെ താമസ സാഹചര്യം എന്തുതന്നെയായാലും സുരക്ഷിതവും ഉയർന്ന നിലവാരമുള്ളതുമായ ആരോഗ്യപരിചരണം ലഭിക്കാൻ അർഹരാണ്,” മന്ത്രി ബട്ട്ലർ പറഞ്ഞു. ഭവനരഹിതർ സമൂഹത്തിലെ ഏറ്റവും ഗുരുതരവും സങ്കീർണവുമായ ആരോഗ്യപ്രശ്നങ്ങൾ നേരിടുന്ന വിഭാഗങ്ങളിലൊന്നാണെന്നും ഈ ആരോഗ്യവിടവ് നികത്താൻ സർക്കാർ പ്രതിജ്ഞാബദ്ധമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. NHMRC സിഇഒ പ്രൊഫസർ സ്റ്റീവ് വെസ്സലിങ്, ഗവേഷകർ, ആരോഗ്യപരിചരണ ദാതാക്കൾ, സാമൂഹിക സംഘടനകൾ എന്നിവ തമ്മിലുള്ള പങ്കാളിത്തം ഭവനരഹിതർക്കായി ഫലപ്രദമായ ആരോഗ്യപരിചരണ മാതൃകകൾ വികസിപ്പിക്കുന്നതിന് അനിവാര്യമാണെന്ന് പറഞ്ഞു.

Metro Australia
maustralia.com.au