

സിഡ്നി: കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ നിർദേശപ്രകാരം, ഓസ്‌ട്രേലിയയിലുടനീളമുള്ള കോൺസുലർ, പാസ്‌പോർട്ട്, വിസ (CPV) സേവനങ്ങൾ 2026 ജൂലൈ 1 മുതൽ അടുത്ത അറിയിപ്പ് ഉണ്ടാകുന്നതുവരെ താൽക്കാലികമായി നിർത്തിവച്ചതായി വി എഫ് എസ് ഗ്ലോബൽ അറിയിച്ചു.
ഈ താൽക്കാലിക സേവന തടസ്സം അടിയന്തര യാത്രാ ആവശ്യങ്ങളോ കോൺസുലർ സേവനങ്ങളോ ആവശ്യമുള്ള അപേക്ഷകർക്ക് ബുദ്ധിമുട്ടും അനിശ്ചിതത്വവും സൃഷ്ടിക്കുമെന്ന് വിഎഫ് എസ് ഗ്ലോബൽ അറിയിച്ചു.
അപേക്ഷകർക്കായി പ്രത്യേക സഹായ സംവിധാനം
ഈ ഇടക്കാല സാഹചര്യത്തിൽ അപേക്ഷകരെ സഹായിക്കുന്നതിനായി വിഎഫ് എസ് ഗ്ലോബൽ ഉപഭോക്തൃ സേവനം ശക്തിപ്പെടുത്തിയിട്ടുണ്ട്.
* കോൾ സെന്റർ: 03 9956 3830
* സമയം: രാവിലെ 9.00 മുതൽ ഉച്ചയ്ക്ക് 3.30 വരെ (AEST)
* ഇമെയിൽ: info.ind_aus@vfshelpline.com
ഫോൺ വഴിയും ഇമെയിൽ വഴിയും ലഭിക്കുന്ന അന്വേഷണങ്ങൾക്ക് പ്രത്യേക സംഘം മറുപടി നൽകുമെന്ന് അധികൃതർ അറിയിച്ചു.
അപേക്ഷകർ ശ്രദ്ധിക്കേണ്ട പ്രധാന കാര്യങ്ങൾ
* അടിയന്തര കോൺസുലർ സഹായം ആവശ്യമുള്ളവർ കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെ ഔദ്യോഗിക വെബ്സൈറ്റിലെ നിർദേശങ്ങൾ പരിശോധിക്കണം.
* ശേഖരിക്കാൻ തയ്യാറായ പാസ്‌പോർട്ടുകൾ നിലവിലുള്ള നടപടിക്രമം അനുസരിച്ച് വിഎഫ് എസ് ഗ്ലോബൽ അപേക്ഷകർക്ക് കൈമാറുന്നതാണ്.
* നിലവിൽ പ്രോസസ്സിംഗിലുള്ള അപേക്ഷകൾ സേവനങ്ങൾ പുനരാരംഭിക്കുന്നതുവരെ തീർപ്പാക്കാതെ തുടരും. ഇതുസംബന്ധിച്ച പുതിയ അറിയിപ്പുകൾക്കായി അപേക്ഷകർ കാത്തിരിക്കണമെന്ന് അധികൃതർ അഭ്യർഥിച്ചു.
* VFS Global-ന്റെ India Consular Application Centres (ICACs)-ലുള്ള ജീവനക്കാർ കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മീഷൻ പുറത്തിറക്കുന്ന പൊതുനിർദേശങ്ങൾ അനുസരിച്ച് അപേക്ഷകർക്ക് ആവശ്യമായ മാർഗനിർദേശങ്ങൾ നൽകുന്നതാണ്.
ഔദ്യോഗിക അറിയിപ്പുകൾ നിരന്തരം പരിശോധിക്കണം
ബന്ധപ്പെട്ട അധികാരികൾ സേവനങ്ങൾ പുനഃസ്ഥാപിക്കുന്നതോടെ VFS Global-ന്റെ ICAC കേന്ദ്രങ്ങളിലെ സേവനങ്ങളും പുനരാരംഭിക്കും. അതുവരെ കാൻബറയിലെ ഇന്ത്യൻ ഹൈക്കമ്മീഷന്റെയും ഓസ്‌ട്രേലിയയിലെ ഇന്ത്യൻ കോൺസുലേറ്റുകളുടെയും ഔദ്യോഗിക അറിയിപ്പുകൾ പതിവായി പരിശോധിക്കാൻ അപേക്ഷകരോട് അഭ്യർഥിച്ചിട്ടുണ്ട്.
താൽക്കാലിക അസൗകര്യത്തിനിടെ അപേക്ഷകർ കാഴ്ചവയ്ക്കുന്ന ക്ഷമയ്ക്കും സഹകരണത്തിനും നന്ദി അറിയിച്ച VFS Global, സേവനങ്ങൾ പുനരാരംഭിക്കാൻ അനുമതി ലഭിക്കുന്ന മുറയ്ക്ക് സാധ്യമായ ഏറ്റവും വേഗത്തിൽ പ്രവർത്തനം പുനഃസ്ഥാപിക്കുമെന്നും അറിയിച്ചു.