

ടെന്നീസ് ലോകത്തെ ഇതിഹാസ താരം വീനസ് വില്യംസ് s ഈ മാസം നടക്കുന്ന ഹോബാർട്ട് ഇന്റർനാഷണൽ ടെന്നീസ് ടൂർണമെന്റിൽ ആദ്യമായി പങ്കെടുക്കും. ടൂർണമെന്റിന്റെ 31 വർഷത്തെ ചരിത്രത്തിലെ ഏറ്റവും ശക്തമായ വനിതാ മത്സരനിരയാണിതെന്ന് സംഘാടകർ അറിയിച്ചു.
ജനുവരി 12ന് ഡൊമെയ്ൻ ടെന്നീസ് സെന്ററിൽ ആരംഭിക്കുന്ന മത്സരത്തിനുള്ള പ്രധാന ഡ്രോ വൈൽഡ് കാർഡായാണ് മുൻ ലോക ഒന്നാം നമ്പറും ഏഴ് തവണ ഗ്രാൻഡ് സ്ലാം സിംഗിൾസ് ജേതാവുമായ വീനസ് വില്യംസ് എത്തുന്നത്.
“ഓസ്ട്രേലിയയിലേക്ക് വീണ്ടും മടങ്ങിവരുന്നതിൽ ഏറെ സന്തോഷമുണ്ട്. ഈ വേനലിൽ ഹോബാർട്ടിൽ മത്സരിക്കാൻ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്,” വീനസ് പറഞ്ഞു.
33-ാമത് WTA ടൂർ സീസണിന് തുടക്കം കുറിക്കുന്ന വെനസ് വില്യംസിനൊപ്പം യുഎസ് ഓപ്പൺ 2021 ജേതാവ് എമ്മ റഡുകാനു, വിംബിള്‍ഡൺ 2024, റോളാൻഡ് ഗാരോസ് 2021 ജേതാവ് ബാർബോറ ക്രെയ്ചികോവ, രണ്ടുതവണ ഹോബാർട്ട് ജേതാവായ എലൈസ് മെർട്ടൻസ്, നിലവിലെ ചാമ്പ്യൻ മക്കാർട്ട്‌നി കെസ്‌ലർ എന്നിവരും മത്സരനിരയിലുണ്ട്.
വില്യംസിന്റെ പങ്കാളിത്തം ആഗോള ടെന്നീസ് കലണ്ടറിൽ ഹൊബാർട്ടിന്റെ വർദ്ധിച്ചുവരുന്ന പ്രാധാന്യത്തെ എടുത്തുകാണിച്ചുവെന്ന് ടൂർണമെന്റ് ഡയറക്ടർ ഡാരൻ സ്റ്റർഗെസ് പറഞ്ഞു.
“ഓസ്ട്രേലിയൻ ഓപ്പണിൽ മത്സരിക്കുന്നതിന് മുമ്പ്, വീനസ് വില്യംസ് തന്റെ 33-ാമത് WTA ടൂർ സീസൺ ഓസ്‌ട്രേലിയയിൽ, ഹൊബാർട്ട് ഇന്റർനാഷണലിൽ ആരംഭിക്കാൻ തിരഞ്ഞെടുത്തതിൽ ഞങ്ങൾക്ക് അതിയായ സന്തോഷമുണ്ട്,” സ്റ്റർഗെസ് പറഞ്ഞു.
“ഈ വർഷം ഞങ്ങളുടെ ഫീൽഡിൽ പേരുള്ള എല്ലാ കളിക്കാരും ഓസ്‌ട്രേലിയൻ ഓപ്പണിൽ മത്സരിക്കും, ഇത് ആഗോള ടെന്നീസ് ടൂറിൽ ഒരു പ്രധാന സ്റ്റോപ്പായി ഹൊബാർട്ടിന്റെ സ്ഥാനം ശക്തിപ്പെടുത്തുന്നു.”
ഇതുവരെ ലോക 20-ാം നമ്പർ എലൈസ് മെർട്ടൻസ്, 29-ാം നമ്പർ എമ്മ റഡുകാനു, 31-ാം നമ്പർ മക്കാർട്ട്‌നി കെസ്‌ലർ ഉൾപ്പെടെ 22 മുൻനിര താരങ്ങളാണ് ടൂർണമെന്റിൽ രജിസ്റ്റർ ചെയ്തിരിക്കുന്നത്. മൂന്ന് വൈൽഡ് കാർഡ് സ്ഥാനങ്ങൾ ഇനിയും പ്രഖ്യാപിക്കാനുണ്ട്.
ജനുവരി 10–11 തീയതികളിൽ ഫ്രീ ഫാമിലി ഫൺ വീക്കെൻഡും ക്വാളിഫൈയിംഗ് റൗണ്ടും നടക്കും. പ്രധാന മത്സരം ജനുവരി 17 വരെ തുടരും.