

അമേരിക്കയും ഇസ്രായേലും ഇറാനിൽ നടത്തിയ സൈനിക നീക്കത്തെത്തുടർന്ന് പശ്ചിമേഷ്യയിൽ സംഘർഷം രൂക്ഷമായതോടെ, മേഖലയിലുള്ള തങ്ങളുടെ പൗരന്മാരോട് എത്രയും വേഗം രാജ്യം വിടാൻ ഓസ്‌ട്രേലിയൻ സർക്കാർ നിർദ്ദേശിച്ചു. 'സ്‌മാർട്ട് ട്രാവലർ' (Smartraveller) വഴി നൽകിയ പുതിയ നിർദ്ദേശത്തിൽ ഇസ്രായേൽ, ലബനൻ, ഖത്തർ, യുഎഇ തുടങ്ങി നിരവധി രാജ്യങ്ങളിലേക്ക് 'യാത്ര ചെയ്യരുത്' എന്ന കർശന മുന്നറിയിപ്പാണ് നൽകിയിരിക്കുന്നത്.
അടിയന്തര സാഹചര്യത്തെത്തുടർന്ന് ഖത്തർ എയർവേയ്‌സ്, എമിറേറ്റ്‌സ് തുടങ്ങിയ കമ്പനികൾ നിരവധി സർവീസുകൾ റദ്ദാക്കി. ശനിയാഴ്ച മാത്രം നാല് വിമാനങ്ങളാണ് പാതിവഴിയിൽ നിന്ന് ഓസ്‌ട്രേലിയയിലേക്ക് തിരിച്ചയച്ചത്. വാണിജ്യ വിമാനങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് പൗരന്മാർ ഉടൻ മടങ്ങണമെന്ന് ആഭ്യന്തര മന്ത്രി ടോണി ബർക്ക് ആവശ്യപ്പെട്ടു. മേഖലയിലുള്ള ഓസ്‌ട്രേലിയക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ വിദേശകാര്യ മന്ത്രാലയം പ്രത്യേക ക്രൈസിസ് സെന്റർ തുറന്നിട്ടുണ്ട്. സംഘർഷം പടരുന്ന സാഹചര്യത്തിൽ എയർ ഇന്ത്യ ഉൾപ്പെടെയുള്ള അന്താരാഷ്ട്ര കമ്പനികളും ഈ മേഖല വഴിയുള്ള യാത്രകളിൽ നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.