ഓസ്‌ട്രേലിയയിൽ വിന്യസിക്കുന്ന ആദ്യ യുഎസ് ആണവ അന്തർവാഹിനിക്ക് ‘യുഎസ്എസ് കൊളറാഡോ’ എന്ന് പേര്

വിർജീനിയ ക്ലാസിൽപ്പെട്ട അന്തർവാഹിനി 2027 മുതൽ പെർത്തിൽ ഗാർഡൻ ഐലൻഡിലുള്ള എച്ച്എംഎഎസ് സ്റ്റിർലിങ് നാവികത്താവളത്തിൽ നിലയുറപ്പിക്കുമെന്ന് ഓസ്‌ട്രേലിയൻ, യുഎസ് സർക്കാരുകൾ അറിയിച്ചു.
ഓസ്‌ട്രേലിയയിൽ ആദ്യ യുഎസ് ആണവ അന്തർവാഹിനി: യുഎസ്എസ് കൊളറാഡോ
A US Navy Virginia-class submarine. (US Defence)
Published on: 

ഓകസ് (AUKUS) പ്രതിരോധ കരാറിന്റെ ഭാഗമായി പടിഞ്ഞാറൻ ഓസ്‌ട്രേലിയയിൽ വിന്യസിക്കുന്ന ആദ്യ യുഎസ് നാവികസേനയുടെ ആണവോർജ ആക്രമണ അന്തർവാഹിനിക്ക് യുഎസ്എസ് കൊളറാഡോ (USS Colorado) എന്ന് പേരിട്ടു. വിർജീനിയ ക്ലാസിൽപ്പെട്ട അന്തർവാഹിനി 2027 മുതൽ പെർത്തിൽ ഗാർഡൻ ഐലൻഡിലുള്ള എച്ച്എംഎഎസ് സ്റ്റിർലിങ് നാവികത്താവളത്തിൽ നിലയുറപ്പിക്കുമെന്ന് ഓസ്‌ട്രേലിയൻ, യുഎസ് സർക്കാരുകൾ അറിയിച്ചു. സബ്‌മറൈൻ റൊട്ടേഷണൽ ഫോഴ്‌സ്–വെസ്റ്റ് എന്നറിയപ്പെടുന്ന ഈ സംവിധാനത്തിലൂടെ 2027ന്റെ അവസാനത്തോടെ യുഎസിന്റെ നാല് അന്തർവാഹിനികളും ബ്രിട്ടന്റെ ഒരു അന്തർവാഹിനിയും താവളത്തിൽനിന്ന് ഘട്ടംഘട്ടമായി വിന്യസിക്കാനാണ് പദ്ധതി. യുഎസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത്, ഓസ്‌ട്രേലിയൻ പ്രതിരോധമന്ത്രി റിച്ചാർഡ് മാർൾസ്, ബ്രിട്ടീഷ് പ്രതിരോധ സെക്രട്ടറി വെസ് സ്ട്രീറ്റിങ് എന്നിവർ സംയുക്ത പ്രസ്താവനയിലൂടെയാണ് വിന്യാസം പ്രഖ്യാപിച്ചത്.

ഓസ്‌ട്രേലിയയിൽ ആദ്യ യുഎസ് ആണവ അന്തർവാഹിനി: യുഎസ്എസ് കൊളറാഡോ

വിന്യസിക്കുന്ന ഓരോ അന്തർവാഹിനിയിലും ആണവായുധങ്ങൾ ഉണ്ടായിരിക്കുമോ എന്ന കാര്യത്തിൽ യുഎസ് അധികൃതർ പ്രതികരിച്ചിട്ടില്ല. അതേസമയം, എച്ച്എംഎഎസ് സ്റ്റിർലിങ്ങിൽനിന്നുള്ള വിന്യാസങ്ങൾ ഓസ്‌ട്രേലിയയുടെ അന്താരാഷ്ട്ര ആണവനിർവ്യാപന ബാധ്യതകൾക്ക് വിധേയമായിരിക്കുമെന്ന് സംയുക്ത പ്രസ്താവനയിൽ വ്യക്തമാക്കി.

ഇന്തോ-പസഫിക് മേഖലയിൽ ചൈനയുടെ വർധിച്ചുവരുന്ന ശക്തിപ്രകടനത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തോടെ ഓസ്‌ട്രേലിയയും യുഎസും ബ്രിട്ടനും 2021ലാണ് ഓകസ് കരാറിൽ ഒപ്പുവെച്ചത്. കരാർ പ്രകാരം, ആണവോർജത്തിൽ പ്രവർത്തിക്കുന്നതും എന്നാൽ ആണവായുധങ്ങൾ വഹിക്കാത്തതുമായ എട്ട് അന്തർവാഹിനികൾ യുഎസിൽനിന്നും ബ്രിട്ടനിൽനിന്നുമായി ഓസ്‌ട്രേലിയൻ നാവികസേനയ്ക്ക് ലഭിക്കും. ഓകസ് പദ്ധതിയുടെ ഭാഗമായി ഇരു രാജ്യങ്ങളിലെയും കപ്പൽനിർമാണ വ്യവസായങ്ങൾ ശക്തിപ്പെടുത്തുന്നതിനായി ഓസ്‌ട്രേലിയൻ നികുതിദായകർ ഇതുവരെ ആകെ 10 ബില്യൺ ഓസ്‌ട്രേലിയൻ ഡോളർ നൽകിയിട്ടുണ്ട്. 2050കളുടെ മധ്യത്തോടെ പദ്ധതിയുടെ മൊത്തം ചെലവ് ഏകദേശം 368 ബില്യൺ ഓസ്‌ട്രേലിയൻ ഡോളറിലെത്തുമെന്നാണ് കണക്കാക്കുന്നത്.

Metro Australia
maustralia.com.au