

അഡ്‌ലെയ്ഡ്: ഓസ്‌ട്രേലിയയിലെ മിഡ്‌വൈഫുമാരുടെ കടുത്ത ക്ഷാമം പരിഹരിക്കാൻ സർക്കാർ ക്ഷണപ്രകാരം ബ്രിട്ടനിൽ നിന്നെത്തിയ നഴ്‌സിന് വീട് വാങ്ങിയതിന്റെ പേരിൽ 70,000 ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 39 ലക്ഷം രൂപ) 'ഫോറിൻ ഇൻവെസ്റ്റ്‌മെന്റ് ടാക്സ്' (വിദേശ നിക്ഷേപ നികുതി) ചുമത്തി അധികൃതർ. സൌത്ത് ഓസ്‌ട്രേലിയയിലെ വൈയാല (Whyalla) ഹോസ്പിറ്റലിലെ പ്രസവവിഭാഗം പുനരാരംഭിക്കുന്നതിനായി 2024-ൽ ലിവർപൂളിൽ നിന്നും എത്തിയ കേറ്റ് ഗ്രിഫിത്സ് എന്ന മിഡ്‌വൈഫിനാണ് ഈ ദുരനുഭവമുണ്ടായത്.
ഉടൻ തന്നെ പെർമനന്റ് റെസിഡൻസി നൽകാമെന്ന ഉറപ്പിൽ സൗത്ത് ഓസ്‌ട്രേലിയ ഹെൽത്ത് ഡിപ്പാർട്ട്മെന്റ് ഇവരെ താൽക്കാലിക വിസയിലാണ് രാജ്യത്ത് എത്തിച്ചത്. തുടർന്ന് 2025-ൽ ഇവർ വൈയാലയിൽ ഒരു വീട് വാങ്ങി. എന്നാൽ സൗത്ത് ഓസ്‌ട്രേലിയൻ നിയമപ്രകാരം, വിദേശികൾ വീട് വാങ്ങി 12 മാസത്തിനുള്ളിൽ പിആർ ലഭിച്ചില്ലെങ്കിൽ വൻ തുക സർചാർജ് നൽകണം. ആരോഗ്യവകുപ്പിന്റെ അഡ്മിനിസ്ട്രേറ്റീവ് വൈകൽ കാരണം കേറ്റിന് പിആർ ലഭിക്കാൻ 15 മാസമെടുത്തു. ഇതോടെ സംസ്ഥാന സർക്കാർ 28,000 ഡോളർ അധിക സ്റ്റാമ്പ് ഡ്യൂട്ടിയായി ചുമത്തി. ഇതിനുപുറമെ, താൽക്കാലിക വിസയിലിരിക്കെ വീട് വാങ്ങിയതിന് ഓസ്‌ട്രേലിയൻ ടാക്സേഷൻ ഓഫീസ് 44,000 ഡോളർ ഫെഡറൽ പിഴയും ചുമത്തിയതോടെ ഈ കുടുംബത്തിന്റെ സമ്പാദ്യം മുഴുവൻ നഷ്ടമായി.
സംസ്ഥാന സർക്കാർ പണം തിരികെ നൽകും; എടിഒ വഴങ്ങുന്നില്ല:
മാധ്യമങ്ങൾ ഈ വിഷയം ഏറ്റെടുത്തതോടെ സൗത്ത് ഓസ്‌ട്രേലിയൻ ട്രഷറർ ടോം കൂട്ടാന്റോണിസ് ഇടപെടുകയും കേറ്റിന്റെ പ്രത്യേക സാഹചര്യം പരിഗണിച്ചു സംസ്ഥാന സർക്കാരിന്റെ 28,000 ഡോളർ തിരികെ നൽകാൻ ഉത്തരവിടുകയും ചെയ്തു. എന്നാൽ, കേന്ദ്ര ടാക്സ് വകുപ്പായ എടിഒ തങ്ങളുടെ 44,000 ഡോളർ പിഴ ഒഴിവാക്കാൻ കഴിയില്ലെന്ന കർശന നിലപാടിലാണ്. അത്യാവശ്യ ജീവനക്കാരെ രാജ്യത്തേക്ക് ആകർഷിക്കാൻ ശ്രമിക്കുമ്പോൾ ഇത്തരം നിയമങ്ങൾ തിരിച്ചടിയാകുമെന്നും ഇത് രാജ്യത്തിന് തന്നെ നാണക്കേടാണെന്നും ഫെഡറൽ എംപി ടോം വെന്നിങ് കുറ്റപ്പെടുത്തി. ഈ വൻ സാമ്പത്തിക ബാധ്യത കാരണം കേറ്റിന്റെ ഭർത്താവ് മാർക്കിന് ഇലക്ട്രിക്കൽ ലൈസൻസ് എടുക്കാനുള്ള പണം പോലും ഇല്ലാതായെന്നും, ഒടുവിൽ തങ്ങളുടെ മുത്തശ്ശിയുടെ മരണാനന്തര സ്വത്ത് ഉപയോഗിച്ചാണ് തുക അടച്ചുതീർത്തതെന്നും ബ്രിട്ടനിലേക്ക് തിരികെ പോകുന്നതിനെക്കുറിച്ച് വരെ ചിന്തിച്ചിരുന്നുവെന്നും ഈ കുടുംബം കണ്ണീരോടെ പറഞ്ഞു.