മെനുവിൽ വൻ മാറ്റവുമായി മക്‌ഡൊണാൾഡ്‌സ്; ഇനി ഭക്ഷണത്തിലെ പ്രോട്ടീൻ അളവും വ്യക്തമായി അറിയാം

പുതിയ മെനു വിവരങ്ങൾ അനുസരിച്ച്, ഒരു ബിഗ് മാക്കിൽ 28 ഗ്രാം പ്രോട്ടീനും ഡബിൾ ബിഗ് മാക്കിൽ 42 ഗ്രാം പ്രോട്ടീനുമുണ്ട്. ഡബിൾ ക്വാർട്ടർ പൗണ്ടറിൽ 54 gm, മക്‌ചിക്കനിൽ 16 ഗ്രാമും പ്രോട്ടീൻ അടങ്ങിയിരിക്കുന്നു.
മക്‌ഡൊണാൾഡ്‌സ് മെനുവിൽ പ്രോട്ടീൻ അളവ് വ്യക്തമാക്കുന്ന പുതിയ മാറ്റം
(Jo Abi)
Published on: 

ഓസ്‌ട്രേലിയയിലുടനീളമുള്ള മക്‌ഡൊണാൾഡ്‌സ് ഔട്ട്‌ലെറ്റുകളിൽ മെനുവിൽ പുതിയ മാറ്റം. തിരഞ്ഞെടുത്ത ഭക്ഷണവിഭവങ്ങളിലെ പ്രോട്ടീൻ അളവ് ഗ്രാം കണക്കിൽ വലിയ അക്ഷരങ്ങളിൽ പ്രദർശിപ്പിച്ചുതുടങ്ങി. ഡിജിറ്റൽ ഓർഡറിങ് സ്ക്രീനുകളിലും മൈ മക്‌ഡൊണാൾഡ്‌സ് ആപ്പിലുമാണ് ഉപഭോക്താക്കൾക്ക് ഈ വിവരങ്ങൾ കാണാനാകുന്നത്. പ്രോട്ടീൻ അളവ് വ്യക്തമായി പ്രദർശിപ്പിക്കുന്ന സംവിധാനം ഏപ്രിലിൽ അമേരിക്കയിലെ മക്‌ഡൊണാൾഡ്‌സ് ഔട്ട്‌ലെറ്റുകളിൽ അവതരിപ്പിച്ചിരുന്നു. ആഗോളതലത്തിൽ പ്രോട്ടീൻ സമ്പുഷ്ടമായ ഭക്ഷണങ്ങളോടുള്ള താൽപര്യം വർധിക്കുന്നതിനിടെയാണ് ഓസ്‌ട്രേലിയയിലും ഈ മാറ്റം.

പുതിയ മെനു വിവരങ്ങൾ അനുസരിച്ച്, ഒരു ബിഗ് മാക്കിൽ 28 ഗ്രാം പ്രോട്ടീനും ഡബിൾ ബിഗ് മാക്കിൽ 42 ഗ്രാം പ്രോട്ടീനുമുണ്ട്. ഡബിൾ ക്വാർട്ടർ പൗണ്ടറിൽ 54 ഗ്രാമും മക്‌ചിക്കനിൽ 16 ഗ്രാമും പ്രോട്ടീൻ അടങ്ങിയിരിക്കുന്നു. 20 ചിക്കൻ നഗറ്റ്സ് അടങ്ങിയ ഒരു ബോക്സിൽ 43 ഗ്രാം പ്രോട്ടീനുമുണ്ട്. പ്രതിദിനം കഴിക്കുന്ന പ്രോട്ടീന്റെ അളവ് കണക്കാക്കുന്ന ഉപഭോക്താക്കൾക്ക് പുതിയ സംവിധാനം സഹായകരമാകുമെന്നാണ് വിലയിരുത്തൽ. എന്നാൽ, പ്രോട്ടീൻ അളവ് മാത്രം കണക്കാക്കി ഭക്ഷണത്തിന്റെ പോഷകഗുണം വിലയിരുത്തരുതെന്ന് ആരോഗ്യവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നു.

പ്രോട്ടീൻ കൂടുതലുണ്ടെന്നത് ആരോഗ്യകരമെന്നർഥമല്ല

ഓസ്‌ട്രേലിയയിലെ പ്രമുഖ ഡയറ്റീഷ്യൻ സൂസി ബറൽ പറയുന്നതനുസരിച്ച്, മക്‌ഡൊണാൾഡ്‌സിലെ ചില വിഭവങ്ങളിൽ പ്രോട്ടീൻ ഉണ്ടെങ്കിലും അവയിൽ കൊഴുപ്പും പ്രത്യേകിച്ച് പൂരിത കൊഴുപ്പും ഉയർന്ന അളവിലുണ്ടാകാം. നാരുകൾ ഉൾപ്പെടെയുള്ള മറ്റ് പോഷകങ്ങളുടെ അളവും താരതമ്യേന കുറവായിരിക്കാമെന്ന് അവർ ചൂണ്ടിക്കാട്ടി. “ചില വിഭവങ്ങളിൽ പ്രോട്ടീൻ ലഭിക്കുന്നുണ്ടെങ്കിലും അതിനൊപ്പം വലിയ അളവിൽ കൊഴുപ്പും, പ്രത്യേകിച്ച് പൂരിത കൊഴുപ്പും ഉണ്ടാകാം,” എന്ന് ബറൽ nine.com.au-യോട് പറഞ്ഞു. മറ്റ് ഫാസ്റ്റ് ഫുഡ് ശൃംഖലകളിലെ വിഭവങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ മക്‌ഡൊണാൾഡ്‌സിന്റെ സാധാരണ ചിക്കൻ ബർഗറുകളിൽ പോലും കൊഴുപ്പും കലോറിയും കൂടുതലാണെന്നും അവർ അഭിപ്രായപ്പെട്ടു.

മക്‌ഡൊണാൾഡ്‌സിലെ വിഭവങ്ങളിൽ താരതമ്യേന മികച്ചൊരു തിരഞ്ഞെടുപ്പായി ബേക്കൺ ആൻഡ് എഗ് മക്‌മഫിനെ അവർ ചൂണ്ടിക്കാട്ടി. ഏകദേശം 330 കലോറിയിൽ 21 ഗ്രാം പ്രോട്ടീൻ ഇതിൽ ലഭിക്കും. എന്നാൽ പോഷകമൂല്യം കൃത്യമായി വിലയിരുത്തണമെങ്കിൽ കൊഴുപ്പിന്റെ അളവും മെനുവിൽ വ്യക്തമാക്കണമെന്നും ബറൽ പറഞ്ഞു.

മക്‌ഡൊണാൾഡ്‌സ് മെനുവിൽ പ്രോട്ടീൻ അളവ് വ്യക്തമാക്കുന്ന പുതിയ മാറ്റം
(McDonald’s)

മൊത്തത്തിലുള്ള പോഷകമൂല്യമാണ് പ്രധാനം

മക്‌ഡൊണാൾഡ്‌സ് ഉൾപ്പെടെയുള്ള ഫാസ്റ്റ് ഫുഡ് വിഭവങ്ങൾ സമീകൃത ഭക്ഷണക്രമത്തിന്റെ ഭാഗമാകാമെന്ന് ഫുഡ് സയന്റിസ്റ്റ് ഡോ. എമ്മ ബെക്കറ്റ് പറഞ്ഞു. എന്നാൽ പ്രോട്ടീൻ പോലുള്ള ഒറ്റ പോഷകഘടകത്തെ മാത്രം അടിസ്ഥാനമാക്കി ഭക്ഷണത്തെ ആരോഗ്യകരമെന്ന് വിലയിരുത്തുന്നത് തെറ്റാണെന്നും അവർ വ്യക്തമാക്കി. “പ്രോട്ടീൻ ഉണ്ടെന്നതുകൊണ്ട് മാത്രം ഒരു ഭക്ഷണം ആരോഗ്യകരമാകില്ല. പ്രത്യേക പോഷകഘടകങ്ങളെ മാത്രം ഉയർത്തിക്കാട്ടുന്നതിൽ ശ്രദ്ധ കേന്ദ്രീകരിക്കാതെ, ഭക്ഷണത്തിന്റെ മൊത്തത്തിലുള്ള പോഷകമൂല്യവും ഭക്ഷണക്രമത്തിന്റെ സന്തുലിതാവസ്ഥയും പരിഗണിക്കണം,” എന്ന് ബെക്കറ്റ് പറഞ്ഞു.

കലോറി, പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, കൊഴുപ്പ് തുടങ്ങിയ പ്രധാന പോഷകഘടകങ്ങൾക്കൊപ്പം വിറ്റാമിനുകളും ധാതുക്കളും പോലുള്ള സൂക്ഷ്മപോഷകങ്ങളും ഭക്ഷണത്തിന്റെ ആസ്വാദ്യതയും തയ്യാറാക്കാനുള്ള സൗകര്യവും പരിഗണിക്കേണ്ടതുണ്ടെന്നും അവർ കൂട്ടിച്ചേർത്തു. ഇതിനിടെ, നാല് വർഷത്തെ ഇടവേളയ്ക്കുശേഷം ഡയറ്റ് കോക്ക് മെനുവിൽ തിരിച്ചെത്തിക്കുമെന്ന് മക്‌ഡൊണാൾഡ്‌സ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ് പ്രോട്ടീൻ അളവ് പ്രദർശിപ്പിക്കുന്ന പുതിയ മാറ്റവും ശ്രദ്ധ നേടുന്നത്. പുതിയ സംവിധാനത്തെക്കുറിച്ച് പ്രതികരണം തേടി കമ്പനിയെ ബന്ധപ്പെട്ടിട്ടുണ്ടെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.

Metro Australia
maustralia.com.au