

മെൽബൺ: ഓസ്‌ട്രേലിയയിൽ പ്രമുഖ ടെലികമ്മ്യൂണിക്കേഷൻ കമ്പനിയായ 'ടെൽസ്ട്ര'യുടെ നെറ്റ്‌വർക്കിൽ ഉണ്ടായ വൻ സാങ്കേതിക തകരാറിനെത്തുടർന്ന് രാജ്യത്തുടനീളം മൊബൈൽ ഫോൺ, ഇന്റർനെറ്റ്, എമർജൻസി സേവനങ്ങൾ തടസ്സപ്പെട്ടു. ഇന്ന് രാവിലെ ഉണ്ടായ തകരാർ കാരണം അടിയന്തര ആവശ്യങ്ങൾക്കായുള്ള Triple Zero' (000) നമ്പർ കോളുകൾ പോലും പലർക്കും ലഭ്യമായില്ലെന്ന് പരാതി ഉയർന്നതിനെത്തുടർന്ന് കമ്പനി അന്വേഷണവും സുരക്ഷാ പരിശോധനകളും ആരംഭിച്ചു. മൊബൈൽ നെറ്റ്‌വർക്കിന് പുറമെ ട്രെയിൻ ഗതാഗതത്തെയും കടകളിലെ കച്ചവടങ്ങൾക്കുള്ള ഇഎഫ്‌ടിപിഒഎസ്ഡിജിറ്റൽ പെയ്‌മെന്റ് സംവിധാനങ്ങളെയും തകരാർ സാരമായി ബാധിച്ചു.
സിഡ്‌നിയിലെയും മെൽബണിലെയും പ്രധാന ഡാറ്റാ സെന്ററുകളിലെ സെർവർ നോഡുകളിൽ സമയം സിൻക്രൊണൈസ് ചെയ്യുന്നതിൽ ഉണ്ടായ തകരാറാണ് നെറ്റ്‌വർക്ക് പൂർണ്ണമായും നിശ്ചലമാകാൻ കാരണമായതെന്ന് ടെൽസ്ട്ര ചീഫ് ഫിനാൻഷ്യൽ ഓഫീസർ മൈക്കൽ ആക്‌ലാൻഡ് വ്യക്തമാക്കി. സംഭവത്തിൽ നിലവിൽ ബാഹ്യമായ സൈബർ ആക്രമണങ്ങൾ നടന്നതിന് തെളിവുകളൊന്നുമില്ലെന്ന് കമ്പനി അറിയിച്ചു. ടെൽസ്ട്രയുടെ ഉപഭോക്താക്കൾക്ക് പുറമെ കമ്പനിയുടെ ശൃംഖല ഉപയോഗിക്കുന്ന ബിലോങ് (Belong), ബൂസ്റ്റ് (Boost), അൽഡി മൊബൈൽ (Aldi Mobile) തുടങ്ങിയ സേവനങ്ങളെയും തകരാർ ബാധിച്ചു. ആയിരക്കണക്കിന് ആളുകളെ ബാധിച്ച തകരാർ പരിഹരിച്ചുവരികയാണെന്നും നിലവിൽ 90 ശതമാനം സേവനങ്ങളും പുനഃസ്ഥാപിച്ചതായും കമ്പനി അറിയിച്ചു.
മൊബൈൽ നെറ്റ്‌വർക്ക് തടസ്സപ്പെട്ടതോടെ വെസ്റ്റേൺ ഓസ്‌ട്രേലിയ, ന്യൂ സൗത്ത് വെയ്‌ൽസ്, വിക്ടോറിയ എന്നീ സംസ്ഥാനങ്ങളിലെ പൊലീസും അടിയന്തര സേവന വിഭാഗങ്ങളും ജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം നൽകി. സ്വന്തം ഫോണുകളിൽ നിന്നും എമർജൻസി കോളുകൾ പോകുന്നില്ലെങ്കിൽ ലാൻഡ്‌ലൈനുകളോ വൈഫൈ കോളുകളോ അയൽക്കാരുടെ ഫോണുകളോ ഉപയോഗിക്കാൻ അധികൃതർ ആവശ്യപ്പെട്ടു. ടൈറോ പെയ്‌മെന്റ് ആപ്പ് പ്രവർത്തിക്കാതായതോടെ ഏകദേശം 80,000 ചെറുകിട വ്യാപാരികളുടെ കച്ചവടവും തടസ്സപ്പെട്ടു. ടെൽസ്ട്ര നെറ്റ്‌വർക്കിനുണ്ടായ ആഘാതവും വിവരങ്ങളും സർക്കാർ തത്സമയം നിരീക്ഷിച്ചു വരികയാണെന്ന് ഓസ്‌ട്രേലിയൻ പ്രധാനമന്ത്രി ആന്റണി അൽബനീസ് പ്രസ്താവനയിലൂടെ അറിയിച്ചു.