
ഹൊബാർട്ട്: ടാസ്മാനിയയിലെ ഉരുളക്കിഴങ്ങിന്‍റെ വിലയിടിവിൽ പ്രതിഷേധിച്ച് കർഷകർ പ്രതിഷേധറാലി നടത്തി. 2026 ലെ വിളവെടുപ്പിനായുള്ള ചർച്ചകളെത്തുടർന്ന് സംഘർഷം രൂക്ഷമാകുന്നതിനിടെയാണ് ഈ റാലി സംഘടിപ്പിച്ചത്. ബഹുരാഷ്ട്ര കമ്പനിയായ സിംപ്ലോട്ട് ഫാം-ഗേറ്റ് വിലകൾ വെട്ടിക്കുറച്ചതായും അതേസമയം വൻ ലാഭം നേടുന്നതായും വിദേശത്ത് നിന്ന് വിലകുറഞ്ഞ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതായും കര്‍ഷകർ ആരോപിച്ചു.
ഉത്പാദനത്തിനുള്ള ചെലവ് വർധിക്കുന്നതനുസരിച്ച് ഉത്പന്നത്തിന് വില കിട്ടുന്നില്ല എന്നതാണ് കർഷകർ നേരിടുന്ന പ്രധാന പ്രതിസന്ധി. ഈ വർഷം കർഷകർ ലാഭത്തിൽ 39% ഇടിവ് നേരിടുന്നുവെന്നാണ് കണക്ക്. മുന്‍വർഷങ്ങളിൽ ചെലവിനനുസരിച്ചുള്ള വിലയാണ് സിംപ്ലോട്ട് ഓസ്ട്രേലിയ കർഷകർക്ക് നല്കി വന്നതെങ്കിലും അമേരിക്കൻ ആസ്ഥാനമായുള്ള പുതിയ മാനേജ്മെന്റ് സംഘം ഈ ക്രമീകരണം ഒഴിവാക്കുകയും കർഷകർക്ക് 6% വിലക്കുറവ് മാത്രമേ വാഗ്ദാനം ചെയ്യുകയും ചെയ്തുള്ളൂ.
അതേസമയം കമ്പനി വിലകുറഞ്ഞ ഉൽപന്നങ്ങൾ ഇറക്കുമതി ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുന്നതായും കർഷകർ ആരോപിച്ചു. ശീതീകരിച്ച ഉരുളക്കിഴങ്ങ് ഇറക്കുമതി ഏഴ് വർഷത്തിനിടെ നാലിരട്ടിയായി വർദ്ധിച്ചു, 2024 ൽ മാത്രം 188,339 ടണ്ണിലെത്തി. ഓസ്ട്രേലിയയെ അപേക്ഷിച്ച് തൊഴിലും മറ്റു ചെലവുകളും കുറവുള്ള ഇന്ത്യ, ചൈന തുടങ്ങിയ രാജ്യങ്ങളിൽ നിന്നാണ് അവിടേക്ക് ഉരുളക്കിഴങ്ങ് എത്തുന്നത്.