

ഹോബാർട്ട്: ലോകത്തിലെ ഏറ്റവും വലിയ ബാറ്ററി ഇലക്ട്രിക് യാത്രാക്കപ്പലായ 'ഹൾ 096' (Hull 096) ദക്ഷിണ അമേരിക്കയിലെത്തി. ഓസ്‌ട്രേലിയയിലെ ടാസ്മേനിയൻ കപ്പൽ നിർമ്മാണ കമ്പനിയായ ഇൻകാറ്റ് നിർമ്മിച്ച ഈ ഭീമൻ ഫെറി, 'എംവി ബ്ലാക്ക് മാർലിൻ' എന്ന ഹെവി-ലിഫ്റ്റ് ട്രാൻസ്പോർട്ടർ കപ്പലിലാണ് പസഫിക് സമുദ്രവും കേപ് ഹോണും കടന്ന് ഉറുഗ്വേയിലെ കൊളോണിയ ഡെൽ സാക്രമെന്റോ തുറമുഖത്ത് എത്തിയത്. സമുദ്ര ഗതാഗത രംഗത്തെ വിപ്ലവകരമായ നാഴികക്കല്ലായാണ് ഇതിന്റെ വരവ് വിലയിരുത്തപ്പെടുന്നത്.
ഉറുഗ്വേൻ കമ്പനിയായ ബുക്വെബസിന് (Buquebus) വേണ്ടി നിർമ്മിച്ച ഈ ഫെറി ഉറുഗ്വേയിലെ കൊളോണിയ ഡെൽ സാക്രമെന്റോയ്ക്കും അർജന്റീന തലസ്ഥാനമായ ബ്യൂണസ് ഐറിസിനും ഇടയിലുള്ള സർവീസിനാണ് ഉപയോഗിക്കുക. 130 മീറ്റർ നീളമുള്ള കപ്പലിൽ 2,100 യാത്രക്കാരെയും 225 വാഹനങ്ങളെയും ഒരേസമയം ഉൾക്കൊള്ളാനാകും. 5,000-ലധികം ബാറ്ററി മൊഡ്യൂളുകളിൽ പ്രവർത്തിക്കുന്ന ഈ സമ്പൂർണ്ണ അലുമിനിയം കപ്പലിന് ഒറ്റ ചാർജിൽ 90 മിനിറ്റ് വരെ സർവീസ് നടത്താൻ കഴിയും. പരീക്ഷണ ഓട്ടങ്ങൾക്ക് ശേഷം കപ്പൽ ഉടൻ വാണിജ്യ സർവീസ് ആരംഭിക്കും.