

ഹൊബാർട്ട്: വാണിജ്യ സ്ഥാപനങ്ങൾക്കും സ്പോർട്സ് ക്ലബ്ബുകൾക്കുമുള്ള ഡ്രെയിനേജ് (Sewerage) നിരക്കുകളിൽ വൻ വർധനവ് വരുത്തിയ വിവാദ പരിഷ്കാരം പുനഃപരിശോധിക്കാൻ ടാസ്മാനിയയിലെ വാട്ടർ അതോറിറ്റിയായ ടാസ്‌വാട്ടർ (TasWater) തീരുമാനിച്ചു. യഥാർത്ഥ മലിനജല പുറന്തള്ളലിന് പകരം വാട്ടർ പൈപ്പ് കണക്ഷന്റെ വലുപ്പം അടിസ്ഥാനമാക്കി ജൂലൈ 1 മുതൽ നടപ്പാക്കിയ പുതിയ നിരക്ക് കാരണം ചില സ്ഥാപനങ്ങളുടെ പ്രതിമാസ ബിൽ 630 ഡോളറിൽ നിന്ന് 3,800 ഡോളറായി (500% വർധനവ്) കുതിച്ചുയർന്നിരുന്നു. ഇതിനെതിരെ വ്യാപാരികളിൽ നിന്നും കമ്മ്യൂണിറ്റി ഗ്രൂപ്പുകളിൽ നിന്നും കടുത്ത രോഷമാണ് ഉയർന്നത്.
വലിയ കണക്ഷനുകൾ ഉണ്ടെങ്കിലും മാലിന്യ പുറന്തള്ളൽ കുറവുള്ള കായിക ക്ലബ്ബുകൾക്കും ചെറുകിട വ്യവസായങ്ങൾക്കും ആശ്വാസം നൽകുന്ന ഇളവുകൾ കൊണ്ടുവരുമെന്ന് ടാസ്‌വാട്ടർ ജനറൽ മാനേജർ കാലൻ പാസ്കെ വ്യക്തമാക്കി. മൈതാനങ്ങളിൽ നനയ്ക്കാൻ വലിയ പൈപ്പുകൾ ഉപയോഗിക്കുന്ന സ്പോർട്സ് ക്ലബ്ബുകളുടെ 100 എംഎം കണക്ഷനുകളെ ഗാർഹിക ആവശ്യത്തിനുള്ള 20 എംഎം ആയി കണക്കാക്കി നിരക്ക് നിശ്ചയിക്കും. ഇതോടെ ഇത്തരം ക്ലബ്ബുകളുടെ വാർഷിക ഫിക്സഡ് ചാർജ്ജ് 20,000 ഡോളറിൽ നിന്ന് ആയിരം ഡോളറിന് താഴെയായി കുറയും. പുതിയ ഇളവുകൾ ജൂലൈ 1 മുതൽ മുൻകാല പ്രാബല്യത്തോടെ നടപ്പിലാക്കുമെന്നും അധികം അടച്ച തുക റീഫണ്ട് ചെയ്യുമെന്നും അധികൃതർ അറിയിച്ചു. തീരുമാനത്തെ സ്വാഗതം ചെയ്ത ടാസ്മാനിയൻ പ്രീമിയർ ജെറമി റോക്ക്‌ലിഫ്, ബിസിനസ് സമൂഹത്തിന് നീതി ഉറപ്പാക്കാൻ ചർച്ചകൾ തുടരുമെന്ന് വ്യക്തമാക്കി.