മത്സ്യങ്ങളിൽ മാരക ബാക്ടീരിയ ബാധ; കടലിൽ വെച്ച് സാൽമണുകൾക്ക് ആന്റിബയോട്ടിക് കുത്തിവെക്കാൻ ടാസൽ

ഓരോ മത്സ്യത്തെയും പ്രത്യേകം മയക്കിയ ശേഷമാണ് 'ഓക്സിടെട്രാസൈക്ലിൻ' എന്ന ആന്റിബയോട്ടിക് നേരിട്ട് ശരീരത്തിലേക്ക് കുത്തിവെക്കുന്നത്.
സാൽമൺ മത്സ്യകൃഷി
സാൽമൺ മത്സ്യകൃഷിPC; Tassal
Published on: 

ഹൊബാർട്ട്: ടാസ്മാനിയയിലെ കടൽ ഫാമുകളിൽ വളർത്തുന്ന സാൽമൺ മത്സ്യങ്ങളിൽ മാരകമായ ബാക്ടീരിയ രോഗം നേരത്തെ പടർന്നുപിടിച്ചതിനെത്തുടർന്ന്, കടലിൽ വെച്ചുതന്നെ മത്സ്യങ്ങൾക്ക് നേരിട്ട് ആന്റിബയോട്ടിക് കുത്തിവെക്കാൻ ഒരുങ്ങി പ്രമുഖ സമുദ്രോത്പന്ന കമ്പനിയായ ടാസൽ . സൗത്ത് ബ്രൂണി ഐലൻഡിന് സമീപമുള്ള ഡി'എൻട്രെകാസ്റ്റോ ചാനലിലെ ഗ്രേറ്റ് ടെയ്‌ലേഴ്‌സ് ബേയിലുള്ള ഫാമിലെ മത്സ്യങ്ങളിലാണ് കഴിഞ്ഞ വേനൽക്കാലത്ത് ലക്ഷക്കണക്കിന് സാൽമണുകളുടെ കൂട്ടമരണത്തിന് കാരണമായ 'പിസിറിക്കറ്റ്സിയ സാൽമോണിസ്' ബാക്ടീരിയ ബാധ സ്ഥിരീകരിച്ചത്. ടാസ്മാനിയൻ മത്സ്യകൃഷി ചരിത്രത്തിൽ ഇതാദ്യമായാണ് ഇത്തരമൊരു കുത്തിവെപ്പ് രീതി പരീക്ഷിക്കുന്നത്.

ഓരോ മത്സ്യത്തെയും പ്രത്യേകം മയക്കിയ ശേഷമാണ് 'ഓക്സിടെട്രാസൈക്ലിൻ' എന്ന ആന്റിബയോട്ടിക് നേരിട്ട് ശരീരത്തിലേക്ക് കുത്തിവെക്കുന്നത്. വ്യാഴാഴ്ചയോടെ ആദ്യ പെൻ മത്സ്യങ്ങൾക്ക് കുത്തിവെപ്പ് ആരംഭിക്കും. തീറ്റയിലൂടെ മരുന്ന് നൽകുന്നതിനേക്കാൾ വളരെ കുറഞ്ഞ അളവ് (ഏകദേശം 8 ശതമാനം മാത്രം) മരുന്ന് മാത്രമേ ഈ രീതിയിൽ ഉപയോഗിക്കേണ്ടി വരൂ എന്നും ഇത് പരിസ്ഥിതിയിലേക്ക് ആന്റിബയോട്ടിക്കുകൾ കലരുന്നത് തടയുമെന്നും ടാസൽ വക്താവ് വ്യക്തമാക്കി. ആദ്യ ഘട്ടത്തിൽ 10 കിലോഗ്രാം ആന്റിബയോട്ടിക്കാണ് ഉപയോഗിക്കുക. മുൻപ് തീറ്റയിലൂടെ നൽകിയിരുന്ന ഫ്ലോർഫെനിക്കോൾ എന്ന മരുന്നിന്റെ അംശം ചുറ്റുമുള്ള കാട്ടു മത്സ്യങ്ങളിൽ കണ്ടെത്തിയതിനെത്തുടർന്ന് അധികൃതർ അതിന്റെ അനുമതി റദ്ദാക്കിയിരുന്നു.

എന്നാൽ വേനൽക്കാലത്തിന് മുൻപ് തന്നെ രോഗബാധ ഉണ്ടായത് ടാസ്മാനിയയിലെ സമുദ്രജല താപനില ഉയരുന്നതിന്റെ വ്യക്തമായ തെളിവാണെന്നും, തണുത്ത വെള്ളത്തിൽ വളരുന്ന അറ്റ്ലാന്റിക് സാൽമണുകൾക്ക് അനുയോജ്യമായ അന്തരീക്ഷമല്ല ഇവിടെയുള്ളതെന്നും രാഷ്ട്രീയ നേതാക്കളും പരിസ്ഥിതി പ്രവർത്തകരും ചൂണ്ടിക്കാട്ടുന്നു. കഴിഞ്ഞ വർഷം 20,000 ടണ്ണിലധികം സാൽമണുകളും 2026-ന്റെ ആദ്യ പകുതിയിൽ 13,600 ടൺ മത്സ്യങ്ങളും ഇതേ രോഗം മൂലം ചത്തൊടുങ്ങിയിരുന്നു. കടലിൽ മരുന്നുകൾ കലർത്തുന്നത് തടയണമെന്നും തുറന്ന തീരക്കടലിലെ മത്സ്യകൃഷി പൂർണ്ണമായി നിർത്തലാക്കണമെന്നും ഗ്രീൻസ് പാർട്ടിയും പരിസ്ഥിതി സംഘടനകളും ആവശ്യപ്പെട്ടു. വിളവെടുപ്പിന് മുൻപ് ആവശ്യമായ കാത്തിരിപ്പ് കാലാവധിയും (Withholding period) സുരക്ഷാ പരിശോധനകളും പൂർത്തിയാക്കുമെന്ന് കമ്പനി അറിയിച്ചു.

Metro Australia
maustralia.com.au