ടാസ്മാനിയൻ വിദ്യാർത്ഥികളുടെ വിവരങ്ങൾ ചോർന്നതായി സംശയം; 'കാൻവാസ്' പ്ലാറ്റ്‌ഫോമിന് നേരെ സൈബർ ആക്രമണം

വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പേര്, ഇമെയിൽ വിലാസം, സ്റ്റുഡന്റ് ഐഡി, പ്ലാറ്റ്‌ഫോമിനുള്ളിലെ സന്ദേശങ്ങൾ എന്നിവ ചോർന്നതായാണ് പ്രാഥമിക വിവരം.
ടാസ്മാനിയൻ വിദ്യാർത്ഥികളുടെ വിവരങ്ങൾ ചോർന്നതായി സംശയം; 'കാൻവാസ്' പ്ലാറ്റ്‌ഫോമിന് നേരെ സൈബർ ആക്രമണം
Published on

ഹോബാർട്ട്: ടാസ്മാനിയയിലെ വിദ്യാഭ്യാസ വകുപ്പും ടാസ് ടേഫും (TasTAFE) ഓൺലൈൻ പഠനത്തിനായി ഉപയോഗിക്കുന്ന 'കാൻവാസ്' ലേണിംഗ് മാനേജ്‌മെന്റ് സിസ്റ്റത്തിന് നേരെ സൈബർ ആക്രമണം. പ്ലാറ്റ്‌ഫോമിന്റെ ഉടമസ്ഥരായ 'ഇൻസ്ട്രക്ചർ' (Instructure) മെയ് രണ്ടിനാണ് വിവരങ്ങൾ ചോർന്ന കാര്യം സ്ഥിരീകരിച്ചത്. വിദ്യാർത്ഥികളുടെയും അധ്യാപകരുടെയും പേര്, ഇമെയിൽ വിലാസം, സ്റ്റുഡന്റ് ഐഡി, പ്ലാറ്റ്‌ഫോമിനുള്ളിലെ സന്ദേശങ്ങൾ എന്നിവ ചോർന്നതായാണ് പ്രാഥമിക വിവരം.

ലോകമെമ്പാടുമുള്ള ഒൻപതിനായിരത്തോളം സ്‌കൂളുകളിൽ നിന്നായി 27.5 കോടി ആളുകളുടെ വിവരങ്ങൾ തങ്ങളുടെ പക്കലുണ്ടെന്നാണ് ഹാക്കിംഗ് ഗ്രൂപ്പായ ഷൈനി ഹണ്ടേഴ്സ് അവകാശപ്പെടുന്നത്. ഏകദേശം 3.65 ടെറാബൈറ്റ് ഡാറ്റ മോഷ്ടിച്ചതായും ഇതിന് പണം നൽകിയില്ലെങ്കിൽ വിവരങ്ങൾ പരസ്യപ്പെടുത്തുമെന്നും ഇവർ ഭീഷണിപ്പെടുത്തിയിട്ടുണ്ട്.

ടാസ്മാനിയൻ വിദ്യാഭ്യാസ വകുപ്പ് (DECYP) മാതാപിതാക്കൾക്കും വിദ്യാർത്ഥികൾക്കും ജാഗ്രതാ നിർദ്ദേശം നൽകി. ടാസ്മാനിയയിൽ നിന്നുള്ള വിവരങ്ങൾ ചോർന്നിട്ടുണ്ടോ എന്ന് ഇൻസ്ട്രക്ചർ കമ്പനി ഇതുവരെ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, അന്വേഷണം ഊർജിതമായി നടക്കുകയാണെന്ന് വകുപ്പ് അറിയിച്ചു. അതേസമയം, പാസ്‌പോർട്ട് വിവരങ്ങളോ ബാങ്ക് രേഖകളോ പാസ്‌വേഡുകളോ ചോർന്നതിന് തെളിവില്ലെന്ന് പ്ലാറ്റ്‌ഫോം അധികൃതർ വ്യക്തമാക്കി.

നിലവിൽ ലേണിംഗ് പ്ലാറ്റ്‌ഫോമിന്റെ പ്രവർത്തനത്തെ ബാധിച്ചിട്ടില്ലെന്നും ക്ലാസുകൾ സാധാരണ നിലയിൽ തുടരുമെന്നും അധികൃതർ അറിയിച്ചു. സംശയകരമായ സന്ദേശങ്ങളോ ഇമെയിലുകളോ ലഭിക്കുകയാണെങ്കിൽ ജാഗ്രത പാലിക്കണമെന്നും റിപ്പോർട്ട് ചെയ്യണമെന്നും നിർദ്ദേശമുണ്ട്.

Metro Australia
maustralia.com.au