

ഹോബാർട്ട്: ടാസ്മാനിയയിലെ കൈനറ്റിക് ബസ് ഡ്രൈവർമാർ ഏപ്രിൽ 23 വ്യാഴാഴ്ച രാവിലെ രണ്ട് മണിക്കൂർ പണിമുടക്കും. രാവിലെ 7 മണി മുതൽ 9 മണി വരെയാണ് ഡ്രൈവർമാർ ജോലിയിൽ നിന്ന് വിട്ടുനിൽക്കുക. ട്രാൻസ്‌പോർട്ട് വർക്കേഴ്സ് യൂണിയന്റെ (TWU) നേതൃത്വത്തിലാണ് സമരം. നിലവിൽ സ്‌കൂളുകൾക്ക് അവധിയായതിനാൽ വിദ്യാർത്ഥികൾ പെരുവഴിയിലാകുന്നത് ഒഴിവാക്കാനാണ് സമരം ഈ സമയത്ത് നിശ്ചയിച്ചിരിക്കുന്നത്.
സർക്കാർ ഉടമസ്ഥതയിലുള്ള മെട്രോ (Metro) ബസ് ഡ്രൈവർമാരേക്കാൾ ആഴ്ചയിൽ 250 ഡോളർ വരെ കുറഞ്ഞ ശമ്പളമാണ് തങ്ങൾക്ക് ലഭിക്കുന്നതെന്ന് ഡ്രൈവർമാർ പരാതിപ്പെടുന്നു. ഒരേ ജോലിക്ക് തുല്യമായ ശമ്പളം വേണമെന്നതാണ് ഇവരുടെ പ്രധാന ആവശ്യം. ശമ്പള പരിഷ്‌കരണം സംബന്ധിച്ച് കമ്പനിയുമായും സംസ്ഥാന സർക്കാരുമായും നടത്തിയ ചർച്ചകൾ പരാജയപ്പെട്ട സാഹചര്യത്തിലാണ് 95 ശതമാനം യൂണിയൻ അംഗങ്ങളും സമരത്തിന് അനുകൂലമായി വോട്ട് ചെയ്തത്.
സ്‌കൂളുകൾ തുറക്കുന്നതിന് മുൻപ് സർക്കാർ വിഷയത്തിൽ ഇടപെട്ടില്ലെങ്കിൽ സമരം ശക്തമാക്കുമെന്ന് യൂണിയൻ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ 24 മണിക്കൂർ പണിമുടക്ക് ഉൾപ്പെടെയുള്ള നടപടികളിലേക്ക് നീങ്ങുമെന്നും ഇത് വിദ്യാർത്ഥികളുടെ യാത്രയെ ബാധിക്കുമെന്നും യൂണിയൻ ഡയറക്ടർ സാം ലിഞ്ച് പറഞ്ഞു. എന്നാൽ, സമരം സർവീസുകളെ ബാധിക്കില്ലെന്നും എല്ലാ ബസ്സുകളും കൃത്യസമയത്ത് ഓടുമെന്നുമാണ് കൈനറ്റിക് അധികൃതർ വ്യക്തമാക്കുന്നത്.