ഹൊബാർട്ട്: ടാസ്മാനിയയിലെ കാട്ടുമാനുകളുടെ എണ്ണത്തില് വർധനവുണ്ടായെന്ന് സർവേ ഫലം. ഒരു സ്വതന്ത്ര സർവേയുടെ ഏറ്റവും പുതിയ കണ്ടെത്തലുകൾ ടാസ്മാനിയൻ സർക്കാർ പുറത്തിറക്കി. 2024 അവസാനത്തിൽ കേന്ദ്ര ടാസ്മാനിയയിൽ നിന്ന് കിഴക്കൻ തീരം വരെയുള്ള പ്രധാന മാൻ മേഖലകളിൽ എയർ സർവേ നടത്തിയിരുന്നു.
2019-ൽ ആരംഭിച്ച ആദ്യ ബേസ്ലൈൻ സർവേയുമായി താരതമ്യം ചെയ്യുമ്പോൾ കഴിഞ്ഞ അഞ്ച് വർഷത്തിനിടയിൽ കാട്ടുമാനുകളുടെ എണ്ണം വർഷം തോറും ശരാശരി 6% വീതം ഉയർന്നതായി റിപ്പോർട്ടിൽ പറയുന്നു. നിലവിലെ കണക്കുകൾ പ്രകാരം കാട്ടുമാൻ എണ്ണം 71,655 ആയി.
ടാസ്മാനിയയിലെ കാട്ടുമാനുകളുടെ ഭാവി പരിപാലനം സംബന്ധിച്ച ചർച്ചയ്ക്കും തീരുമാനമെടുക്കലിനും ആവശ്യമായ തെളിവുകൾ വ്യോമ സർവേ ഫലങ്ങൾ നൽകുന്നുണ്ടെന്ന് പ്രാഥമിക വ്യവസായ, ജല മന്ത്രി ഗാവിൻ പിയേഴ്‌സ് പറഞ്ഞു. 2022-ൽ ഞങ്ങൾ പുറത്തിറക്കിയ ടാസ്മാനിയൻ വൈൽഡ് ഫാലോ ഡിയർ മാനേജ്മെന്റ് പ്ലാൻ ഇതിനകം നല്ല പുരോഗതി കൈവരിച്ചു. എന്നാൽ ഇനി കൂടുതൽ കാര്യങ്ങൾ ചെയ്യേണ്ടതുണ്ടെന്ന് അദ്ദേഹം വിശദമാക്കി.
സർക്കാർ പ്രഖ്യാപിച്ച നടപടികൾ:
കർഷകരെയും വേട്ടക്കാരെയും ബന്ധിപ്പിക്കുന്ന ഫാം അസിസ്റ്റ് പ്രോഗ്രാം ആരംഭിക്കുന്നതിന് സാധ്യത പരിശോധിക്കുന്നു.
വാണിജ്യ കാട്ടുമാൻ ട്രയൽ സംബന്ധിച്ച ആശയവിനിമയം.
കർഷകരുമായി ചേർന്ന് സ്വത്ത് അടിസ്ഥാനത്തിലുള്ള വന്യജീവി മാനേജ്മെന്റ് പ്ലാൻ വികസിപ്പിക്കുന്നു.
കാട്ടുമാൻ ഫാമുകളിൽ നിയന്ത്രണം ശക്തമാക്കി, വനത്തിലേക്ക് ഒഴുകുന്ന മൃഗങ്ങളെ തടയുന്നു.
2027-ൽ മൂന്നാമത്തെ എയർ സർവേ നടത്താൻ പദ്ധതി.
നിലവിലുള്ള പ്ലാൻ 2027-ൽ കാലഹരണപ്പെടുന്നതിനുമുമ്പ് പുതിയ മാൻ പദ്ധതി വികസിപ്പിക്കുക.
അതേ സമയം ഫോറസ്റ്റര്‍ കാംഗരൂ എണ്ണവും ഇതേ കാലയളവിൽ തന്നെ വിലയിരുത്തിയിരുന്നു. 2019 മുതൽ 2024 വരെയുള്ള കാലയളവിൽ കങ്കാരുക്കളുടെ എണ്ണം വലിയ മാറ്റമില്ലെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു.