

ഹോബാർട്ട്: ടാസ്മേനിയയിലെ ഹ്രസ്വകാല താമസ കേന്ദ്രങ്ങൾക്ക് അഞ്ച് ശതമാനം അധിക നികുതി ഏർപ്പെടുത്താനുള്ള ലിബറൽ സർക്കാരിന്റെ വിവാദ ബിൽ പാർലമെന്റിന്റെ ലെജിസ്ലേറ്റീവ് കൗൺസിൽ (അപ്പർ ഹൗസ്) വോട്ടിനിട്ട് തള്ളി. കൃത്യമായ സാമ്പത്തിക പഠനങ്ങളോ കണക്കുകൂട്ടലുകളോ ഇല്ലാതെയാണ് ബിൽ തയ്യാറാക്കിയതെന്ന വിമർശനങ്ങൾക്ക് പിന്നാലെയാണ് ബിൽ പരാജയപ്പെട്ടത്. വോട്ടെടുപ്പിൽ ഭരണ-പ്രതിപക്ഷ അംഗങ്ങൾ ആറ് വീതം തുല്യനിലയിലായതോടെ, സഭാ കീഴ്‌വഴക്കമനുസരിച്ച് പ്രസിഡന്റ് ക്രെയ്ഗ് ഫാരെൽ ബില്ലിനെതിരെ വോട്ട് രേഖപ്പെടുത്തുകയായിരുന്നു.
28 ദിവസത്തിൽ താഴെയുള്ള താമസ ബുക്കിംഗുകൾക്ക് അഞ്ച് ശതമാനം അധിക ലെവി ഈടാക്കാനും, അതിലൂടെ ലഭിക്കുന്ന വരുമാനം ആദ്യമായി വീട് വാങ്ങുന്നവരെ (First-home buyers) സഹായിക്കാൻ വിനിയോഗിക്കാനുമായിരുന്നു സർക്കാർ ലക്ഷ്യമിട്ടിരുന്നത്. 2027 ജൂലൈ 1 മുതൽ നടപ്പിലാക്കാൻ തീരുമാനിച്ചിരുന്ന ഈ പദ്ധതി വഴി പ്രതിവർഷം 7.3 ദശലക്ഷം ഡോളർ സമാഹരിക്കാമെന്നായിരുന്നു ട്രഷറിയുടെ കണക്കുകൂട്ടൽ. എന്നാൽ സംസ്ഥാനത്തെ രൂക്ഷമായ ഭവന പ്രതിസന്ധി പരിഹരിക്കാൻ ഈ നികുതിക്ക് സാധിക്കില്ലെന്നും, ടൂറിസം മേഖലയ്ക്ക് ദോഷകരമായ 'മോശം നിയമനിർമ്മാണമാണിതെന്നും' ചൂണ്ടിക്കാട്ടി പ്രതിപക്ഷമായ ലേബർ പാർട്ടിയും സ്വതന്ത്ര അംഗങ്ങളും ബില്ലിനെ ഒന്നിച്ച് എതിർത്തു. കൃത്യമായ സാമ്പത്തിക പഠനമില്ലാത്ത അപൂർണ്ണ ബില്ലാണ് പരാജയപ്പെട്ടതെന്ന് പ്രതിപക്ഷം ആരോപിച്ചപ്പോൾ, ജനക്ഷേമ പദ്ധതി അട്ടിമറിച്ചെന്ന് ട്രഷറർ എറിക് അബെറ്റ്സ് കുറ്റപ്പെടുത്തി.