

ടാസ്മാനിയയിൽ സ്കൂളുകളിൽ നടക്കുന്ന അതിക്രമം കുത്തനെ ഉയരുന്നതായി കണക്ക്. കഴിഞ്ഞ രണ്ട് വർഷത്തിനിടെ സ്കൂൾ അതിക്രമം 195% വരെ വളർന്നതായാണ് പുതിയ കണക്ക് സൂചിപ്പിക്കുന്നത്. 2024-ൽ ടാസ്മാനിയയിലെ സ്കൂളുകളിലും കോളേജുകളിലും 1,363 ശാരീരിക അതിക്രമ സംഭവങ്ങളാണ് രേഖപ്പെടുത്തപ്പെട്ടത്. 2022-ൽ ഇത് 462 ആയിരുന്നു; 2023-ൽ 696. അതായത് ഓരോ സ്കൂൾ ദിവസവും 7 ഗുരുതരമായ ആക്രമണങ്ങൾ സംഭവിക്കുന്നുവെന്നതാണ് കണക്കുകൾ പറയുന്നത്.
വിദ്യാഭ്യാസ വകുപ്പ് ബജറ്റ് എസ്റ്റിമേറ്റ്സിന് മുന്നിൽ വെച്ച കണക്ക് പുറത്തുവന്നതോടെ വിഷയത്തിൽ അടിയന്തര നടപടി വേണമെന്ന് പ്രതിപക്ഷ നേതാവും ലേബർ പാർട്ടി വിദ്യാഭ്യാസ മന്ത്രിയും ആയ ജോഷ് വില്ലി ആവശ്യപ്പെട്ടു. “രണ്ട് വർഷത്തിൽ 195% വർധനവ്, ഇതിനെ ഇനി അവഗണിക്കാൻ സാധിക്കില്ല,” അദ്ദേഹം പറഞ്ഞു. അധ്യാപകർക്ക് കൂടുതൽ സഹായ സ്റ്റാഫും പ്രത്യേക ഇടപെടൽ പരിപാടികളും ആവശ്യമാണ്, എന്നാൽ ഫലപ്രദമായ പ്രോഗ്രാമുകൾക്ക് പോലും സർക്കാർ സഹായമില്ലാത്തതാണ് പ്രശ്നമെന്നു അവർ ചൂണ്ടിക്കാട്ടി.
വിദ്യാഭ്യാസ മന്ത്രി ജോ പാൽമർ സ്കൂളുകളിൽ അതിക്രമം വർദ്ധിച്ചിട്ടുണ്ടെന്ന് അംഗീകരിച്ചു, എന്നാൽ കൂടുതൽ കൃത്യമായ റിപ്പോർട്ടിംഗ് രീതികളും ഈ വർധനവിന് കാരണമാകാമെന്ന് പറഞ്ഞു. “സ്കൂളുകളിൽ അതിക്രമത്തിന് ഇടമില്ല. സ്റ്റാഫിന്റെയും വിദ്യാർത്ഥികളുടെ സുരക്ഷയാണ് മുൻഗണന,” മന്ത്രി വ്യക്തമാക്കി.