

ടാസ്മാനിയയിലെ അടിയന്തര രക്ഷാപ്രവർത്തന ഹെലികോപ്റ്റർ സേവനം ഈ മാസം പുതിയ അധ്യായത്തിലേക്ക് കടക്കുന്നു. 25 വർഷമായി സേവനം നടത്തിയിരുന്ന പ്രാദേശിക കമ്പനിയായ റോട്ടർ-ലിഫ്റ്റ് ഏവിയേഷനിൽ നിന്ന് ചുമതല ഏറ്റെടുത്ത് സ്റ്റാർഫ്ലൈറ്റ് ഓസ്ട്രേലിയ ജനുവരി 12 മുതൽ പ്രവർത്തനം ആരംഭിക്കും.
കർശനമായ തുറന്ന ടെൻഡർ നടപടിക്രമങ്ങൾ പൂർത്തിയാക്കിയതിന് ശേഷമാണ് കരാർ സ്റ്റാർഫ്ലൈറ്റിന് നൽകിയതെന്ന് സർക്കാർ അറിയിച്ചു. ഇതോടെ എയർ മെഡിക്കൽ റിട്രീവൽ, തിരച്ചിൽ–രക്ഷാപ്രവർത്തനം, വ്യോമ നിയമസംരക്ഷണ സേവനങ്ങൾ എന്നിവ സ്റ്റാർഫ്ലൈറ്റ് നിർവഹിക്കും.
ഈ മാറ്റം സംസ്ഥാനത്തിന്റെ അടിയന്തര പ്രതികരണ സംവിധാനത്തിന് കൂടുതൽ കഴിവുകൾ നൽകുമെന്ന് ആരോഗ്യ മന്ത്രി ബ്രിഡ്ജറ്റ് ആർച്ചർ പറഞ്ഞു. അംബുലൻസ് ടാസ്മാനിയയും ടാസ്മാനിയ പൊലീസ് വകുപ്പും ചേർന്ന് കഴിഞ്ഞ മാസങ്ങളിൽ പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. ജീവനക്കാരും ഉപകരണങ്ങളും ജനുവരി 12ന് സേവനം ആരംഭിക്കാൻ സജ്ജമാണ്, അവർ പറഞ്ഞു.
“ടാസ്മാനിയക്കാർ ആശ്രയിക്കുന്ന ജീവൻ രക്ഷാ സേവനങ്ങളുടെ തുടർച്ച ഇതിലൂടെ ഉറപ്പാക്കുന്നു.” റോട്ടർ-ലിഫ്റ്റിലെ 37 ജീവനക്കാരിൽ ഭൂരിഭാഗവും, പൈലറ്റുകളും മെയിന്റനൻസ് എൻജിനീയർമാരും ഉൾപ്പെടെ, സ്റ്റാർഫ്ലൈറ്റിൽ നിയമിതരായിട്ടുണ്ട്.
ടാസ്മാനിയ സർക്കാരുമായുള്ള പുതിയ പങ്കാളിത്തത്തെ സ്റ്റാർഫ്ലൈറ്റ് ചെയർമാൻ ഡെന്നിസ് റിച്ചാർഡ്സൺ സ്വാഗതം ചെയ്തു.“ഈ പങ്കാളിത്തം സമൂഹങ്ങൾക്ക് ദീർഘകാല ഗുണം നൽകും. അംഗീകൃത പരിശീലന കോഴ്സുകളുള്ള ഒരു പ്രാദേശിക ട്രെയിനിംഗ് അക്കാദമിയും ഇതിന്റെ ഭാഗമാകും,” അദ്ദേഹം പറഞ്ഞു.
സ്റ്റാർഫ്ലൈറ്റ് ആദ്യം ക്യാംബ്രിഡ്ജ് വിമാനത്താവളത്തിൽ നിന്ന് പ്രവർത്തനം ആരംഭിക്കുകയും പിന്നീട് പ്രത്യേകമായി നിർമ്മിച്ച പുതിയ കേന്ദ്രത്തിലേക്ക് മാറുകയും ചെയ്യും.