ടാസ്മാനിയയിൽ റീസൈക്കിൾ റിവാർഡ്‌സ് പദ്ധതി ; സെന്റ് ലിയോനാർഡ്‌സിൽ 5 മില്യൺ ഡോളറിന്റെ പുതിയ പ്ലാന്റ്

കഴിഞ്ഞ വർഷം മെയ് മാസത്തിൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ 10 കോടിയിലധികം കുപ്പികളും കാനുകളും ശേഖരിച്ച് സംസ്കരിച്ചതായി സർക്കാർ അറിയിച്ചു.
ടാസ്മാനിയയിൽ റീസൈക്കിൾ റിവാർഡ്‌സ് പദ്ധതി ; സെന്റ് ലിയോനാർഡ്‌സിൽ 5 മില്യൺ ഡോളറിന്റെ പുതിയ പ്ലാന്റ്
Published on

ലോൺസെസ്റ്റൺ: ടാസ്മാനിയയിലെ 'റീസൈക്കിൾ റിവാർഡ്‌സ്' (Recycle Rewards) പദ്ധതിയുടെ ഭാഗമായി ലോൺസെസ്റ്റണിലെ സെന്റ് ലിയോനാർഡ്‌സിൽ 5 മില്യൺ ഡോളർ ചെലവിൽ നിർമ്മിച്ച അത്യാധുനിക കണ്ടെയ്‌നർ സോർട്ടിംഗ് പ്ലാന്റ് പ്രവർത്തനമാരംഭിച്ചു. ടോംറ ക്ലീനവേയുടെ (TOMRA Cleanaway) നേതൃത്വത്തിലുള്ള ഈ പുതിയ പ്ലാന്റ്, സംസ്ഥാനത്തെ കണ്ടെയ്‌നർ റീഫണ്ട് പ്രോഗ്രാമിന് വലിയ കരുത്തേകും. കഴിഞ്ഞ വർഷം മെയ് മാസത്തിൽ ആരംഭിച്ച ഈ പദ്ധതിയിലൂടെ ഇതുവരെ 10 കോടിയിലധികം കുപ്പികളും കാനുകളും ശേഖരിച്ച് സംസ്കരിച്ചതായി സർക്കാർ അറിയിച്ചു.

മാലിന്യങ്ങൾ കുറയ്ക്കാനും പുനരുപയോഗം (Recycling) വർദ്ധിപ്പിക്കാനുമുള്ള ടാസ്മാനിയയുടെ വേസ്റ്റ് ആൻഡ് റിസോഴ്‌സ് റിക്കവറി സ്ട്രാറ്റജിയുടെ പ്രധാന ഭാഗമാണ് ഈ പദ്ധതിയെന്ന് പരിസ്ഥിതി മന്ത്രി മഡലീൻ ഒഗിൽവി പറഞ്ഞു. പുതിയ പ്ലാന്റ് പ്രവർത്തനമാരംഭിക്കുന്നതോടെ ദശലക്ഷക്കണക്കിന് കണ്ടെയ്‌നറുകൾ വേഗത്തിൽ തരംതിരിക്കാനും സംസ്കരിക്കാനും സാധിക്കും. ഇത് പരിസ്ഥിതി സംരക്ഷണത്തിനൊപ്പം പുതിയ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനും പ്രാദേശിക ബിസിനസ്സുകളെ സഹായിക്കാനും ഉപകരിക്കുമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.

പ്ലാസ്റ്റിക് കുപ്പികളും കാനുകളും റോഡുകളിലും പൊതുസ്ഥലങ്ങളിലും വലിച്ചെറിയുന്നത് പകുതിയായി കുറയ്ക്കാൻ ഈ പദ്ധതിയിലൂടെ സാധിക്കുമെന്നാണ് വിലയിരുത്തൽ. ടാസ്മാനിയയുടെ വടക്കൻ മേഖലകളിൽ നിന്ന് ശേഖരിക്കുന്ന കുപ്പികൾ കൈകാര്യം ചെയ്യുന്നതിൽ ഈ പ്ലാന്റ് നിർണ്ണായക പങ്ക് വഹിക്കും. പൊതുജനങ്ങൾക്ക് തങ്ങൾ ഉപയോഗിക്കുന്ന പാനീയ കുപ്പികൾ തിരികെ നൽകി പണം നേടാനും പരിസ്ഥിതി സംരക്ഷണത്തിന്റെ ഭാഗമാകാനും റീസൈക്കിൾ റിവാർഡ്‌സ് ലളിതമായ മാർഗ്ഗമാണ് ഒരുക്കുന്നത്.

Metro Australia
maustralia.com.au