

ഹോബാർട്ട്: വിഴുങ്ങിയത് ചെറിയ എല്ലിൻ കഷ്ണമായിരിക്കുമെന്ന ഡോക്ടർമാരുടെ നിഗമനങ്ങളെ കാറ്റിൽപ്പറത്തി, വയറ്റിനുള്ളിൽ നിന്നും പുറത്തെടുത്തത് 25 സെന്റിമീറ്റർ നീളമുള്ള വലിയൊരു വടി! ഓസ്‌ട്രേലിയയിലെ ടാസ്മാനിയയിലാണ് മൃഗസംരക്ഷണ പ്രവർത്തകരെയും ഡോക്ടർമാരെയും ഒന്നുപോലെ ഞെട്ടിച്ച ഈ അസാധാരണ സംഭവം നടന്നത്. നാല് മാസം മാത്രം പ്രായമുള്ള 'ഷീബ' എന്ന കുഞ്ഞു നായ്ക്കുട്ടിയാണ് അതീവ സങ്കീർണ്ണമായ ശസ്ത്രക്രിയയിലൂടെ മരണത്തിൽ നിന്നും രക്ഷപെട്ടത്.
ഭക്ഷണമോ വെള്ളമോ കഴിക്കാൻ സാധിക്കാതെ കടുത്ത അസ്വസ്ഥതകളോടെയാണ് ഷീബയെ ഹോബാർട്ടിലെ അനിമൽ എമർജൻസി സർവീസിൽ പ്രവേശിപ്പിച്ചത്. പരിശോധനയിൽ വയറ്റിൽ എന്തോ കുടുങ്ങിക്കിടക്കുന്നതായി വ്യക്തമായെങ്കിലും അടിയന്തര ശസ്ത്രക്രിയയ്ക്കായി ആവശ്യമായി വന്ന 6,000 ഡോളർ (ഏകദേശം 3.3 ലക്ഷം ഇന്ത്യൻ രൂപ) നൽകാൻ അവളുടെ ഉടമയ്ക്ക് സാധിക്കുമായിരുന്നില്ല. തുടർന്ന് നായ്ക്കുട്ടിയുടെ ജീവൻ രക്ഷിക്കാനായി ഉടമ അവളെ സങ്കടത്തോടെ മൃഗസംരക്ഷണ കേന്ദ്രമായ 'ഡോഗ്സ് ഹോംസ് ഓഫ് ടാസ്മാനിയയ്ക്ക്' കൈമാറി. അവർ ചികിത്സാ ചിലവുകൾ പൂർണ്ണമായി ഏറ്റെടുക്കുകയായിരുന്നു.
ഡോക്ടർമാരെ ഞെട്ടിച്ച ആ കണ്ടെത്തൽ:
ആദ്യ ദിവസങ്ങളിൽ മരുന്നുകളോട് പ്രതികരിച്ചെങ്കിലും പിന്നീട് ഷീബയുടെ നില വീണ്ടും വഷളായി. തുടർന്നാണ് അടിയന്തര ശസ്ത്രക്രിയ നടത്താൻ ഡോക്ടർമാർ തീരുമാനിച്ചത്. ശസ്ത്രക്രിയയ്ക്കിടെ അവളുടെ ആമാശയത്തിൽ നിന്നും അന്നനാളത്തിലേക്ക് (Oesophagus) തുളച്ചുകയറിയ നിലയിൽ കണ്ടെത്തിയ വസ്തു കണ്ട് മെഡിക്കൽ സംഘം അക്ഷരാർത്ഥത്തിൽ ഞെട്ടിപ്പോയി. ചെറിയ എല്ലിൻ കഷ്ണത്തിന് പകരം 25 സെന്റിമീറ്റർ നീളമുള്ള ഒരു വലിയ വടിയാണ് ഒരു കേടുപാടും കൂടാതെ ഡോക്ടർമാർ അവളുടെ വയറ്റിൽ നിന്നും പുറത്തെടുത്തത്!
"ഇത്രയും ചെറിയൊരു നായ്ക്കുട്ടി എങ്ങനെയാണ് ഇത്രയും വലിയൊരു വടി മുഴുവനോടെ വിഴുങ്ങിയതെന്ന് ഇപ്പോഴും വിശ്വസിക്കാൻ കഴിയുന്നില്ല," എന്ന് ഡോഗ്സ് ഹോംസ് ഭാരവാഹികൾ പറഞ്ഞു. കൃത്യസമയത്ത് ശസ്ത്രക്രിയ നടത്തിയില്ലായിരുന്നുവെങ്കിൽ അവൾ മരണപ്പെടുമായിരുന്നു. ഭാഗ്യവശാൽ അവളുടെ ആന്തരികാവയവങ്ങൾക്ക് മറ്റ് പരിക്കുകളൊന്നും സംഭവിച്ചിട്ടില്ല. ശസ്ത്രക്രിയയ്ക്ക് ശേഷം പൂർണ്ണ ആരോഗ്യവതിയായ ഷീബ ഇപ്പോൾ താൽക്കാലിക പരിചരണ കേന്ദ്രത്തിലാണ് . പൂർണ്ണമായും സുഖം പ്രാപിക്കുന്നതോടെ അവളെ പുതിയ ഉടമകൾക്ക് ദത്തെടുക്കാനായി വിട്ടുനൽകും.