ആയുധ മോഷണത്തിന് കടുത്ത ശിക്ഷ; പുതിയ തോക്ക് നിയന്ത്രണ നിയമങ്ങളുമായി ടാസ്മാനിയ

തോക്കുകൾ മോഷ്ടിക്കുന്നവർക്കും മോഷ്ടിച്ച ആയുധങ്ങൾ കൈവശം വെക്കുന്നവർക്കും മൂന്ന് മാസത്തെ നിർബന്ധിത ജയിൽശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഭേദഗതികൾ ഉൾപ്പെടുത്തിയ കരട് ബിൽ സർക്കാർ പുറത്തിറക്കി
Tasmanians support tighter gun laws
മോഷ്ടിച്ച തോക്കുകൾ കൈവശം വയ്ക്കുന്നവർക്ക് കടുത്ത ശിക്ഷയും പുതിയ നിയമം വ്യവസ്ഥ ചെയ്യുന്നു.Andy Montes de Oca/ Unsplash
Published on

ഹോബാർട്ട്: ഓസ്‌ട്രേലിയയിലെ ബോണ്ടായ് ബീച്ചിൽ കഴിഞ്ഞ വർഷമുണ്ടായ യഹൂദ വിരുദ്ധ ഭീകരാക്രമണത്തിന്റെ പശ്ചാത്തലത്തിൽ, സംസ്ഥാനത്തെ തോക്ക് നിയന്ത്രണ നിയമങ്ങൾ കടുപ്പിക്കാൻ ടാസ്മാനിയൻ സർക്കാർ. തോക്കുകൾ മോഷ്ടിക്കുന്നവർക്കും മോഷ്ടിച്ച ആയുധങ്ങൾ കൈവശം വെക്കുന്നവർക്കും മൂന്ന് മാസത്തെ നിർബന്ധിത ജയിൽശിക്ഷ വ്യവസ്ഥ ചെയ്യുന്ന ഭേദഗതികൾ ഉൾപ്പെടുത്തിയ കരട് ബിൽ സർക്കാർ പുറത്തിറക്കി. എന്നാൽ, ഒരാൾക്ക് പരമാവധി കൈവശം വെക്കാവുന്ന തോക്കുകളുടെ എണ്ണത്തിന് പരിധി നിശ്ചയിക്കണം എന്ന ഫെഡറൽ സർക്കാരിന്റെ പ്രധാന ശുപാർശ അംഗീകരിക്കാൻ ടാസ്മാനിയൻ ലിബറൽ സർക്കാർ തയ്യാറായില്ല.

പതിനഞ്ചോളം പേരുടെ മരണത്തിനിടയാക്കിയ ബോണ്ടി ഭീകരാക്രമണത്തിന് ശേഷമാണ് രാജ്യവ്യാപകമായി തോക്ക് ലൈസൻസുകൾ കർശനമാക്കാനും 'നാഷണൽ ഫയർആംസ് രജിസ്റ്റർ' നടപ്പിലാക്കാനും ഓസ്‌ട്രേലിയൻ നാഷണൽ കാബിനറ്റ് തീരുമാനിച്ചത്. ഇതനുസരിച്ച് ടാസ്മാനിയ കൊണ്ടുവന്ന പുതിയ നിയമത്തിൽ താഴെ പറയുന്ന പ്രധാന മാറ്റങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്:

പൗരത്വം നിർബന്ധം: ഓസ്‌ട്രേലിയൻ തോക്ക് ലൈസൻസ് ലഭിക്കുന്നതിന് ഓസ്‌ട്രേലിയൻ പൗരത്വം ഉണ്ടായിരിക്കണം എന്നത് അടിസ്ഥാന യോഗ്യതയാക്കി മാറ്റി (ന്യൂസിലൻഡ് പൗരന്മാർക്ക് ഇളവുകളുണ്ടാകും).

വിഭാഗം മാറ്റം (Reclassification): ചില മാരകമായ റൈഫിളുകളും ഷോട്ടുകളും കൂടുതൽ കർശനമായ 'കാറ്റഗറി സി' (Category C) ലൈസൻസ് പരിധിയിലേക്ക് മാറ്റി. ഇത്തരക്കാർക്കായി 1.5 ഇരട്ടി വിപണി വില നൽകി ആയുധങ്ങൾ തിരികെ വാങ്ങുന്ന ബൈബാക്ക് (Buyback) പദ്ധതിയും പ്രഖ്യാപിച്ചിട്ടുണ്ട്.

അമ്മ്യൂണിഷൻ പരിധി: ചില കാറ്റഗറി എ, ബി തോക്കുകളുടെ മാഗസിൻ കപ്പാസിറ്റിക്ക് നിയന്ത്രണം ഏർപ്പെടുത്തി.

തോക്ക് പരിധി ഒഴിവാക്കിയതിൽ പ്രതിഷേധം; കർഷകർക്ക് അനുകൂലം:

ക്രിമിനലുകളുടെയും ഭീകരരുടെയും കൈകളിൽ ആയുധങ്ങൾ എത്താതിരിക്കാനാണ് തങ്ങൾ ശ്രമിക്കുന്നതെന്നും, നിയമം അനുസരിച്ച് ജീവിക്കുന്ന കർഷകരെയും ലൈസൻസ് ഉടമകളെയും ബുദ്ധിമുട്ടിക്കാൻ ഉദ്ദേശിക്കുന്നില്ലെന്നും വ്യക്തമാക്കിയാണ് 'ഗൺ ക്യാപ്' വ്യവസ്ഥ പൊലീസ് മന്ത്രി ഫെലിക്സ് എൽവിസ് (Felix Ellis) ഒഴിവാക്കിയത്. തോക്കുകൾ കൃഷിയുടെ ഭാഗമായി ഉപയോഗിക്കുന്ന ടാസ്മാനിയൻ കർഷകരുടെ സംഘടനയായ 'ടാസ് ഫാർമേഴ്‌സ്' ഈ തീരുമാനത്തെ സ്വാഗതം ചെയ്തു.

എന്നാൽ, ഒരാൾക്ക് എത്ര തോക്കുകൾ വേണമെങ്കിലും വാങ്ങാമെന്ന അവസ്ഥ കടുത്ത ഭീഷണിയാണെന്ന് ചൂണ്ടിക്കാട്ടി പ്രതിപക്ഷമായ ലേബർ പാർട്ടിയും ഗൺ സേഫ്റ്റി സംഘടനകളും രംഗത്തെത്തിയിട്ടുണ്ട്. തോക്ക് ലോബികൾക്ക് വേണ്ടിയാണ് സർക്കാർ ഈ നിയമം എഴുതിയതെന്ന് 'ഓസ്‌ട്രേലിയൻ ഗൺ സേഫ്റ്റി അലയൻസ്' കൺവീനർ സ്റ്റീഫൻ ബെൻഡിൽ കുറ്റപ്പെടുത്തി. അതേസമയം വിസ നിയന്ത്രണങ്ങളെയും റീക്ലാസിഫിക്കേഷനെയും എതിർത്ത് തോക്ക് അനുകൂല സംഘടനകളും രംഗത്തുണ്ട്. പുതിയ നിയമത്തിന്മേൽ പൊതുജനങ്ങൾക്ക് തങ്ങളുടെ അഭിപ്രായങ്ങൾ ഓഗസ്റ്റ് 7 വരെ അറിയിക്കാവുന്നതാണ്.

Metro Australia
maustralia.com.au