AI ഡാറ്റാ സെന്ററുകൾക്കെതിരെ ജനരോഷം; ഒപ്പുശേഖരണവുമായി ഗ്രീൻസ് പാർട്ടി, ടാസ്മാനിയയിൽ പ്രതിഷേധം

സംസ്ഥാനത്ത് പുതിയ ഡാറ്റാ സെന്ററുകൾക്ക് അനുമതി നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച പാർലമെന്ററി ഹർജിയിൽ വെറും ഒരാഴ്ചയ്ക്കുള്ളിൽ 4,200-ലധികം ആളുകളാണ് ഒപ്പുവെച്ചത്.
 വൻകിട AI ഡാറ്റാ സെന്ററിനെതിരെ പ്രക്ഷോഭം
വൻകിട AI ഡാറ്റാ സെന്ററിനെതിരെ പ്രക്ഷോഭം(Getty Images)
Published on

ഹോബാർട്ട്: ടാസ്മാനിയയിൽ ശരിയായ നിയമനിർമ്മാണങ്ങളോ നിയന്ത്രണങ്ങളോ ഇല്ലാതെ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ഡാറ്റാ സെന്ററുകൾ സ്ഥാപിക്കുന്നതിനെതിരെ ജനകീയ പ്രതിഷേധം ശക്തമാകുന്നു. സംസ്ഥാനത്ത് പുതിയ ഡാറ്റാ സെന്ററുകൾക്ക് അനുമതി നൽകുന്നത് താൽക്കാലികമായി നിർത്തിവെക്കണം എന്നാവശ്യപ്പെട്ട് സമർപ്പിച്ച പാർലമെന്ററി ഹർജിയിൽ വെറും ഒരാഴ്ചയ്ക്കുള്ളിൽ 4,200-ലധികം ആളുകളാണ് ഒപ്പുവെച്ചത്. ടാസ്മാനിയൻ പാർലമെന്റിന്റെ ചരിത്രത്തിൽ ഇത്രയും ചുരുങ്ങിയ സമയത്തിനുള്ളിൽ ഇത്രയധികം ജനപിന്തുണ നേടുന്ന ഹർജി ഇതാദ്യമാണെന്ന് പ്രതിപക്ഷമായ ഗ്രീൻസ് പാർട്ടി എംപി തബാത്ത ബാഡ്ജർ വ്യക്തമാക്കി.

സിംഗപ്പൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന 'ഫേമസ്' (Firmus) എന്ന കമ്പനിയുടെ വിപുലീകരണ പദ്ധതികളെ ലക്ഷ്യമിട്ടാണ് പ്രധാനമായും ഈ ജനകീയ പ്രതിഷേധം. മൂന്ന് തന്ത്രപ്രധാന കേന്ദ്രങ്ങളിലായി 440 മെഗാവാട്ട് ശേഷിയുള്ള ഡാറ്റാ സെന്റർ ശൃംഖല സ്ഥാപിക്കാനാണ് കമ്പനിയുടെ നീക്കം. ഇത് യാഥാർത്ഥ്യമായാൽ ടാസ്മാനിയയിൽ ഏറ്റവും കൂടുതൽ വൈദ്യുതി ഉപയോഗിക്കുന്ന സ്ഥാപനമായി ഈ ഡാറ്റാ സെന്റർ മാറും. ഇവയ്ക്കാവശ്യമായ വൻതോതിലുള്ള വൈദ്യുതി, വെള്ളം എന്നിവയുടെ വിനിയോഗത്തെക്കുറിച്ച് പാർലമെന്ററി മേൽനോട്ടവും കൃത്യമായ ആസൂത്രണവും ഉണ്ടാകുന്നത് വരെ പുതിയ പ്രൊജക്റ്റുകൾ അനുവദിക്കരുത് എന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. സെന്റ് ലിയോനാർഡ്സ് (St Leonards) പോലുള്ള പ്രദേശങ്ങളിലെ താമസക്കാർക്ക് ഇത്തരം കേന്ദ്രങ്ങളിൽ നിന്നുള്ള ശബ്ദമലിനീകരണം, പ്രകാശമലിനീകരണം, ആരോഗ്യപ്രശ്നങ്ങൾ എന്നിവയെക്കുറിച്ച് വലിയ ആശങ്കയുണ്ടെന്നും ഗ്രീൻസ് പാർട്ടി ചൂണ്ടിക്കാട്ടുന്നു.

2.7 ബില്യൺ ഡോളറിന്റെ നിക്ഷേപം; ആശങ്കകൾ പരിഹരിക്കുമെന്ന് കമ്പനി:

അതേസമയം, നിലവിലുള്ള ആസൂത്രണ-നിയമ സംവിധാനങ്ങൾ ഇത്തരം പദ്ധതികൾക്ക് പര്യാപ്തമാണെന്നാണ് ഇൻഫ്രാസ്ട്രക്ചർ മന്ത്രി കെറി വിൻസെന്റിന്റെ (Kerry Vincent) നിലപാട്. ടാസ്മാനിയയിലേക്ക് 2.7 ബില്യൺ ഓസ്‌ട്രേലിയൻ ഡോളറിന്റെ (ഏകദേശം 15,000 കോടി രൂപ) വൻ നിക്ഷേപമാണ് ഈ പദ്ധതിയിലൂടെ എത്തുന്നതെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു. എന്നാൽ, അതിവേഗം മാറിക്കൊണ്ടിരിക്കുന്ന എഐ സാങ്കേതികവിദ്യകളെക്കുറിച്ച് കൂടുതൽ ചർച്ചകൾ ആവശ്യമാണെന്നും പുതിയ നിയന്ത്രണങ്ങൾ കൊണ്ടുവരുന്ന കാര്യത്തിൽ പെട്ടെന്ന് ഉറപ്പ് നൽകാൻ കഴിയില്ലെന്നും മന്ത്രി കൂട്ടിച്ചേർത്തു. തങ്ങളുടെ നിർദ്ദിഷ്ട ബെൽ ബേ (Bell Bay) പ്രൊജക്റ്റുമായി ബന്ധപ്പെട്ട് പ്രാദേശിക സമൂഹത്തിന്റെ ആശങ്കകൾ പരിഹരിക്കാൻ ഓൺലൈൻ വഴിയും നേരിട്ടും ചർച്ചകൾ നടത്തുമെന്നും പരിസ്ഥിതിക്കും വിഭവങ്ങൾക്കും കോട്ടം തട്ടാത്ത രീതിയിലാണ് ഡാറ്റാ സെന്റർ വിഭാവനം ചെയ്തിട്ടുള്ളതെന്നും ഫേമസ് കമ്പനി വക്താവ് അറിയിച്ചു. വരും ഓഗസ്റ്റ് മാസത്തോടെ ഈ ഹർജിയിലെ ഒപ്പുശേഖരണം പൂർത്തിയാക്കി പാർലമെന്റിൽ സമർപ്പിക്കാനാണ് ഗ്രീൻസ് പാർട്ടിയുടെ തീരുമാനം.

Metro Australia
maustralia.com.au