

ഹോബാർട്ട്: ടാസ്മാനിയയിൽ വ്യക്തികൾക്ക് കൈവശം വെക്കാവുന്ന തോക്കുകളുടെ എണ്ണത്തിന് ഉയർന്ന പരിധി നിശ്ചയിക്കാനുള്ള ലേബർ പാർട്ടിയുടെ ഭേദഗതി നിർദ്ദേശം പാർലമെന്റിന്റെ അധോസഭ വോട്ടിനിട്ട് തള്ളി. മൂന്ന് ദിവസമായി നീണ്ടുനിന്ന ചൂടേറിയ ചർച്ചകൾക്കൊടുവിൽ 15-നെതിരെ 16 വോട്ടുകൾക്കാണ് പ്രതിപക്ഷത്തിന്റെ ഭേദഗതി പരാജയപ്പെട്ടത്. ബോണ്ടി വെടിവെയ്പ്പിന്റെ പശ്ചാത്തലത്തിൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന സമഗ്ര തോക്ക് നിയന്ത്രണ ബില്ലിലാണ് (Firearms reform legislation) പരിധി ഏർപ്പെടുത്താൻ ലേബർ പാർട്ടിയും ഗ്രീൻസും സ്വതന്ത്ര അംഗങ്ങളും ശ്രമിച്ചത്.
സാധാരണക്കാർക്ക് പരമാവധി അഞ്ച് തോക്കുകളും, കർഷകർക്കും കായിക താരങ്ങൾക്കും പരമാവധി പത്ത് തോക്കുകളും മാത്രം അനുവദിക്കണമെന്നായിരുന്നു ലേബർ പാർട്ടിയുടെ ആവശ്യം. എന്നാൽ കർഷകരെയും വേട്ടക്കാരെയും ദോഷകരമായി ബാധിക്കുമെന്നും നിയമം അനുസരിക്കുന്ന പൗരന്മാരെയാണ് ഇത്തരം നിയന്ത്രണങ്ങൾ ലക്ഷ്യമിടുന്നതെന്നും കാണിച്ച് സർക്കാരും മറ്റ് സ്വതന്ത്ര എംപിമാരും ഭേദഗതിയെ എതിർത്തു തോൽപ്പിച്ചു. അതേസമയം, ഗാർഹിക പീഡന കേസുകളിൽ ഉൾപ്പെട്ടവർ തോക്ക് ലൈസൻസ് നേടുന്നത് തടയുന്ന പരിശോധനകൾ കർശനമാക്കാനും, കുറ്റവാളികൾക്ക് ലൈസൻസ് വിലക്ക് പത്ത് വർഷമായി ഉയർത്താനുമുള്ള ഭേദഗതികൾ സഭ അംഗീകരിച്ചു.