ജലമെത്തി; 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നോർത്തേൺ മിഡ്‌ലാൻഡ്‌സ് ജലസേചന പദ്ധതി യാഥാർത്ഥ്യമായി

പത്ത് വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് 217 ദശലക്ഷം ഡോളർ ചെലവിൽ പൂർത്തിയാക്കിയ 'നോർത്തേൺ മിഡ്‌ലാൻഡ്‌സ് ഇറിഗേഷൻ സ്കീം' (Northern Midlands Irrigation Scheme) കർഷകർക്കായി വെള്ളം തുറന്നുവിട്ടത്.
ജലമെത്തി; 10 വർഷത്തെ കാത്തിരിപ്പിനൊടുവിൽ നോർത്തേൺ മിഡ്‌ലാൻഡ്‌സ് ജലസേചന പദ്ധതി യാഥാർത്ഥ്യമായി
Supplied: Tasmanian Irrigation
Published on: 

ഹോബാർട്ട്: കടുത്ത വരൾച്ചയും അസാധാരണമായ ഉഷ്ണതരംഗവും നേരിടുന്ന ടാസ്മാനിയയിലെ നോർത്തേൺ മിഡ്‌ലാൻഡ്‌സ് കാർഷിക മേഖലയ്ക്ക് പുതുജീവൻ പകർന്ന് ബൃഹദ് ജലസേചന പദ്ധതി പ്രവർത്തനക്ഷമമായി. പത്ത് വർഷത്തോളം നീണ്ട കാത്തിരിപ്പിനൊടുവിലാണ് 217 ദശലക്ഷം ഡോളർ ചെലവിൽ പൂർത്തിയാക്കിയ 'നോർത്തേൺ മിഡ്‌ലാൻഡ്‌സ് ഇറിഗേഷൻ സ്കീം' (Northern Midlands Irrigation Scheme) കർഷകർക്കായി വെള്ളം തുറന്നുവിട്ടത്. ഫെഡറൽ-സംസ്ഥാന സർക്കാരുകളും അമ്പതോളം പ്രാദേശിക കർഷകരും സംയുക്തമായാണ് പദ്ധതിക്ക് ധനസഹായം നൽകിയത്.

ഹൈഡ്രോ ടാസ്മാനിയയുടെ സെൻട്രൽ ഹൈലാൻഡ്സ് ജലാശയങ്ങളിൽ നിന്ന് തിരിച്ചുവിട്ട ജലം 150 കിലോമീറ്റർ നീളമുള്ള ഭൂഗർഭ പൈപ്പ് ലൈൻ ശൃംഖലയിലൂടെയാണ് ലോവർ ഐസിസ് വാലിയിലേക്കും മക്വാറി നദീതടങ്ങളിലേക്കും എത്തിക്കുന്നത്. പ്രതിവർഷം 2,500 കോടി ലിറ്റർ വെള്ളമാണ് ഈ പദ്ധതി വഴി ലഭ്യമാകുക. ഉരുളക്കിഴങ്ങ്, പീസ്, പോപ്പി, പച്ചക്കറി വിത്തുകൾ എന്നിവയുടെ കൃഷിക്കും ആട്-മാട് ഫാമുകൾക്കും പദ്ധതി വലിയ ഉത്തേജനമാകും. പദ്ധതി യാഥാർത്ഥ്യമായതോടെ വരും വർഷങ്ങളിൽ കൃഷി വിപുലീകരിക്കാനുള്ള ഒരുക്കത്തിലാണ് പ്രാദേശിക കർഷകർ.

ജല അവകാശങ്ങൾക്കായി കർഷകർ 34 ദശലക്ഷത്തിലധികം ഡോളറാണ് നിക്ഷേപിച്ചിട്ടുള്ളത്. നോർത്തേൺ മിഡ്‌ലാൻഡ്‌സ് മേഖലയിൽ പ്രതിവർഷം 54 ദശലക്ഷം ഡോളറിന്റെ അധിക സാമ്പത്തിക വളർച്ച ഉണ്ടാക്കാൻ ഈ പദ്ധതിക്ക് കഴിയുമെന്ന് ടാസ്മാനിയൻ ഇറിഗേഷൻ വ്യക്തമാക്കി. പ്രവർത്തനം തുടങ്ങി ആദ്യ രണ്ട് വർഷത്തിനുള്ളിൽ 108 ദശലക്ഷം ഡോളറിന്റെ സാമ്പത്തിക മുന്നേറ്റമാണ് പ്രതീക്ഷിക്കുന്നത്. വരൾച്ച രൂക്ഷമായതോടെ ശരാശരിയേക്കാൾ വളരെ നേരത്തെ തന്നെ ജലസേചന പദ്ധതികൾ തുറന്നുകൊടുക്കേണ്ടി വന്നതായും വരാനിരിക്കുന്ന വേനൽക്കാലത്ത് ജലത്തിന് വൻ ഡിമാൻഡ് ഉണ്ടാകുമെന്നും അധികൃതർ ചൂണ്ടിക്കാട്ടി.

Metro Australia
maustralia.com.au