ഇന്ധനവില നിയന്ത്രിക്കാൻ ടാസ്മാനിയ; വിപണിയിൽ ഇടപെടാൻ പുതിയ നിയമം വരുന്നു

പുതിയ ഇന്ധന നിയമങ്ങൾ പ്രഖ്യാപിച്ച്  ടാസ്മാനിയ
പ്രീമിയർ ജെറമി റോക്ക്ലിഫ് (Image / Pulse (File))
Published on

മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങളെത്തുടർന്ന് ഇന്ധനവില കുതിച്ചുയരുന്ന സാഹചര്യത്തിൽ, വില നിയന്ത്രിക്കാനും വിതരണത്തിൽ സുതാര്യത ഉറപ്പാക്കാനും പുതിയ നിയമനിർമ്മാണത്തിനൊരുങ്ങി ടാസ്മാനിയൻ സർക്കാർ. പെട്രോൾ ലിറ്ററിന് 2.90 ഡോളറും ഡീസൽ 3.30 ഡോളറും പിന്നിട്ടതോടെയാണ് അടിയന്തര സാഹചര്യങ്ങളിൽ ഇടപെടാൻ സർക്കാരിന് അധികാരം നൽകുന്ന നിയമം കൊണ്ടുവരുമെന്ന് പ്രീമിയർ ജെറമി റോക്ക്‌ലിഫ് പ്രഖ്യാപിച്ചത്. വ്യാഴാഴ്ച പാർലമെന്റിലാണ് അദ്ദേഹം ഇക്കാര്യം അറിയിച്ചത്.

പുതിയ നിയമപ്രകാരം അടിയന്തര ഘട്ടങ്ങളിൽ ഇന്ധനവിലയ്ക്ക് പരിധി (Price Cap) നിശ്ചയിക്കാൻ സർക്കാരിന് സാധിക്കും. കൂടാതെ, ഇന്ധന കമ്പനികൾ തങ്ങളുടെ പക്കലുള്ള സ്റ്റോക്കിന്റെ വിവരങ്ങൾ കൃത്യമായി സർക്കാരിനെ അറിയിക്കണമെന്നും നിയമം അനുശാസിക്കുന്നു. വിവരം നൽകുന്നതിൽ വീഴ്ച വരുത്തുന്ന കമ്പനികൾക്ക് കനത്ത പിഴ ശിക്ഷ നൽകാനും വ്യവസ്ഥയുണ്ടാകും. നിലവിൽ ടാസ്മാനിയയിൽ 57 ദിവസത്തേക്കുള്ള ഇന്ധന ശേഖരം ഉണ്ടെങ്കിലും ചിലയിടങ്ങളിൽ ആളുകൾ പരിഭ്രാന്തരായി ഇന്ധനം വാങ്ങിക്കൂട്ടുന്നത് (Panic Buying) അധികൃതരുടെ ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്.

ആഗോള പ്രതിസന്ധി ടാസ്മാനിയയിലെ ടൂറിസം, ചരക്കുനീക്കം എന്നീ മേഖലകളെ സാരമായി ബാധിച്ചിട്ടുണ്ട്. ചരക്കുനീക്കത്തിനുള്ള സർചാർജ് 50 ശതമാനം വരെ വർദ്ധിച്ചത് നിത്യോപയോഗ സാധനങ്ങളുടെ വിലക്കയറ്റത്തിന് കാരണമാകുമെന്ന് പ്രീമിയർ ചൂണ്ടിക്കാട്ടി. ജനങ്ങളുടെ ജീവിതച്ചെലവ് വർദ്ധിക്കുന്നതിൽ ആശങ്കയുണ്ടെന്നും സർക്കാരിന്റെ ഈ നീക്കത്തിന് പൂർണ്ണ പിന്തുണ നൽകുമെന്നും പ്രതിപക്ഷ നേതാവ് ജോഷ് വില്ലി വ്യക്തമാക്കി. വരും ദിവസങ്ങളിൽ ബില്ലിന്റെ കൂടുതൽ വിശദാംശങ്ങൾ പുറത്തുവിടും.

Related Stories

No stories found.
Metro Australia
maustralia.com.au