

ഹോബാർട്ട്: ടാസ്മാനിയയിലെ പിന്നാക്കം നിൽക്കുന്ന വിദ്യാർത്ഥികൾക്ക് തുല്യമായ വിദ്യാഭ്യാസ അവസരങ്ങൾ ഉറപ്പാക്കാനായി കേന്ദ്ര സർക്കാർ അനുവദിച്ച ദശലക്ഷക്കണക്കിന് ഡോളറിന്റെ ഫണ്ട്, സ്കൂളുകളുടെ ഘടനാപരമായ പുനഃസംഘടനയ്ക്കായി വകമാറ്റി ചിലവഴിച്ചതായി വിദ്യാഭ്യാസ മന്ത്രി ജോ പാമർക്കെതിരെ കടുത്ത ആരോപണം. ഫെഡറൽ ഫണ്ടിൽ നിന്നും 1.6 മില്യൺ ഓസ്‌ട്രേലിയൻ ഡോളർ (ഏകദേശം 9 കോടി രൂപ) മന്ത്രി സ്വന്തം താല്പര്യപ്രകാരമുള്ള പദ്ധതിക്കായി തട്ടിയടുത്തതായി പ്രതിപക്ഷമായ ലേബർ പാർട്ടി ലീഡർ ജോഷ് വില്ലി കുറ്റപ്പെടുത്തി.
സ്കൂളുകൾക്ക് നേരിട്ട് സാമ്പത്തിക സഹായം നൽകേണ്ട 'ബെറ്റർ ആൻഡ് ഫെയറർ സ്കൂൾസ് എഗ്രിമെന്റിൽ' നിന്നും 2025-ൽ 600,000 ഡോളർ വകമാറ്റിയതായും, 2026-ലും 2027-ലും 500,000 ഡോളർ വീതം ഇതിനായി മാറ്റിവെച്ചതായും ബജറ്റ് കണക്കുകളിൽ വ്യക്തമാണെന്ന് പ്രതിപക്ഷം ചൂണ്ടിക്കാട്ടുന്നു. സ്കൂളുകളുടെ അടിസ്ഥാന സൗകര്യങ്ങൾ വർദ്ധിപ്പിക്കുന്നതിന് പകരം സർക്കാരിന്റെ 'മൾട്ടി സ്കൂൾ ഓർഗനൈസേഷൻ' (MSO) പരീക്ഷണത്തിന്റെ ഭാഗമായി ഉയർന്ന ഉദ്യോഗസ്ഥർക്ക് വൻ ശമ്പളം നൽകാനും മറ്റ് സംസ്ഥാനങ്ങളിലെ കൺസൾട്ടൻസി സ്ഥാപനങ്ങൾക്കുമാണ് ഈ തുക നൽകുന്നത്. പ്രൊജക്റ്റിന്റെ ചീഫ് എക്സിക്യൂട്ടീവിന് 200,000 ഡോളറിലധികവും ഹെഡ് ഓഫ് ഓപ്പറേഷൻസിന് 150,000 ഡോളറിലധികവുമാണ് ശമ്പളം നിശ്ചയിച്ചിരിക്കുന്നത്. അധ്യാപകരുടെയും സ്കൂൾ അധികൃതരുടെയും പിന്തുണയില്ലാത്ത ഇത്തരം പരീക്ഷണങ്ങൾ പരാജയപ്പെടുമെന്ന് മുൻ അധ്യാപകൻ കൂടിയായ ജോഷ് വില്ലി മുന്നറിയിപ്പ് നൽകി.
എന്നാൽ ലേബർ പാർട്ടിയുടെ വിമർശനങ്ങൾ അടിസ്ഥാനരഹിതമാണെന്ന് പ്രീമിയർ ജെറമി റോക്ക്‌ലിഫ് വ്യക്തമാക്കി. സ്കൂളുകൾ തങ്ങളെ പരസ്പരം സഹായിക്കുന്ന ഒരു ശൃംഖലയായി മാറുന്ന ഈ പുതിയ ബ്രിട്ടീഷ് മാതൃക വഴി വിദ്യാഭ്യാസ നിലവാരം മെച്ചപ്പെടുമെന്നും കൃത്യമായ സ്ഥലങ്ങളിലാണ് ഫണ്ട് വിനിയോഗിക്കുന്നതെന്നും അദ്ദേഹം അവകാശപ്പെട്ടു. നിലവിൽ സംസ്ഥാനത്തെ വടക്കൻ മേഖലയിലെ യങ്‌ടൗൺ പ്രൈമറി ഉൾപ്പെടെയുള്ള മൂന്ന് സ്കൂളുകളെ ഉൾപ്പെടുത്തി രണ്ടാം ഘട്ട പരീക്ഷണം ആരംഭിക്കാനിരിക്കെയാണ് ഈ രാഷ്ട്രീയ വിവാദം കത്തുന്നത്. അതേസമയം, അധ്യാപക സംഘടനയായ 'ഓസ്‌ട്രേലിയൻ എഡ്യൂക്കേഷൻ യൂണിയൻ' (AEU) നടത്തിയ സർവേയിൽ സംസ്ഥാനത്തെ 90 ശതമാനം പ്രിൻസിപ്പൽമാരും ഈ പുതിയ വിദ്യാഭ്യാസ പരിഷ്കരണത്തിൽ വിശ്വാസമില്ലെന്ന് വ്യക്തമാക്കിയത് സർക്കാരിന് വലിയ തിരിച്ചടിയായിട്ടുണ്ട്.