കുട്ടികളുണ്ടാകാൻ ആഗ്രഹിക്കുന്നവർക്ക് കൈത്താങ്ങ്; ടാസ്മാനിയയിൽ 2000 ഡോളർ ഐവിഎഫ് സബ്‌സിഡി പദ്ധതി

പദ്ധതി പ്രകാരം ഐവിഎഫ് ഉൾപ്പെടെയുള്ള ചികിത്സകൾക്ക് വിധേയരാകുന്ന കുടുംബങ്ങൾക്ക് 2,000 ഓസ്‌ട്രേലിയൻ ഡോളർ വരെ (ഏകദേശം 1.1 ലക്ഷം രൂപ) സാമ്പത്തിക സഹായമായി ക്ലെയിം ചെയ്യാം
കുട്ടികളുണ്ടാകാൻ ആഗ്രഹിക്കുന്നവർക്ക് കൈത്താങ്ങ്; ടാസ്മാനിയയിൽ 2000 ഡോളർ ഐവിഎഫ് സബ്‌സിഡി പദ്ധതി
Published on

ഹോബാർട്ട്: വന്ധ്യതാ ചികിത്സ നേരിടുന്ന ടാസ്മാനിയൻ കുടുംബങ്ങൾക്ക് വലിയ സാമ്പത്തിക ആശ്വാസം പകർന്നു നൽകിക്കൊണ്ട് സംസ്ഥാന സർക്കാരിന്റെ പുതിയ ഐവിഎഫ് റിബേറ്റ് പദ്ധതി ജൂലൈ 1 ബുധനാഴ്ച മുതൽ പ്രാബല്യത്തിൽ വരുന്നു. പദ്ധതി പ്രകാരം ഐവിഎഫ് ഉൾപ്പെടെയുള്ള ചികിത്സകൾക്ക് വിധേയരാകുന്ന കുടുംബങ്ങൾക്ക് 2,000 ഓസ്‌ട്രേലിയൻ ഡോളർ വരെ (ഏകദേശം 1.1 ലക്ഷം രൂപ) സാമ്പത്തിക സഹായമായി ക്ലെയിം ചെയ്യാം. രണ്ട് വർഷത്തേക്ക് 5 മില്യൺ ഡോളർ ബജറ്റ് വിഹിതം മാറ്റിവെച്ചാണ് സംസ്ഥാന സർക്കാർ ഈ സുപ്രധാന പദ്ധതി നടപ്പിലാക്കുന്നത്.

ചികിത്സ നേരിടുന്ന കുടുംബങ്ങളുടെ കടുത്ത വൈകാരിക യാത്രയിൽ സാമ്പത്തിക ബാധ്യത ഒരു തടസ്സമാകരുതെന്ന ലക്ഷ്യത്തോടെയാണ് ഈ റിബേറ്റ് രൂപകൽപ്പന ചെയ്തിട്ടുള്ളതെന്ന് ടാസ്മാനിയൻ ആരോഗ്യ മന്ത്രി ബ്രിഡ്ജറ്റ് ആർച്ചർ വ്യക്തമാക്കി. മെഡികെയറും സ്വകാര്യ ഹെൽത്ത് ഇൻഷുറൻസും ചിലവുകളുടെ ഒരു ഭാഗം നൽകുന്നുണ്ടെങ്കിലും, ഭൂരിഭാഗം കുടുംബങ്ങൾക്കും ഇപ്പോഴും വലിയൊരു തുക സ്വന്തം കൈയിൽ നിന്ന് ചിലവാക്കേണ്ടി വരുന്നുണ്ട്. സംസ്ഥാനത്തെ പ്രമുഖ ഫെർട്ടിലിറ്റി ക്ലിനിക്കുകളായ 'ഫെർട്ടിലിറ്റി ടാസ്മാനിയ' , 'ടാസ് ഐവിഎഫ്' എന്നിവടങ്ങളിൽ ചികിത്സ തേടുന്ന ടാസ്മാനിയൻ നിവാസികൾക്ക് ഈ ആനുകൂല്യത്തിന് അർഹതയുണ്ടായിരിക്കും. താല്പര്യമുള്ളവർക്ക് 'SmartyGrants' പോർട്ടൽ വഴിയോ നേരിട്ട് സർവീസ് ടാസ്മാനിയ ഓഫീസ് വഴിയോ അപേക്ഷ സമർപ്പിക്കാം.

ചികിത്സാ ചിലവുകൾ പകുതിയായി കുറയും:

ഒരു സിംഗിൾ ഐവിഎഫ് സൈക്കിളിന് (Single IVF cycle) സാധാരണയായി 3,000 മുതൽ 4,000 ഡോളർ വരെ സ്വന്തം കൈയിൽ നിന്ന് ചിലവ് വരാറുണ്ടെന്നും, പുതിയ സബ്‌സിഡി എത്തുന്നതോടെ ഈ ഭാരം പകുതിയായി കുറയുമെന്നും ഫെർട്ടിലിറ്റി സ്പെഷ്യലിസ്റ്റ് ഡോ. സ്റ്റീഫൻ ബ്രാഡ്‌ഫോർഡ് പറഞ്ഞു. സാമ്പത്തിക പ്രതിസന്ധി കാരണം ചികിത്സ അന്തർസംസ്ഥാനങ്ങളിലേക്ക് മാറ്റിയവർക്കും, ചികിത്സ ആരംഭിക്കാൻ മടിച്ചു നിന്നവർക്കും പുതിയ പ്രഖ്യാപനം വലിയൊരു പ്രോത്സാഹനമാകും. നാല് തവണ ഐവിഎഫ് ചികിത്സയ്ക്ക് വിധേയയാകുകയും നിലവിൽ 14 മാസം പ്രായമുള്ള ഒരു പെൺകുഞ്ഞിന്റെ അമ്മയുമായ ജെസ്സിക്ക മക്കിൻലി സർക്കാരിന്റെ ഈ തീരുമാനത്തെ സ്വാഗതം ചെയ്തു. തങ്ങളെപ്പോലെ പതിനായിരക്കണക്കിന് ഡോളർ കടബാധ്യതയുള്ള കുടുംബങ്ങൾക്ക് ഈ തുക വലിയൊരു അനുഗ്രഹമാണെന്ന് അവർ സാക്ഷ്യപ്പെടുത്തി. 2026-27 സംസ്ഥാന ബജറ്റിന്റെ ഭാഗമായി പ്രഖ്യാപിച്ച ഈ ഫണ്ട് രണ്ട് വർഷത്തേക്കോ അല്ലെങ്കിൽ അനുവദിച്ച തുക തീരുന്നതുവരെയോ ലഭ്യമായിരിക്കും.

Metro Australia
maustralia.com.au