

ഹോബാർട്ട്: ടാസ്മാനിയൻ സർക്കാർ വകുപ്പുകളിലെ ഉദ്യോഗസ്ഥർ ഔദ്യോഗിക പദവിയിലിരിക്കെ സ്വകാര്യ വ്യക്തികളിൽ നിന്നും കമ്പനികളിൽ നിന്നും സമ്മാനങ്ങളും (Gifts) ആതിഥേയത്വങ്ങളും സ്വീകരിക്കുന്നതിൽ ഗുരുതരമായ വീഴ്ച വരുത്തുന്നതായി ഓഡിറ്റർ ജനറലിന്റെ റിപ്പോർട്ട്. കഴിഞ്ഞ ഒരു പതിറ്റാണ്ടിലേറെയായി നിരവധി പരിശോധനകളും നയരൂപീകരണങ്ങളും നടന്നിട്ടും, സർക്കാർ വകുപ്പുകൾ ഇപ്പോഴും നിർദ്ദിഷ്ട മാനദണ്ഡങ്ങൾ പാലിക്കുന്നതിൽ പരാജയപ്പെടുകയാണെന്ന് ഇന്ന് പുറത്തുവിട്ട റിപ്പോർട്ടിൽ ഓഡിറ്റർ ജനറൽ മാർട്ടിൻ തോംസൺ വ്യക്തമാക്കി. പ്രത്യേകിച്ച് ഉയർന്ന പദവിയിലിരിക്കുന്ന സീനിയർ മാനേജർമാർ പലപ്പോഴും സ്വീകരിക്കാൻ പാടില്ലാത്ത വിലകൂടിയ സമ്മാനങ്ങളും വിരുന്നുകളും പരസ്യമായി കൈപ്പറ്റുന്ന പ്രവണതയാണ് കാണിക്കുന്നത്.
2024-25 സാമ്പത്തിക വർഷത്തിൽ സംസ്ഥാനത്തെ എട്ട് പ്രധാന വകുപ്പുകൾ കൈകാര്യം ചെയ്ത സമ്മാന വിവരങ്ങളാണ് ഓഡിറ്റ് സംഘം പരിശോധിച്ചത്. ഉദ്യോഗസ്ഥർ രഹസ്യമായി വാങ്ങിയതും പ്രഖ്യാപിക്കാത്തതുമായ സമ്മാനങ്ങൾ കണ്ടെത്താനായി ഓഡിറ്റർമാർ ഏകദേശം 17,700 ഔദ്യോഗിക ഇമെയിലുകൾ പരിശോധിച്ചു. ഒരു സാധാരണ സാഹചര്യത്തിൽ ആരെങ്കിലും സമ്മാനങ്ങൾ തരാൻ വന്നാൽ 'ഒരു നന്ദി വാക്ക് മാത്രം മതി' (Thanks is enough) എന്ന 2016-ലെ ഔദ്യോഗിക പെരുമാറ്റച്ചട്ട നയത്തെ പൂർണ്ണമായും ലംഘിക്കുന്നതാണ് ഇപ്പോഴത്തെ കണ്ടെത്തലുകൾ. പല വകുപ്പുകളിലും ആഭ്യന്തര രജിസ്റ്ററുകളിൽ രേഖപ്പെടുത്തിയ സമ്മാനങ്ങളുടെ വിവരങ്ങൾ പൊതുജനങ്ങൾക്ക് പരിശോധിക്കാവുന്ന പബ്ലിക് രജിസ്റ്ററിൽ നിന്നും മനഃപൂർവ്വം മറച്ചുവെച്ചു. ഉദാഹരണത്തിന്, ഒരു പ്രമുഖ സ്പോർട്സ് ക്ലബ്ബുമായി സർക്കാർ നടത്തിയ സ്പോൺസർഷിപ്പ് കരാർ വഴി എല്ലാ ഹോം മാച്ചുകൾക്കും 20 സൗജന്യ ടിക്കറ്റുകളും, വിരുന്നുകളും, 5,000 ഡോളറിന്റെ സൗജന്യ മർച്ചൻഡൈസുകളും ഉദ്യോഗസ്ഥർ കൈപ്പറ്റിയിരുന്നു.
വകുപ്പുകളുടെ അനാസ്ഥയും നയങ്ങളിലെ കാലതാമസവും:
മറ്റൊരു സംഭവത്തിൽ, ഒരു പ്രൊജക്റ്റ് ടീമിലെ അംഗങ്ങൾക്ക് കരാറുകാരായ കമ്പനി വൻ തുക ചിലവഴിച്ച് ആഡംബര ഡിന്നർ പാർട്ടി നൽകിയതായും കണ്ടെത്തി. 'ബന്ധങ്ങൾ പുതുക്കൽ' (Networking) എന്ന വ്യാജേന ഏജൻസി തലവന്മാർ കായിക മാമാങ്കങ്ങളിലേക്കും വലിയ നെറ്റ്വർക്കിങ് പരിപാടികളിലേക്കും ഉള്ള വിലകൂടിയ ക്ഷണങ്ങൾ സ്വീകരിക്കുന്നത് പതിവാക്കിയിരിക്കുകയാണ്. ഡിപ്പാർട്ട്‌മെന്റ് ഓഫ് പ്രീമിയർ ആൻഡ് കാബിനറ്റ് (DPAC) ഈ വർഷം ജനുവരിയിൽ പുതിയ പരിഷ്‌കരിച്ച നയം കൊണ്ടുവന്നെങ്കിലും, കഴിഞ്ഞ രണ്ട് വർഷമായി വ്യക്തമായ മാർഗ്ഗനിർദ്ദേശങ്ങൾ നൽകാതെ വകുപ്പുകളെ അനാഥമാക്കിയതായി ഓഡിറ്റർ ജനറൽ കുറ്റപ്പെടുത്തി. എന്നാൽ രണ്ട് സംസ്ഥാന തിരഞ്ഞെടുപ്പുകളും, കുട്ടികൾക്കെതിരെയുള്ള ലൈംഗിക അതിക്രമങ്ങൾ അന്വേഷിക്കുന്ന കമ്മീഷൻ ഓഫ് ഇൻക്വയറിയും കാരണം വകുപ്പ് അത്യധികം തിരക്കിലായതിനാലാണ് പുതിയ നയം വൈകിയതെന്ന് ഡിപിഎസി സെക്രട്ടറി കാതറിൻ മോർഗൻ-വിക്സ് (Kathrine Morgan-Wicks) വിശദീകരിച്ചു. ഈ ക്രമക്കേടുകൾ പരിഹരിക്കാൻ ഓഡിറ്റർ ജനറൽ അഞ്ച് നിർദ്ദേശങ്ങൾ മുന്നോട്ടുവെച്ചിട്ടുണ്ട്. എന്നാൽ റിപ്പോർട്ട് പ്രസിദ്ധീകരിക്കുന്നത് വരെ ആരോഗ്യ വകുപ്പും വിദ്യാഭ്യാസ വകുപ്പും ഇതിനോട് പ്രതികരിക്കാൻ തയ്യാറായിട്ടില്ല.