

ടാസ്മാനിയയിലെ സർക്കാർ ആശുപത്രികളുടെ അടിയന്തര വിഭാഗങ്ങൾ രാജ്യത്ത് ഏറ്റവും മോശം പ്രകടനം കാഴ്ചവയ്ക്കുന്നവയിലൊന്നാണെന്ന് പുതിയ കണക്കുകൾ വ്യക്തമാക്കുന്നു. സമയബന്ധിതമായി ചികിത്സ ലഭിക്കുന്നത് വെറും 46 ശതമാനം രോഗികൾക്കു മാത്രമാണെന്ന് ഓസ്ട്രേലിയൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് ആൻഡ് വെൽഫെയർ (AIHW) പുറത്തുവിട്ട റിപ്പോർട്ട് പറയുന്നു. നോർതേൺ ടെറിറ്ററിയോടൊപ്പം ടാസ്മാനിയയാണ് ഏറ്റവും താഴ്ന്ന നിലയിൽ.
2024–25 കാലയളവിൽ അടിയന്തര ചികിത്സ ആവശ്യമായ രോഗികളിൽ വെറും 38 ശതമാനത്തിനാണ് നിർദ്ദേശിച്ച സമയപരിധിക്കുള്ളിൽ ചികിത്സ ആരംഭിച്ചത്. അർധ-അടിയന്തര വിഭാഗത്തിലുള്ള രോഗികളിൽ 52 ശതമാനം പേർക്ക് മാത്രമാണ് സമയത്ത് ചികിത്സ ലഭിച്ചത്.
ദീർഘകാല പ്രവണതകൾ ആരോഗ്യ സംവിധാനത്തിലെ തകർച്ച വ്യക്തമാക്കുന്നു. ലൗൺസസ്റ്റൺ ജനറൽ ആശുപത്രിയിൽ സമയബന്ധിത അടിയന്തര ചികിത്സ 2016–17ൽ 72 ശതമാനമായിരുന്നെങ്കിൽ 2024–25ൽ അത് 43 ശതമാനമായി കുറഞ്ഞു. റോയൽ ഹോബാർട്ട് ആശുപത്രിയിൽ ഇതേ കാലയളവിൽ 78 ശതമാനത്തിൽ നിന്ന് 39 ശതമാനമായും ഇടിഞ്ഞു.
ഷാഡോ ഹെൽത്ത് മന്ത്രി സാറ ലൊവൽ സർക്കാരിനെ രൂക്ഷമായി വിമർശിച്ചു. ആവശ്യമായ സ്റ്റാഫും വിഭവങ്ങളും നൽകുന്നതിൽ സർക്കാർ പരാജയപ്പെട്ടതിന്റെ ഫലമാണ് ഈ കണക്കുകളെന്ന് അവർ പറഞ്ഞു. അതേസമയം മുഖ്യമന്ത്രി ജെറമി റോക്ക്ലിഫ് സർക്കാർ നിലപാട് പ്രതിരോധിച്ചു. ഗുരുതരമായ കാറ്റഗറി-1 രോഗികളിൽ 100 ശതമാനത്തിനും സമയത്ത് ചികിത്സ ലഭിക്കുന്നുണ്ടെന്നും, ഇലക്ടീവ് സർജറികളിൽ റെക്കോർഡ് നേട്ടം കൈവരിച്ചതായും അദ്ദേഹം പറഞ്ഞു.
ആരോഗ്യ മേഖലയിലേക്ക് ദിവസേന 10 മില്യൺ ഡോളർ ചെലവഴിക്കുകയാണെന്നും, അടുത്ത വർഷങ്ങളിലേക്കായി 14 ബില്യൺ ഡോളർ മാറ്റിവച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഫെഡറൽ സർക്കാരുമായി ഫണ്ടിംഗ് ചർച്ചകൾ തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.