

ശമ്പള വർദ്ധനവും മെച്ചപ്പെട്ട സേവന വ്യവസ്ഥകളും ആവശ്യപ്പെട്ട് ടാസ്മാനിയയിലെ വിദ്യാഭ്യാസ പ്രവർത്തകർ ലോൺസെസ്റ്റണിൽ (Launceston) വൻ പ്രതിഷേധം സംഘടിപ്പിച്ചു. ഏകദേശം 1,500-ഓളം അധ്യാപകരും അനുബന്ധ ജീവനക്കാരും പ്രതിഷേധ റാലിയിൽ പങ്കെടുത്തു. വടക്കൻ ടാസ്മാനിയയിലെ സ്കൂളുകളുടെ പ്രവർത്തനം ഇതോടെ പൂർണ്ണമായും തടസ്സപ്പെട്ടു. വ്യാഴാഴ്ച ഹോബാർട്ടിലെ പാർലമെന്റ് മന്ദിരത്തിന് മുന്നിൽ ഇതിലും വലിയ പ്രതിഷേധം സംഘടിപ്പിക്കാനാണ് അധ്യാപക സംഘടനകളുടെ തീരുമാനം.
ഓസ്‌ട്രേലിയൻ എഡ്യൂക്കേഷൻ യൂണിയന്റെ (AEU) നേതൃത്വത്തിൽ നടക്കുന്ന ഈ സൂചന പണിമുടക്ക് വിവിധ ദിവസങ്ങളിലായി വ്യത്യസ്ത മേഖലകളിലാണ് നടക്കുന്നത്. ചൊവ്വാഴ്ച നോർത്ത് വെസ്റ്റ് മേഖലയിലും ബുധനാഴ്ച ലോൺസെസ്റ്റണിലും നടന്ന സമരം വ്യാഴാഴ്ച ഹോബാർട്ടിലേക്ക് വ്യാപിക്കും. സർക്കാർ തങ്ങളുടെ ആവശ്യങ്ങൾ കേൾക്കാൻ തയ്യാറാകണമെന്നും അല്ലാത്തപക്ഷം സമരം ശക്തമാക്കുമെന്നും യൂണിയൻ നേതാക്കൾ മുന്നറിയിപ്പ് നൽകി. നിലവിൽ സർക്കാർ മുന്നോട്ടുവെച്ച ശമ്പള വർദ്ധനവ് (ആദ്യ രണ്ട് വർഷം 3%, മൂന്നാം വർഷം 2.75%) അധ്യാപകർ തള്ളിയിരിക്കുകയാണ്.
അധ്യാപകരുടെ സമരം വിദ്യാർത്ഥികളുടെ പഠനത്തെ ബാധിക്കുന്നതിൽ വിദ്യാഭ്യാസ മന്ത്രി ജോ പാമർ നിരാശ പ്രകടിപ്പിച്ചു. അധ്യാപകർക്ക് അർഹമായ ശമ്പള വർദ്ധനവും മറ്റ് ആനുകൂല്യങ്ങളും ഉറപ്പാക്കുന്ന നിർദ്ദേശമാണ് സർക്കാർ നൽകിയതെന്നും, അത് വോട്ടിനിടാതെ യൂണിയൻ തള്ളിയത് ശരിയായില്ലെന്നും മന്ത്രി പറഞ്ഞു. എന്നാൽ ചർച്ചകൾ തുടരുകയാണെന്നും മാർച്ച 31-നകം അനുകൂലമായ തീരുമാനം ഉണ്ടാകുമെന്നാണ് പ്രതീക്ഷയെന്നും യൂണിയൻ വക്താക്കൾ അറിയിച്ചു.