ടാസ്മാനിയയിൽ നിന്ന് ബീം മൊബിലിറ്റി പൂർണ്ണമായി പിൻവാങ്ങുന്നു; ഇ-സ്കൂട്ടർ സർവീസുകൾ അവസാനിക്കുന്നു

ഏപ്രിൽ മാസത്തിൽ ഹോബാർട്ട് സിറ്റി കൗൺസിൽ നിലവിലുള്ള ഇ-സ്കൂട്ടർ ഹയർ പദ്ധതി ഉപേക്ഷിക്കാനും പകരം ഇ-ബൈക്കുകൾ മാത്രം അനുവദിക്കാനും തീരുമാനിച്ചതിനെത്തുടർന്നാണ്
ടാസ്മാനിയയിൽ നിന്ന് ബീം മൊബിലിറ്റി പൂർണ്ണമായി പിൻവാങ്ങുന്നു; ഇ-സ്കൂട്ടർ സർവീസുകൾ അവസാനിക്കുന്നു
Published on

ഹോബാർട്ട്: ടാസ്മാനിയൻ നഗരങ്ങളിലെ ജനപ്രിയ യാത്രാ ഉപാധിയായിരുന്ന ബീം മൊബിലിറ്റിയുടെ ഇ-സ്കൂട്ടർ, ഇ-ബൈക്ക് സേവനങ്ങൾ പൂർണ്ണമായും അവസാനിക്കുന്നു. കമ്പനിയുടെ ഹോബാർട്ടിലെ സർവീസുകൾ വരുന്ന ജൂൺ 30-ഓടെയും, ലോൺസെസ്റ്റണിലെ സർവീസുകൾ ജൂലൈ 14-ഓടെയും പൂർണ്ണമായി നിർത്തലാക്കുമെന്ന് ബീം മൊബിലിറ്റി സ്ഥിരീകരിച്ചു. കഴിഞ്ഞ ഏപ്രിൽ മാസത്തിൽ ഹോബാർട്ട് സിറ്റി കൗൺസിൽ നിലവിലുള്ള ഇ-സ്കൂട്ടർ ഹയർ പദ്ധതി ഉപേക്ഷിക്കാനും പകരം ഇ-ബൈക്കുകൾ മാത്രം അനുവദിക്കാനും തീരുമാനിച്ചതിനെത്തുടർന്നാണ് സംസ്ഥാനത്ത് നിന്ന് പൂർണ്ണമായി ഒഴിഞ്ഞുപോരാൻ കമ്പനി തീരുമാനിച്ചത്. ഹോബാർട്ടിലെ പ്രധാന ബേസ് നഷ്ടപ്പെടുന്നതോടെ ലോൺസെസ്റ്റണിൽ മാത്രം മാത്രമായി സർവീസ് മുന്നോട്ട് കൊണ്ടുപോകുന്നത് പ്രായോഗികമല്ലെന്ന് കമ്പനിയുടെ ഓസ്‌ട്രേലിയ-ന്യൂസിലൻഡ് ഓപ്പറേഷൻസ് മേധാവി മൈക്കൽ ഡി അൽമേഡ വ്യക്തമാക്കി.

കാറുകളെ ആശ്രയിക്കാതെ നഗരങ്ങളിൽ കുറഞ്ഞ ചെലവിൽ യാത്ര ചെയ്യാൻ സഹായിച്ചിരുന്ന ഈ സംവിധാനം നിർത്തലാക്കുന്നത് നഗരത്തിന് വലിയ നഷ്ടമാണെന്ന് ലോൺസെസ്റ്റൺ മേയർ മാത്യു ഗാർവുഡ് പറഞ്ഞു. എന്നാൽ, കഴിഞ്ഞ കുറേ വർഷങ്ങളായി ഇ-സ്കൂട്ടറുകൾ വ്യാപകമായി കാൽനടപ്പാതകളിൽ അലക്ഷ്യമായി ഉപേക്ഷിക്കുന്നതിനെക്കുറിച്ചും സുരക്ഷിതമല്ലാത്ത റൈഡിംഗ് രീതികളെക്കുറിച്ചും പൊതുജനങ്ങളിൽ നിന്നും കടുത്ത പരാതികൾ ഉയർന്നിരുന്നു. പ്രത്യേകിച്ച് കാഴ്ചപരിമിതിയുള്ളവർക്കും ശാരീരിക ബുദ്ധിമുട്ടുകൾ നേരിടുന്നവർക്കും കാൽനടപ്പാതകളിലെ ഈ തടസ്സങ്ങൾ വലിയ യാത്രാ ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതായി ഭിന്നശേഷി അവകാശ പ്രവർത്തകർ ചൂണ്ടിക്കാണിച്ചിരുന്നു.

2021 ഡിസംബറിൽ ടാസ്മാനിയയിൽ സർവീസ് ആരംഭിച്ചതിന് ശേഷം ഇരു നഗരങ്ങളിലുമായി 1.1 ദശലക്ഷത്തിലധികം യാത്രകളാണ് ബീം സ്കൂട്ടറുകളിൽ ജനങ്ങൾ നടത്തിയത്. ഇതിലൂടെ ഏതാണ്ട് രണ്ട് ദശലക്ഷത്തോളം കിലോമീറ്റർ ദൂരം സഞ്ചരിക്കാൻ സാധിച്ചു. ഹോബാർട്ടിൽ നടന്ന യാത്രകളിൽ 45 ശതമാനവും ലോൺസെസ്റ്റണിൽ 47 ശതമാനവും ആളുകൾ കാർ യാത്രകൾക്ക് പകരമായാണ് ഇ-സ്കൂട്ടറുകൾ തിരഞ്ഞെടുത്തത്. ബീം മൊബിലിറ്റി ഒഴിഞ്ഞുപോകുന്നതോടെ, ഹോബാർട്ടിലെ ഇടുങ്ങിയ റോഡുകൾക്കും കാൽനടപ്പാതകൾക്കും അനുയോജ്യമായ ചെറിയ ഇ-ബൈക്കുകൾ മാത്രം വിന്യസിക്കുന്ന പുതിയ ഓപ്പറേറ്റർക്കായി കൗൺസിൽ ഉടൻ ടെൻഡർ വിളിക്കും.

Metro Australia
maustralia.com.au