ടിക്കറ്റ് തുടങ്ങി അരമണിക്കൂറിൽ 1.5ലക്ഷം സന്ദർശകർ; സ്പിരിറ്റ് ഓഫ് ടാസ്മേനിയ വെബ്‌സൈറ്റ് തകർന്നു

സ്ട്രെയിറ്റിലൂടെ സർവീസ് നടത്തുന്ന സ്പിരിറ്റ് IV, സ്പിരിറ്റ് V എന്നീ പുതിയ കപ്പലുകൾ ഒക്ടോബർ 31 മുതൽ സർവീസ് ആരംഭിക്കാനിരിക്കെയാണ് ബുക്കിംഗ് തുറന്നുകൊടുത്തത്
Spirit Of Tasmania
Spirit Of TasmaniaABC news
Published on

ഹോബാർട്ട്: പുതുതായി സർവീസ് ആരംഭിക്കുന്ന 'സ്പിരിറ്റ് ഓഫ് ടാസ്മേനിയ' (Spirit of Tasmania) അത്യാധുനിക യാത്രാക്കപ്പലുകളിലെ കന്നി യാത്രയ്ക്കുള്ള ടിക്കറ്റ് ബുക്കിംഗ് ആരംഭിച്ചതിന് പിന്നാലെ അനിയന്ത്രിതമായ തിരക്കുമൂലം വെബ്‌സൈറ്റ് പ്രവർത്തനരഹിതമായി. സാധാരണ ദിവസങ്ങളിൽ ശരാശരി 2,000 സന്ദർശകർ മാത്രം എത്താറുള്ള ബുക്കിംഗ് പോർട്ടലിൽ, ടിക്കറ്റ് വിൽപ്പന ആരംഭിച്ച് ആദ്യ അരമണിക്കൂറിനുള്ളിൽ 1,50,000-ത്തിലധികം ആളുകളാണ് ഒരേസമയം എത്തിയത്. ഇതോടെ ടിക്കറ്റുകൾ തിരഞ്ഞെടുക്കാൻ സാധിച്ചെങ്കിലും പണം അടച്ച് ബുക്കിംഗ് പൂർത്തിയാക്കാൻ സാധിക്കാതെ യാത്രക്കാർ മണിക്കൂറുകളോളം വലഞ്ഞു.

വിക്ടോറിയയ്ക്കും ടാസ്മേനിയയ്ക്കും ഇടയിൽ ബാസ് സ്ട്രെയിറ്റിലൂടെ സർവീസ് നടത്തുന്ന സ്പിരിറ്റ് IV, സ്പിരിറ്റ് V എന്നീ പുതിയ കപ്പലുകൾ ഒക്ടോബർ 31 മുതൽ സർവീസ് ആരംഭിക്കാനിരിക്കെയാണ് ബുക്കിംഗ് തുറന്നുകൊടുത്തത്. 301 ക്യാബിനുകളുള്ള പുതിയ കപ്പലുകളിൽ പഴയതിനേക്കാൾ 470 യാത്രക്കാരെ അധികമായി ഉൾക്കൊള്ളാനും വളർത്തുമൃഗങ്ങളോടൊപ്പം യാത്ര ചെയ്യാവുന്ന പ്രത്യേക ക്യാബിൻ സൗകര്യങ്ങളുമുണ്ട്. വെബ്‌സൈറ്റ് നേരിട്ട സാങ്കേതിക തകരാറുകളിൽ യാത്രക്കാർ കടുത്ത അതൃപ്തി പ്രകടിപ്പിച്ചെങ്കിലും, ടാസ്മേനിയൻ ടൂറിസം മേഖലയുടെ വൻ കുതിച്ചുചാട്ടത്തിന്റെ തെളിവാണിതെന്ന് അധികൃതർ വ്യക്തമാക്കി.

Metro Australia
maustralia.com.au