

ഹോബാർട്ട്: ശമ്പളം വെട്ടിക്കുറയ്ക്കാനുള്ള സർക്കാർ തീരുമാനത്തിൽ പ്രതിഷേധിച്ച് റോയൽ ഹോബാർട്ട് ഹോസ്പിറ്റലിലെ ഫാർമസി ജീവനക്കാർ പണിമുടക്കി. ഹെൽത്ത് ആൻഡ് കമ്മ്യൂണിറ്റി സർവീസസ് യൂണിയന്റെ (HACSU) നേതൃത്വത്തിലാണ് പ്രതിഷേധം നടക്കുന്നത്. നിലവിൽ ലഭിച്ചുകൊണ്ടിരുന്ന 'മാർക്കറ്റ് അലവൻസ്' അടിസ്ഥാന ശമ്പളത്തിൽ ലയിപ്പിക്കാൻ സർക്കാർ തയ്യാറാകാത്തത് വഴി ഓരോ ജീവനക്കാരനും വർഷം 10,000 ഡോളറോളം ശമ്പളത്തിൽ കുറവുണ്ടാകുമെന്ന് യൂണിയൻ ആരോപിക്കുന്നു. രോഗികൾക്ക് കൃത്യമായ മരുന്നുകൾ ഉറപ്പുവരുത്തുന്ന പ്രൊഫഷണലുകളെ സാമ്പത്തികമായി പിന്നോട്ടടിക്കുന്നത് നീതിയല്ലെന്ന് അവർ ചൂണ്ടിക്കാട്ടി.
പുതിയ കരാറിലെത്താൻ മാർച്ച് 31 വരെയാണ് സർക്കാർ സമയം അനുവദിച്ചിരിക്കുന്നത്. ഈ തീയതിക്കുള്ളിൽ ധാരണയിലെത്തുന്ന ജീവനക്കാർക്ക് ഡിസംബർ 1 മുതലുള്ള മുൻകാല ശമ്പള കുടിശ്ശിക (Back pay) നൽകുമെന്ന് പ്രീമിയർ ജെറമി റോക്ലിഫ് പറഞ്ഞു. എന്നാൽ കരാർ ഒപ്പിട്ടില്ലെങ്കിൽ കുടിശ്ശിക നൽകില്ലെന്ന് അദ്ദേഹം മുന്നറിയിപ്പ് നൽകി. പോലീസ്, ഡോക്ടർമാർ തുടങ്ങിയ മറ്റ് വിഭാഗങ്ങളുമായി ഉണ്ടാക്കിയ അതേ മാതൃകയിലുള്ള പാക്കേജാണ് ഫാർമസിസ്റ്റുകൾക്കും വാഗ്ദാനം ചെയ്തിരിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
ജീവനക്കാരെ സർക്കാർ സമ്മർദ്ദത്തിലാക്കുകയാണെന്ന് ലേബർ പാർട്ടി എംപി എല്ല ഹദ്ദാദ് കുറ്റപ്പെടുത്തി. ആരും തമാശയ്ക്കല്ല പണിമുടക്കുന്നതെന്നും അർഹമായ പരിഗണന ലഭിക്കാത്തതുകൊണ്ടാണ് ഇത്തരം നടപടികളിലേക്ക് നീങ്ങുന്നതെന്നും അവർ പറഞ്ഞു. ഈ മാസം അവസാനത്തിനുള്ളിൽ അനുകൂലമായ തീരുമാനം ഉണ്ടായില്ലെങ്കിൽ മറ്റ് യൂണിയനുകളുമായി ചേർന്ന് ശക്തമായ പ്രക്ഷോഭം തുടങ്ങാനാണ് ജീവനക്കാരുടെ തീരുമാനം. നിലവിൽ അധ്യാപകരും സർക്കാർ ജീവനക്കാരും സമാനമായ ശമ്പള തർക്കത്തിൽ സർക്കാരുമായി ചർച്ചകൾ നടത്തിവരികയാണ്.