

ഹോബാർട്ട്: സോഷ്യൽ മീഡിയയിലെ സൂപ്പർതാരമായ 'നീൽ ദ സീൽ' (Neil the Seal) എന്ന് വിളിക്കുന്ന Southern elephant seal ടാസ്മാനിയയിലെ സെവൻ മൈൽ ബീച്ചിൽചെലവഴിച്ച 15 ദിവസങ്ങൾക്കായി ക്ലാരൻസ് സിറ്റി കൗൺസിലിന് ചെലവായത് 31,500 ഓസ്‌ട്രേലിയൻ ഡോളറിലധികം. നീലിനെ കാണാൻ തടിച്ചുകൂടിയ വൻ ജനക്കൂട്ടത്തെയും ഗതാഗതത്തെയും നിയന്ത്രിക്കാൻ കൗൺസിൽ ജീവനക്കാരെയും സുരക്ഷാ ഉദ്യോഗസ്ഥരെയും വിന്യസിച്ച ഇനത്തിലാണ് തുകയുടെ ഭൂരിഭാഗവും ചെലവായതെന്ന് മേയർ ബ്രെൻഡൻ ബ്ലോംലി വ്യക്തമാക്കി.
131 മണിക്കൂറിലധികം വരുന്ന സാധാരണ പ്രവൃത്തി സമയത്തിന് പുറമെ 144 മണിക്കൂർ ഓവർടൈം ജോലിയും ജീവനക്കാർക്ക് ചെയ്യേണ്ടി വന്നു. വഴിയരികിലെ ബോലാർഡുകളിലും വേലികളിലും നീൽ ഉരസിയതിനെ തുടർന്ന് പൊതുമുതലുകൾക്കുണ്ടായ നാശനഷ്ടം നിസ്സാരമാണെങ്കിലും, ഇതൊരു വന്യജീവി ആയതിനാൽ ഭാവിയിൽ ഇവൻ തീരത്തണയുമ്പോൾ ആളുകൾ കൃത്യമായ അകലം പാലിക്കണമെന്ന് മേയർ അഭ്യർത്ഥിച്ചു. നീലിന്റെ സംരക്ഷണവും ജനക്കൂട്ട നിയന്ത്രണവും ഉറപ്പാക്കാൻ താസ്മാനിയൻ പോലീസും വനംവകുപ്പും ചേര്‍ന്ന് പ്രത്യേക നിർദ്ദേശങ്ങൾ തയ്യാറാക്കി വരികയാണ്.