ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒക്ടോബർ ചൂടിൽ ടാസ്മാനിയ; ഹോബാർട്ടിൽ താപനില 31.7 ഡിഗ്രി കടന്നു

സമീപകാല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒക്ടോബർ ചൂടാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രേഖപ്പെടുത്തിയത്.
ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒക്ടോബർ ചൂടിൽ ടാസ്മാനിയ; ഹോബാർട്ടിൽ താപനില 31.7 ഡിഗ്രി കടന്നു
(Getty Image)
Published on: 

ഹോബാർട്ട്: ടാസ്മാനിയൻ തലസ്ഥാനമായ ഹോബാർട്ടിൽ താപനില 31.7 ഡിഗ്രി സെൽഷ്യസ് കടന്നു. സമീപകാല ചരിത്രത്തിലെ ഏറ്റവും ഉയർന്ന ഒക്ടോബർ ചൂടാണ് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ രേഖപ്പെടുത്തിയത്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ (BOM) കണക്കുകൾ പ്രകാരം ഉച്ചകഴിഞ്ഞ് 3:19-നാണ് നഗരത്തിൽ താപനില ഏറ്റവും ഉയർന്ന നിലയിലെത്തിയത്. വൈകുന്നേരം ഏഴ് മണിയോടെ പോലും നഗരത്തിൽ 28 ഡിഗ്രിക്ക് മുകളിലായിരുന്നു ചൂട്.

കമ്പാനിയയിലും പരമാവധി താപനില 31.7 ഡിഗ്രി രേഖപ്പെടുത്തി. ഡുനല്ലിയിൽ 31.4 ഡിഗ്രിയും, ഹോബാർട്ട് എയർപോർട്ടിൽ 31.2 ഉം, ബുഷി പാർക്കിൽ 31.1 ഡിഗ്രിയും ചൂട് ഉയർന്നു. വെസ്റ്റ് കോസ്റ്റിലെ സ്ട്രഹാനിൽ ഉച്ചയോടെ 30.7 ഡിഗ്രി രേഖപ്പെടുത്തി. ലോൺസെസ്റ്റൺ എയർപോർട്ടിൽ കഴിഞ്ഞ 22 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന ഒക്ടോബർ ചൂടായ 28 ഡിഗ്രിയാണ് ഇത്തവണ രേഖപ്പെടുത്തിയത്. സ്ട്രഹാനിലും ഡുനല്ലിയിലും യഥാക്രമം 38-ഉം 14-ഉം വർഷങ്ങൾക്കിടയിലെ മൂന്നാമത്തെ ഏറ്റവും ചൂടേറിയ ഒക്ടോബർ ദിനമായി ഇത് മാറി. ഒപ്പം ഹോബാർട്ടിൽ മണിക്കൂറിൽ 61 കിലോമീറ്റർ വേഗതയിലും കുനാൻയി/മൗണ്ട് വെല്ലിംഗ്ടണിൽ 80 കിലോമീറ്റർ വേഗതയിലും ശക്തമായ കാറ്റും വീശിയടിച്ചു.

ടാസ്മാനിയയുടെ കിഴക്കൻ തീരപ്രദേശങ്ങളിൽ (സെന്റ് ഹെലൻസ് ഉൾപ്പെടെ) ബ്യൂറോ ഓഫ് മെറ്റീരിയോളജി കനത്ത ഉഷ്ണതരംഗമുന്നറിയിപ്പ് പുറപ്പെടുവിച്ചിട്ടുണ്ട്. എന്നാൽ തെക്കുകിഴക്കൻ മേഖലകളിലെ ചൂട് മുന്നറിയിപ്പ് പരിധിയിൽ നിന്ന് താഴേക്ക് പോയതിനാൽ അവിടെയുള്ള ജാഗ്രത പിൻവലിച്ചു. വെള്ളിയാഴ്ച ഹോബാർട്ടിൽ പരമാവധി താപനില 30 ഡിഗ്രി വരെ ഉയരുമെങ്കിലും ഉച്ചകഴിഞ്ഞ് മഴയ്ക്ക് 80 ശതമാനം സാധ്യതയുണ്ട്. ശനിയാഴ്ചയോടെ താപനില കുത്തനെ 21 ഡിഗ്രിയിലേക്ക് താഴുമെന്നും ശക്തമായ മഴ പെയ്യുമെന്നും കാലാവസ്ഥാ കേന്ദ്രം പ്രവചിക്കുന്നു.

Metro Australia
maustralia.com.au