

ഹോബാർട്ടിലെ പ്രശസ്തമായ 'ദി ഫ്രണ്ട്സ് സ്കൂൾ' (The Friends’ School) ഷോപ്പിൽ മാനേജരായി ജോലി ചെയ്തിരുന്ന ക്രിസ്റ്റി ആൻ പോട്ടർ (49), അഞ്ച് വർഷത്തിനിടെ 33,000 ഡോളറിലധികം (ഏകദേശം 28 ലക്ഷം രൂപ) തട്ടിയെടുത്ത കേസിൽ ശിക്ഷിക്കപ്പെട്ടു. വ്യാജ റീഫണ്ട് രേഖകൾ ചമച്ച് പണം സ്വന്തം അക്കൗണ്ടിലേക്ക് മാറ്റിയാണ് ഇവർ തട്ടിപ്പ് നടത്തിയത്. ഹോബാർട്ട് സുപ്രീം കോടതി ഇവരെ 15 മാസത്തെ വീട്ടുതടങ്കലിന് (Home Detention) ശിക്ഷിച്ചു. 2018 ഫെബ്രുവരി മുതൽ 2023 ഫെബ്രുവരി വരെയുള്ള കാലയളവിൽ 170 തവണയായാണ് ഇവർ പണം തട്ടിച്ചത്.
സ്കൂളിലെ സാമ്പത്തിക ഇടപാടുകൾ നിരീക്ഷിക്കുന്ന ഏജൻസി 14 സംശയാസ്പദമായ ഇടപാടുകൾ കണ്ടെത്തിയതോടെയാണ് തട്ടിപ്പ് പുറത്തായത്. തുടർന്ന് സ്കൂൾ അധികൃതർ നടത്തിയ വിശദമായ പരിശോധനയിൽ 156 വ്യാജ ഇടപാടുകൾ കൂടി കണ്ടെത്തുകയായിരുന്നു. 2007 മുതൽ സ്കൂളിൽ ജോലി ചെയ്തിരുന്ന പോട്ടർ, ഷോപ്പിന് മുകളിലുള്ള സ്കൂളിന്റെ തന്നെ സബ്‌സിഡി ഫ്ലാറ്റിലായിരുന്നു താമസിച്ചിരുന്നത്. തട്ടിപ്പ് പിടിക്കപ്പെട്ടതോടെ ഇവർ ജോലിയിൽ നിന്ന് രാജിവെക്കുകയും കുറച്ചു പണം തിരികെ നൽകുകയും ചെയ്തിരുന്നു.
വിശ്വാസവഞ്ചനയിലൂടെ നടത്തിയ ഈ തട്ടിപ്പ് അതീവ ഗൗരവകരമാണെന്ന് ജസ്റ്റിസ് സ്റ്റീഫൻ എസ്റ്റ്കോർട്ട് നിരീക്ഷിച്ചു. ശിക്ഷാകാലയളവിൽ ഇവർ ഇലക്ട്രോണിക് മോണിറ്ററിംഗ് ഉപകരണം ധരിക്കണമെന്നും കമ്മ്യൂണിറ്റി കറക്ഷൻസ് വിഭാഗത്തിൽ റിപ്പോർട്ട് ചെയ്യണമെന്നും കോടതി ഉത്തരവിട്ടു. കൂടാതെ, സ്കൂളിനും ഇൻഷുറൻസ് കമ്പനിക്കും നഷ്ടപരിഹാരം നൽകാനും കോടതി നിർദ്ദേശിച്ചു. സമാനമായ തട്ടിപ്പുകൾ തടയുന്നതിന് ഈ ശിക്ഷ ഒരു മുന്നറിയിപ്പാകണമെന്നും കോടതി വ്യക്തമാക്കി.