
ഹൊബാർട്ട്: ടാസ്മാനിയയിലെ ട്രെയിന്‍ പ്രേമികൾക്ക് ഇതാ ഒരു സന്തോഷവാർത്ത. മുൻ ഹൊബാർട്ട് റെയിൽവേ ലൈനിന്റെ ഉപയോഗശൂന്യമായ ഒരു ഭാഗത്ത് യാത്രാ സേവനങ്ങൾ വ്യാപിപ്പിക്കുന്നതിന് ടാസ്മാനിയൻ ഹെറിറ്റേജ് റെയിൽവേക്ക് അംഗീകാരം കിട്ടി. ഇതോടെ ഹോബാർട്ടിന്റെ വടക്കൻ പ്രാന്തപ്രദേശങ്ങളിലൂടെ ബെറിഡേലിലേക്ക് ട്രാക്ക് വിപുലീകരിച്ച് പൈതൃക ട്രെയിനുകൾ ഓടിക്കാനുള്ള അനുവാദമാണ് റെയിൽവേയ്ക്ക് ലഭിച്ചിരിക്കുന്നത്.
2021 ഫെബ്രുവരി മുതൽ ഗ്ലെനോർക്കിയിലെ എൽവിക്ക് റോഡിനും ചിഗ്‌വെല്ലിലെ മെന്റ്‌മോർ സ്ട്രീറ്റിനും ഇടയിൽ മ്യൂസിയം ഈ റെയിൽ കോറിഡോർ പ്രവർത്തിപ്പിക്കുന്നു.2023 പകുതിയോടെ എൽവിക്ക് റോഡിനും ഗ്രോവ് റോഡിനും ഇടയിൽ സർവീസുകൾ ആരംഭിച്ചു. ബെറിഡേൽ റോഡിലേക്കുള്ള വിപുലീകരണം ഹോബാർട്ടിന്റെ വടക്കൻ കോറിഡോറിലൂടെ സവിശേഷമായ രു പൈതൃക ട്രെയിൻ യാത്രാനുഭവം സന്ദർശകർക്ക് നൽകും. കൂടാതെ, ഗ്ലെനോർക്കിയിൽ ടൂറിസം വർദ്ധിപ്പിക്കുമെന്ന് മ്യൂസിയം ഉദ്യോഗസ്ഥർ പ്രതീക്ഷിക്കുന്നു.
ബെറിഡേലിലേക്കുള്ള ആദ്യ പൊതു യാത്രാ സർവീസുകൾ ഡിസംബർ അവസാനമോ ജനുവരി ആദ്യമോ ആരംഭിക്കുന്ന വിധത്തിലാണ് ക്രമീകരണങ്ങള്‍. നവംബർ മുതൽ, വടക്കൻ പ്രാന്തപ്രദേശങ്ങളിലെ താമസക്കാർക്ക് ക്രൂ പരിശീലനം ആരംഭിക്കുന്നതോടെ കോറിഡോറിൽ കൂടുതൽ ട്രെയിനുകൾ കാണാം. ഗ്രോവ് റോഡിലും റിവർവേ റോഡിലും ലെവൽ ക്രോസിംഗുകൾ പ്രവർത്തനസമയത്ത് ട്രാഫിക് കൺട്രോളർമാർ നിയന്ത്രിക്കും. പൈകൃക ട്രെയിനിലെ യാത്ര സുഖകരമാക്കാൻ 400-ലധികം സ്ലീപ്പറുകൾ മാറ്റിസ്ഥാപിച്ച് വിപുലമായ ട്രാക്ക് പുനരുദ്ധാരണ പ്രവർത്തനങ്ങൾ ഇതിനോടകം പൂർത്തിയാക്കിയിട്ടുണ്ട്.