ഭവനപ്രതിസന്ധിക്ക് പരിഹാരം; പുതിയ എയർബിഎൻബി വീടുകൾക്ക് വിലക്കേർപ്പെടുത്താൻ ഹോബാർട്ട് കൗൺസിൽ

നഗരത്തിലെ ഇന്നർ റെസിഡൻഷ്യൽ, ജനറൽ റെസിഡൻഷ്യൽ, ലോ ഡെൻസിറ്റി റെസിഡൻഷ്യൽ മേഖലകളെ ലക്ഷ്യമിട്ടാണ് ഈ മാറ്റം കൊണ്ടുവരുന്നത്
Home
ഭവനപ്രതിസന്ധിക്ക് പരിഹാരംPaddy Pohlod/ Unsplash
Published on

ഹോബാർട്ട്: ഓസ്‌ട്രേലിയയെ പിടിച്ചുലയ്ക്കുന്ന ഭവനപ്രതിസന്ധിക്ക് പരിഹാരം കാണുന്നതിനായി നഗരപ്രാന്തങ്ങളിൽ പുതിയ ഹോൾ-ഹോം (മുഴുവൻ വീടും വിട്ടുനൽകുന്ന രീതി) ഹ്രസ്വകാല വാടക സംവിധാനങ്ങൾക്ക് വിലക്കേർപ്പെടുത്തുന്ന രാജ്യത്തെ ആദ്യ നഗരങ്ങളിലൊന്നായി മാറാൻ ഹോബാർട്ട് ഒരുങ്ങുന്നു. ഇത് സംബന്ധിച്ച പുതിയ ആസൂത്രണ ഭേദഗതിക്ക് 2026 ജൂൺ 10-ന് ഹോബാർട്ട് സിറ്റി പ്ലാനിങ് അതോറിറ്റി അംഗീകാരം നൽകി.

നഗരത്തിലെ ഇന്നർ റെസിഡൻഷ്യൽ, ജനറൽ റെസിഡൻഷ്യൽ, ലോ ഡെൻസിറ്റി റെസിഡൻഷ്യൽ മേഖലകളെ ലക്ഷ്യമിട്ടാണ് ഈ മാറ്റം കൊണ്ടുവരുന്നത്. എന്നാൽ, വാണിജ്യ-മിക്സഡ് ആവശ്യങ്ങൾക്കുള്ള പ്രദേശങ്ങളെയോ, ഇതിനകം സ്വന്തമായി പ്രത്യേക നിയമങ്ങളുള്ള 'ബാറ്ററി പോയിന്റ്' എന്ന സബർബിനെയോ ഈ പുതിയ നിയന്ത്രണം ബാധിക്കില്ല. നിലവിൽ നിയമപരമായി പ്രവർത്തിക്കുന്ന ഹ്രസ്വകാല താമസസൗകര്യങ്ങൾക്കും, വീടുടമസ്ഥർ ഒപ്പം താമസിച്ച് മുറികൾ മാത്രം വാടകയ്ക്ക് നൽകുന്ന 'ഹോസ്റ്റഡ് സ്റ്റേ' സംവിധാനങ്ങൾക്കും പുതിയ നിയമത്തിൽ ഇളവുണ്ടാകും.

പ്രാദേശികമായി ദീർഘകാലത്തേക്ക് വാടകയ്ക്ക് നൽകേണ്ടിയിരുന്ന നിരവധി വീടുകൾ വിനോദസഞ്ചാരികൾക്കായി ഹ്രസ്വകാലത്തേക്ക് മാറ്റിയതാണ് കടുത്ത വാടകക്കയറ്റത്തിനും തദ്ദേശവാസികൾ നഗരത്തിൽ നിന്ന് പുറത്താക്കപ്പെടുന്നതിനും കാരണമായതെന്ന് കൗൺസിൽ ചൂണ്ടിക്കാണിക്കുന്നു. നിലവിൽ ഓസ്‌ട്രേലിയയിൽ തന്നെ ഏറ്റവും കൂടുതൽ ഹ്രസ്വകാല വാടകവീടുകളുള്ള നഗരങ്ങളിലൊന്നാണ് ഹോബാർട്ട്. ഇവിടുത്തെ സ്വകാര്യ വാടക വിപണിയുടെ 8.8 ശതമാനവും ഇത്തരം ഹ്രസ്വകാല താമസസൗകര്യങ്ങളാണ്. ഇത് സിഡ്‌നിയേക്കാൾ നാലിരട്ടിയും മെൽബണിന്റെ ഇരട്ടിയുമാണ്.

നഗരത്തിലെ വാടക ഒഴിവ് നിരക്ക് ( വെറും 0.5% മുതൽ 0.7% വരെ മാത്രമായി ചുരുങ്ങിയിരിക്കുകയാണെന്നും, ഏകദേശം 840-ലധികം മുഴുവൻ വീടുകൾ ഇത്തരത്തിൽ വിനോദസഞ്ചാരികൾക്കായി മാറ്റിവെച്ചിട്ടുണ്ടെന്നും ലോർഡ് മേയർ അന്ന റെയ്‌നാൾഡ്‌സ് പറഞ്ഞു. കൗൺസിലിന്റെ കണക്കുകൾ പ്രകാരം ഇത്തരമൊരു വീട് ദീർഘകാല വാടകക്കാർക്കോ ഉടമസ്ഥർക്കോ നൽകുന്നത് വഴി ഏകദേശം 298,000 ഡോളറിന്റെ സാമൂഹിക നേട്ടം സമൂഹത്തിനുണ്ടാകും. സിഡ്‌നി സർവ്വകലാശാലയിലെ പ്രൊഫസർ പീറ്റർ ഫിബ്സിന്റെ ഗവേഷണങ്ങളുടെ അടിസ്ഥാനത്തിലാണ് ഈ പുതിയ ഭേദഗതി. കൗൺസിൽ മുൻപ് രണ്ട് തവണ ഈ നിയമം കൊണ്ടുവരാൻ ശ്രമിച്ചിരുന്നെങ്കിലും പൊതുജനങ്ങളുമായി കൂടിയാലോചന നടത്താത്തതിനാൽ ടാസ്മാനിയൻ പ്ലാനിങ് കമ്മീഷൻ അത് തള്ളിക്കളഞ്ഞിരുന്നു. പുതിയ ഭേദഗതി ഇനി 28 ദിവസത്തേക്ക് പൊതുജനങ്ങളുടെ അഭിപ്രായ പ്രകടനത്തിനായി മാറ്റിവെക്കും.

Metro Australia
maustralia.com.au